IndiaKeralaLatest

കോവിഡ് കാലത്ത് എ സി ട്രെയിനുമായി റെയില്‍വെ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് റെയില്‍വെ ഇന്നുമുതല്‍ സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ ഈ സ്‌പെഷ്യല്‍ ട്രെയിനുകളുടെ യാത്ര വലിയ ആശങ്കയായായി മാറുന്നു. കേരളത്തിലേക്ക് അടക്കം പുറപ്പെടുന്ന സ്‌പെഷല്‍ ട്രെയിനുകളിലെല്ലാം രാജധാനി മോഡല്‍ എ.സി കോച്ചുകളാണ്. ഇത്‌ കോവിഡ് രോഗവ്യാപനത്തിന് കാരണമാകുമോയെന്നാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്.
അതേസമയം താപനിയന്ത്രണത്തോടെയാണ് ട്രെയിന്‍ പുറപ്പെടുകയെന്നാണ് റെയില്‍വേ വിശദീകരിക്കുന്നത്.

ശീതീകരിച്ച ഊഷ്മാവില്‍ രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്ന് നേരത്തെ തന്നെ വൈറോളജി വിദഗ്ധരും ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൂര്‍ണമായും ശീതീകരിച്ച രാജധാനി എക്സ്പ്രസ് കേരളത്തിലേക്ക് അടക്കം പുറപ്പെടുന്നത്. ഇത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന വലിയ ആശങ്കയാണ് ആരോഗ്യവിദഗ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ ഉയര്‍ത്തുന്നത്. തുമ്മുകയോ, ചുമക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന ഡ്രോപ്പ്ലെറ്റുകളിലൂടെയാണ് വൈറസ് വ്യാപനം സംഭവിക്കുന്നത്.

കുറഞ്ഞ താപനിലയില്‍ ഇവ അന്തരീക്ഷത്തില്‍ നില്‍ക്കാനും കൂടുതല്‍ പേരിലേക്ക് എത്താനും സാധ്യതുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ രോഗബാധയുള്ളവര്‍ ട്രെയിനില്‍ പ്രവേശിച്ചാല്‍ മററുയാത്രക്കാര്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. .

മഹാമാരിയുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളില്‍ വെല്ലുവിളികളും പ്രയോജനവും അവലോകനം ചെയ്തുവേണം തീരുമാനെടുക്കാന്‍. ഇവിടെ പറയുന്ന പ്രയോജനം യാത്രക്കാരുടെ സൗകര്യമാണ്. എന്നാല്‍ വെല്ലുവിളി എന്ന് പറയുന്നത് അണുബാധയ്ക്കുളള കൂടിയ സാധ്യതയാണ്. വീടുകളില്‍ പോലും എസി ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ ഇടയ്ക്കിടക്ക് ജനലുകള്‍ തുറക്കണമെന്നാവശ്യപ്പെടുന്നുണ്ട്. നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ എസി റൂമുകള്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. മുറികളില്‍ വായുസഞ്ചാരം ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. അതിനാല്‍ ഇത്രയേറെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന യാത്രയില്‍ അണുബാധയുണ്ടാകുനള്ള സാധ്യത കൂടുതലാണ്. അശാസ്ത്രീയമായ തീരുമാനമാണിത്. ഇത്തകമൊരു സാഹചര്യത്തില്‍ യാത്രക്കാരുടെ സൗകര്യത്തേക്കാള്‍ വെല്ലുവിളിക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്.’ സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍ പറഞ്ഞു. .

എന്നാല്‍ താപനില നിയന്ത്രിക്കാനാവശ്യമായ സംവിധാനങ്ങള്‍ ട്രെയിനിലുണ്ടെന്നാണ് റെയില്‍വേ മന്ത്രാലയം അറിയിച്ചത്. കേന്ദ്രമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് യാത്രാക്കാരെ റെയില്‍വേ സ്റ്റേഷനില്‍ പ്രവേശിപ്പിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതെന്നുംറെയില്‍വേ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും അടച്ചിട്ട ട്രെയിനില്‍ താപനിയന്ത്രണം എത്രത്തോളം സാധ്യമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചോദിക്കുന്നു.

അതേസമയം തിരക്ക് കൂടുന്നതിന് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. തേഡ് എ.സി ടിക്കറ്റിന് 2500 മുതല്‍ 5000 രൂപവരെയാണ് നിരക്ക്. സാധാരണക്കാര്‍ക്ക് നിരക്ക് വര്‍ധനവ് താങ്ങാനാകുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Related Articles

Back to top button