KeralaLatest

ദോഹയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുളള വിമാനം നാളെ വൈകിട്ട് ഏഴിന് പുറപ്പെടും

“Manju”

ശ്രീജ എസ്

ദോഹ ∙ ഞായറാഴ്ച റദ്ദാക്കിയ ദോഹ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം ചൊവ്വാഴ്ച ദോഹയില്‍ നിന്ന് പുറപ്പെടും. പ്രാദേശിക സമയം വൈകിട്ട് 4.30നായിരിക്കും (ഇന്ത്യന്‍ സമയം 7.00) ദോഹയില്‍ നിന്ന് പുറപ്പെടുക ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.45 ഓടെ യാത്രക്കാരുമായി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.

സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസത്തെ യാത്ര റദ്ദാക്കിയതെന്നും നാളത്തെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാരെ ഇന്ന് അറിയിക്കുമെന്നും ദോഹയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചിട്ടുണ്ട്. എക്‌സിറ്റ് പെര്‍മിറ്റ് സംബന്ധിച്ച പ്രശ്‌നങ്ങളും യാത്രാ വിലക്കുമുള്ളവര്‍ക്ക് യാത്രക്ക് അനുമതിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച 44,000ത്തോളം പ്രവാസികളാണ് ഇന്ത്യന്‍ എംബസിയുടെ ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവരില്‍ നിന്ന് മുന്‍ഗണനാക്രമത്തിലാണ് യാത്രക്കാരുടെ പട്ടിക എംബസി തയ്യാറാക്കിയിരിക്കുന്നത്.

181 യാത്രക്കാരാണ് ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലുള്ളത്. ഇവരില്‍ ഗര്‍ഭിണികള്‍, രോഗികള്‍, അടിയന്തര ചികിത്സക്ക് നാട്ടിലേക്ക് പോകുന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരാണുള്ളത്. ഇന്നലെ യാത്ര റദ്ദായതിനെ തുടര്‍ന്ന് പത്തോളം യാത്രക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ അപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) ഹോട്ടലില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. താമസിച്ചിരുന്ന വീട് ഒഴിഞ്ഞ് കൊടുത്ത് യാത്രക്ക് തയ്യാറായി എത്തിയവര്‍ക്ക് വിമാനം റദ്ദാക്കിയ സാഹചര്യത്തില്‍ താമസസൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഐസിബിഎഫിന്റെ സഹായം ലഭിച്ചത്.

Related Articles

Back to top button