Kerala

ഭക്തർക്കെത്താനാകാതെ പറശ്ശിനിക്കടവ് മുത്തപ്പൻ സന്നിധി

“Manju”

ഹർഷദ് ലാൽ തലശ്ശേരി

പറശ്ശിനിക്കടവ് : പരാതിയും പ്രാർഥനകളുമായി നാനാദേശങ്ങളിൽനിന്നുള്ള ഭക്തജനങ്ങൾക്ക്‌ എത്തിച്ചേരാനാകാതെ കഴിഞ്ഞ 50 ദിവസത്തോളമായി വിജനമാണ്‌ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രസന്നിധി. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി നിത്യകർമമെന്ന രീതിയിൽ പയംകുറ്റി സമർപ്പണം മാത്രമാണ്‌ മടപ്പുരയിൽ ഇപ്പോൾ നടക്കുന്നത്‌.

പകൽ 12 മണിയോടെ മടയന്റെ പ്രതിനിധികളായ കർമികളാണ് ചടങ്ങ് മുടങ്ങാതെ നടത്തുന്നത്.

കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനായി മാർച്ച് 21 മുതലാണ് ക്ഷേത്രത്തിലേക്കുള്ള ഭക്തജനങ്ങളുടെ ദർശനം പൂർണമായി തടഞ്ഞത്. ഇതിനും അഞ്ചുദിവസം മുൻപുതന്നെ ഗതാഗതപ്രശ്നം കാരണം തീർഥാടകരുടെ വരവിൽ തടസ്സം നേരിട്ടിരുന്നു. ക്ഷേത്രത്തിലേക്കുള്ള തീർഥാടകപ്രവാഹം നിലച്ചതോടെ ക്ഷേത്രപരിസരത്തെ 140 കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവരും ആയിരക്കണക്കിന് കുടുംബാംഗങ്ങളുമാണ് പൂർണമായി ദുരിതത്തിലായത്. കച്ചവട ആവശ്യാർഥവും മറ്റുമായി ധനകാര്യസ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകൾപോലും തിരിച്ചടയ്ക്കനാകാതെ വലിയ പ്രതിസന്ധിയിലാണ് വരുമാനമാർഗമേതുമില്ലാത്ത പറശ്ശിനി മടപ്പുര പരിസരത്തെ കച്ചവടസംഘം.

കഴിഞ്ഞ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടതിനെത്തുടർന്ന്‌ വായ്പകളെടുത്ത് കച്ചവടവും അതുവഴി ജീവിതവും കരുപ്പിടിപ്പിക്കുന്ന വ്യാപാരികൾക്ക് ഇരുട്ടടിയായിമാറി ലോക്ക്‌ഡൗൺ. പ്രദേശത്തെ 23-ലധികം ടൂറിസ്റ്റ് ഹോമുകളും അടച്ചുപൂട്ടി. ഇതിനെ ആശ്രയിക്കുന്ന എഴുപതോളം പേരുടെ ജീവിതവും വഴിമുട്ടി. മടപ്പുരയിലെ നിത്യനിദാനങ്ങൾക്ക് നേതൃത്വം നൽകുന്ന 150-ൽ പേരും ദുരിതത്തിലാണ്. ഊട്ടുപുര, പ്രസാദഹാൾ തുടങ്ങി വിവിധ തലങ്ങളിലുള്ളവരാണിവർ. അതുപോലെ ക്ഷേത്ര കോലധാരികളും വാദ്യസംഘക്കാരുമടക്കം 35 പേരും വരുമാനമില്ലാതെ പ്രയാസത്തിലാണ്.

മടപ്പുരയിലേക്കെത്തുന്ന തീർഥാടകരെ ആശ്രയിക്കുന്ന വഴിവാണിഭക്കാരും ഇതോടൊപ്പം ദുരിതത്തിലായി.
മടപ്പുരയെ ആശ്രയിച്ച് ജീവിക്കുന്ന ഭിക്ഷാടകരടക്കമുള്ള മുപ്പതോളം പേർക്ക് ആന്തൂർ നഗരസഭയുടെ കീഴിലുള്ള പറശ്ശിനിക്കടവ് ബസ്‌സ്റ്റാൻഡ്‌ പരിസരത്തുള്ള സത്രത്തിൽ ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. മുത്തപ്പൻ സന്നിധാനത്തെ സ്ഥിരസാന്നിധ്യങ്ങളായ നായ്ക്കളിൽ ഭൂരിഭാഗവും ഇപ്പോൾ സത്രത്തെ ചുറ്റിപ്പറ്റി കഴിയുന്നത് പറശ്ശിനിക്കടവിന്റെ മറ്റൊരു പ്രത്യേകതയാണ്.

 

Related Articles

Back to top button