KeralaLatest

പ്രണമിക്കുന്നു ഞങ്ങളീദിനത്തില്‍..

“Manju”

പ്രണമിക്കുന്നു ഞങ്ങളീദിനത്തില്‍..
പോരാളികളാം ഭൂമിയിലെ മാലാഖമാര്‍ക്ക് മുന്നില്‍

വി.ബി.നന്ദകുമാര്‍
ന്യൂസ് എഡിറ്റര്‍

ഇന്ന് സൂര്യന്‍ ജ്വലിക്കുന്നത്, ഭൂമിയിലെ മാലാഖമാര്‍ക്ക് വേണ്ടിയാണ്. അതെ, ഇന്ന് നഴ്‌സുമാരുടെ ദിനം. International Nurses Day . കട്ടിയുള്ള മാസ്‌ക്ക് വരിഞ്ഞ് മുറുക്കികെട്ടിയ മുഖത്ത് ചുവന്ന് നീലിച്ച് ചതഞ്ഞ പാടും ഉറക്കത്തെ ബോധപൂര്‍വ്വം ആട്ടിപായിച്ചതിനാല്‍ ക്ഷീണിച്ച ചുവന്ന് കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന നഴ്‌സ് സഹോദരിയുടെ മുഖമാണ് ഈ ദിവസം നമ്മുടെ മനസ്സില്‍ തെളിഞ്ഞ് വരുന്ന ദൃശ്യം. ഒരുപക്ഷേ ഈ ദൃശ്യം നമ്മുടെ മനസാക്ഷിയെ വേട്ടയാടുകയാണെന്ന് പറയാം. ഈ കൊറോണകാലത്തെ ഏറ്റവും ശക്തമായ, മനുഷ്യമനസുകളില്‍ അനവധി വികാരങ്ങള്‍ കോരിനിറച്ച സ്വയം സംസാരിക്കുന്ന ദൃശ്യം. ഒരുമുഖമല്ല ഒരായിരം മുഖങ്ങളാണ് ഇത്തരത്തില്‍ ദിവസവും ലോകമെമ്പാടും തെളിയുന്നത്. ….ഭൂമിയിലെ മാലാഖമാര്‍… നേഴ്സ്മാര്‍… ‘എല്ലാ ദിവസവും അപരിചിതരുടെ ജിവനുവേണ്ടി രാപകല്‍ ഇല്ലാതെ ജോലി ചെയ്യുന്നവര്‍. ഒരു ദിവസംപോലും നേരായ നേരത്ത് ആഹാരം കഴിക്കാതെ മറ്റുളളവരെ ആഹാരം കഴിപ്പിച്ചും,മരുന്ന് കൊടുക്കുകയും ചെയ്യുന്നവര്‍. കാണുന്ന എല്ലാം രോഗികളെയും ഒരു നിമിഷം സ്വന്തം മാതാപിതാക്കാന്മാരായും,സ്വന്തം കുടപിറപ്പുകള്‍ ആയുംകാണുന്നവര്‍. അവധി ദിവസവും,ആഘോഷങ്ങളും മറന്നു പോകുന്നവര്‍. ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ മറ്റുളളവര്‍ക്ക് വേണ്ടി ഉണര്‍ന്നിരിക്കുന്നവര്‍. അല്ല ലോകംമുഴുവന്‍ ഒരു കുഞ്ഞന്‍ വൈറസിനെ ഭയന്ന് ഉള്‍വലിഞ്ഞ് വീടിനുള്ളില്‍ അടച്ചിരിക്കുമ്പോള്‍. പടച്ചട്ടയണിഞ്ഞ് അതിനെതിരെ രാപ്പകലില്ലാതെ പോരാടുന്നവര്‍. നഴ്‌സുമാര്‍. പിപിഇ കിറ്റ് എന്ന പടച്ചട്ട ധരിച്ച് പരിപൂര്‍ണ സുരക്ഷിതത്വത്തോടെയാണ് രോഗികളുടെ അടുക്കല്‍ പോകുന്നതെങ്കിലും ഇവരുടെ മനസ്സില്‍, ഇതുസുരക്ഷിതമോ? എന്ന ആശങ്ക നിലനില്‍ക്കും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ കൊറോണ ബാധിച്ച നഴ്സ് രേഷ്മ. ഈചിന്തയായിരിക്കും നഴ്‌സുമാരില്‍ ഉണ്ടാക്കിയത്. കൊല്ലം സ്വദേശിയായ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രി നഴ്സ് സ്റ്റെഫിന്‍…പറഞ്ഞതിങ്ങയാണ്… ചിലപ്പോഴൊക്കെ കോട്ടയത്തെ നഴ്സിനെ കൊറോണ ബാധിച്ച കാര്യം ഓര്‍മ വരും….ഇനി ജീവിച്ചിരിക്കുമോ മരിച്ചുപോവുമോ എന്നൊക്കെ തോന്നിപ്പോവും. ഭക്ഷണം കഴിക്കാനോ സ്വന്തം ആരോഗ്യം പരിപാലിക്കാനോ ഒന്നും തോന്നില്ല. 7 വയസുകാരി മകള്‍ എന്നെ കാണാന്‍ കാത്തിരിക്കുകയാണ്. ഇടക്കൊക്കെ അവള്‍ വിളിക്കമ്പോള്‍, അമ്മയെകാണണം എന്ന് കരച്ചില്‍ കേള്‍ക്കുമ്പോള്‍, മനസ്സില്‍ ഒരുതരം പിടച്ചിലാണ്. അവളുടെകൂടെ ജീവിച്ചു കൊതി തീര്‍ന്നിട്ടില്ല. ഈ വാക്കുകള്‍ ഏതുമനസ്സിനെയാണ് ആര്‍ദ്രമാക്കാത്തത്. ഇത്തരത്തില്‍ സ്വന്തം കുഞ്ഞുങ്ങളെ ഒരുനോക്കുകാണാതെ സമയത്തിന് ഭക്ഷണം കഴിക്കാനാകാതെ എത്രയെത്ര മാലാഖമാരാണ് നമുക്ക് വേണ്ടി പണിയെടുക്കുന്നതെന്ന് നാം ഓര്‍ക്കാതെ പോകരുത്. നിപ കാലത്തെ ആര്‍ദ്രമായ ഓര്‍മയാണ് ലിനിയെന്ന നഴ്സ്.

