KeralaLatest

ഭിന്നിപ്പിന്റെ വിഷവിത്തുകൾ കേന്ദ്ര സർക്കാർ പാകുന്നു : കെ എം ഷാജി എം എൽ എ

“Manju”

പ്രജീഷ് വള്ള്യായി

രാജ്യത്ത് ഭിന്നിപ്പിന്റെ വിഷവിത്തുകൾ പാകുന്നതിന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ്‌ കോവിഡ് മഹാമാരി എത്തിയത്.

രാജ്യം ഒറ്റക്കെട്ടായി ഒരു മഹാമാരിയെ നേരിടേണ്ടുന്ന സമയത്ത് “ഡിവീസീവ്” രാഷ്ട്രീയം മാറ്റിവെച്ച് ”ഇൻക്ലൂസിവ് ” രാഷ്ട്രീയം പറയുന്നതാണ് ഒരു ജനാധിപത്യ, മതേതര സർക്കാരിൽ നിന്നും അവിടെയുള്ള പൗരന്മാർ പ്രതീക്ഷിക്കുന്നത്.

എന്നാൽ, ആ ഘട്ടത്തിൽ പോലും വെറുപ്പിന്റെ രാഷ്ട്രീയം പടർത്താൻ യോഗി ആദിത്യനാഥിനെ പോലെയുള്ള ബി ജെ പി മുഖ്യമന്ത്രിമാരും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ മറ്റ്‌ നേതാക്കന്മാരും ശ്രമിക്കുന്ന കാഴ്ച ഈ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ, മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്നവരെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഈ ദുരന്താവസ്ഥയെ പോലും വെറുപ്പ് പ്രചരിപ്പിച്ചു ഒരു പ്രത്യേക സമുദായത്തെ അരികുവൽക്കരിക്കാൻ വേണ്ടിയുളള സുവർണാവസരമായി ആണ് ഫാസിസ്റ്റു ശക്തികൾ കാണുന്നത്!

ഒരു ഭാഗത്ത് ഉത്തർപ്രദേശിലെ കോവിഡ് ഹോട് സ്പോട്ടുകൾക്ക് മുസ്ലിം പള്ളികളുടെ പേരുകൾ നൽകി കൊണ്ടുള്ള വിദ്വേഷ പ്രചാരണം യോഗി ആദിത്യനാഥ് നടത്തുമ്പോൾ, മറുഭാഗത്ത് ഈ കോവിഡ് ഭീതിയുടെ മറവിൽ സി എ എ വിരുദ്ധ സമരത്തിൽ പങ്കെടുത്ത മുസ്ലിം സ്വത്വം പേറുന്ന പോരാളികളെ യു എ പി എ പോലെയുള്ള കരിനിയമങ്ങൾ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് ജയിലറകളിലേക്ക് തള്ളുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.

സി എ എ അനുകൂല പ്രകടനങ്ങളുടെ മറവിൽ ഡൽഹിയിൽ നടമാടിയ വംശീയ ഉന്മൂലന കലാപത്തിന് നേത്രത്വം നൽകിയ ഫാസിസ്റ്റുകൾക്കെതിരെ ചെറുവിരൽ അനക്കാത്ത കേന്ദ്ര സർക്കാർ, സഫൂറ സർഗാർ എന്ന ഗർഭിണി കൂടി ആയ ജാമിയ മില്ലിയ വിദ്യാർത്ഥിനിയെ സി എ എ വിരുദ്ധ സമരത്തിന്റെ പേരിൽ കരിനിയമങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നതും ഈ കോവിഡ് കാലഘട്ടത്തിലാണ്!!

കോവിഡാനന്തര ഭാരതം കെട്ടിപ്പടുക്കുവാൻ ഈ രാജ്യത്തിലെ എല്ലാവരെയും കൂടെ നിർത്തി, സാമ്പത്തിക മേഖലയിലും മറ്റുമുള്ള വിദഗ്ധരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ച് നടുവൊടിഞ്ഞു കിടക്കുന്ന പാവപ്പെട്ടവനെ ചേർത്ത് പിടിച്ചു ഈ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥിതിയെ നേരെ നിർത്താൻ ബാധ്യതപ്പെട്ട സർക്കാർ ഈ ദുരവസ്ഥയിലും പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരാനാണ് ശ്രമിക്കുന്നത്.

ഏറ്റവും അവസാനമായി പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടിയ നടപടി അത്തരത്തിലുള്ളതാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് ഏറ്റവും കുറഞ്ഞ വിലയുള്ള ഈ സമയത്ത് ആ വിലക്കുറവിന്റെ ആനുകൂല്യം ഇന്ധന വില കുറച്ചു കൊണ്ട് സാധാരണക്കാർക്ക് എത്തിച്ചു കൊടുക്കുന്നില്ല എന്ന് മാത്രമല്ല എണ്ണ കമ്പനികളുടെ മേൽ ചുമത്തിയ ഈ അധിക നികുതി അവസാനം ജനങ്ങളിലേക്ക് തന്നെ എത്തിച്ചേരുന്ന ഒരു സ്ഥിതിയാണ് സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്;
പ്രത്യേകിച്ചും ഇന്ധന വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്കുള്ളിടത്തോളം.

ഒരു നേരം ഭക്ഷണം കഴിക്കുന്നത് പോലും ആർഭാഢമായി കരുതുന്ന കോടിക്കണക്കിന് പട്ടിണിപ്പാവങ്ങളുള്ള ഈ രാജ്യത്ത് കോവിഡാനന്തര ഇന്ത്യയുടെ നിർമാണത്തിന് വെറുപ്പിന്റെ രാഷ്ട്രീയവും ‘ഡിവീസീവ്” അജണ്ടകളും മാറ്റി വെക്കണം;
സി എ എ നിയമവും എൻ ആർ സി നടപടികളും പിൻവലിക്കാനും തയ്യാറാകണം.

എല്ലാവരെയും ചേർത്തുപിടിച്ച് കൊണ്ട് ഈ നാടിനെ പുനർ നിർമിക്കേണ്ട ഈ സമയത്തും ഇവിടെ വെറുപ്പിന്റെയും, വിദ്വേഷത്തിന്റെയും, അപരവത്കരണത്തിന്റെയും അജണ്ടകളുമായി മുന്നോട്ട് പോകാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ ഈ രാജ്യം നിങ്ങളെ ചരിത്രത്തിന്റെ ചവറ്റുകൂട്ടയിലേക്ക് വലിച്ചെറിയുന്ന കാലം വിദൂരമല്ല

 

Related Articles

Back to top button