KeralaLatest

ചരിത്രനേട്ടവുമായി തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്

“Manju”

വി.എം.സുരേഷ് കുമാർ,

 

വടകര: 2019-20 വര്‍ഷത്തെ പദ്ധതി നടത്തിപ്പില്‍ ജില്ലയില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് ഒന്നാം സ്ഥാനം. ഇതോടൊപ്പം സംസ്ഥാന തലത്തില്‍ പതിനാലാം സ്ഥാനവും നേടി മിന്നും തിളക്കം കൈവരിച്ചു. പദ്ധതി വിഹിതത്തിന്റെ 98 ശതമാനവും ചെലവഴിച്ചാണ് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.

ചിട്ടയായ ആസൂത്രണം, ഭരണ സമിതിയുടെ കര്‍ശനമായ മേല്‍നോട്ടം, പദ്ധതി നിര്‍വ്വഹണത്തില്‍ ഉദ്യോഗസ്ഥര്‍ കാണിച്ച ആത്മാര്‍ഥ സമീപനം, കൃത്യമായ ഇടവേളകളില്‍ നടത്തിയ പദ്ധതി പുരോഗതി അവലോകനങ്ങള്‍, ജീവനക്കാരുടെയും ഭരണ സമിതി അംഗങ്ങളുടെയും പിന്തുണ എന്നിവയിലൂടെയാണ് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അഭിമാനാര്‍ഹമായ ഈ നേട്ടം കൈവരിച്ചത്. ഈ വര്‍ഷം ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നേടിയതിനൊപ്പം് ഈ നേട്ടം മറ്റൊരു പൊന്‍ തൂവലാണ്.
സ്ത്രീകളെ സാമൂഹിക, സാമ്പത്തിക സാംസ്‌കാരിക മാനസിക തലത്തില്‍ ഉയര്‍ത്തി കൊണ്ടുവരിക, സ്ത്രീകള്‍ക്കെതിരെയുള്ള നീതി നിഷേധങ്ങള്‍ , അതിക്രമങ്ങള്‍ എന്നിവ ഇല്ലാതാക്കുക എന്നീ ഉദ്ദേശത്തോടെ: ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീ സമത്വവും സ്ത്രീ ശാക്തീകരണവും ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് ബ്ലോക്കിനു കീഴിലുള്ള സ്ത്രീകളുടെ ഉയര്‍ച്ചയ്ക്കായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ജന്‍ഡര്‍ ഡസ്‌ക്. കൂടാതെ ഗ്രൂപ്പുകള്‍ക്ക് നെല്ല് സംസ്‌കരണ യൂണിറ്റ്, സി.എച്ച്.സി.യില്‍ ഈവനിംഗ് ഒ.പി, വൃക്കരോഗ നിര്‍ണയ ക്യാമ്പ്, ഷീ പാഡ് പദ്ധതി, ഖാദി ഉല്‍പാദന യൂണിറ്റുകള്‍ക്ക് നെയ്ത്ത് അനുബന്ധ ഉപകരണങ്ങള്‍, തുടര്‍ സാക്ഷരത പഠിതാക്കള്‍ക്ക് ഫീസ് ആനുകൂല്യം, ലൈഫ് പദ്ധതി, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഓട്ടിസം സെന്ററിന് തെറാപ്പി ഉപകരണങ്ങള്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ , പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് പഠന മുറി, വ്യവസായ ഉല്‍പാദന വിതരണ കേന്ദ്രം തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനത്തിന് ഉതകുന്ന പദ്ധതികളാണ് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ബി.ഡി.ഒ. ഉള്‍പ്പെടെയുള്ള എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഭരണ സമിതി യോഗം അഭിനന്ദിച്ചു.

നടപ്പു വര്‍ഷത്തില്‍ വിശപ്പുരഹിത തോടന്നൂര്‍, സ്‌ക്കൂളുകളില്‍ പച്ചക്കറി കൃഷി, തോടന്നൂര്‍ ഫെസ്റ്റ് 2020 തുടങ്ങിയ നൂതന പദ്ധതികളും നടപ്പിലാക്കി വരുന്നു.

Related Articles

Back to top button