ഈ കാലവും കഴിഞ്ഞു പോകും. ഇവരുടെ ത്യാഗതണലില്‍ നമ്മള്‍ അതിജീവിക്കും. നഴ്സുമാര്‍ മാലാഖമാരാണെന്ന് നിപയ്ക്ക് ശേഷം നമ്മള്‍ മലയാളികള്‍ അറിഞ്ഞു. കോവിഡ് കാലത്തും ഇതാണനുഭവം. അഭിമാനത്തോടെതന്നെ നമുക്കീവാക്ക് ഉച്ചരിക്കാം. നഴ്‌സുമാര്‍ ഭൂമിയിലെ മാലാഖമാര്‍.
കോവിഡ് ശേഷവും അത് അങ്ങനെതന്നെയാകണം. സമൂഹം ആരോഗ്യ പ്രവര്‍ത്തകരുടെ സംഭാവനകള്‍ എന്നും ഓര്‍ത്തിരിക്കണം. നമ്മള്‍ ചിലരുടെ മനസ്സുകളിലെങ്കിലും ഉറപ്പിച്ച് വച്ചിരിക്കുന്ന ധാരണകള്‍ പുഴുത്കളയേണ്ട സമയമാണിത്. ‘ഇതെല്ലാം കഴിഞ്ഞു നമ്മുടെ സമൂഹത്തിലോട്ടു ഇറങ്ങുമ്പോള്‍ എന്തൊക്കെ പറഞ്ഞാലും നേഴ്സ് അല്ലെ എന്ന പരിഹാസവും സഹിക്കേണ്ടിവരല്ല നഴ്‌സുമാര്‍
”ഒരിക്കല്‍ നമ്മുടെ ജിവന് കുട്ടിരിക്കാന്‍ ഒരു നേഴ്സ് മാത്രമേ കാണു, അവസാനം വൃത്തിയോടെ വെളളതുണിയില്‍ പൊതിഞ്ഞു കെട്ടാനും”…
ഈ സ്‌നേഹ മനസ്സുകള്‍ക്ക് മുന്നില്‍ ശാന്തിഗിരിന്യൂസ് പ്രണാമം അര്‍പ്പിക്കുന്നു. സഹോദരിമാരെ നിങ്ങള്‍ക്ക് ഞങ്ങളുടെ നന്ദിയില്‍ കുതിര്‍ത്ത വന്ദനം.

Related Articles

Back to top button