KeralaLatest

ആദ്യ മരണത്തിനു സാക്ഷി; സാന്ത്വനമേകി ട്യൂണി

“Manju”

 

രജിലേഷ് കെ.എം.

കൊച്ചി : കേരളത്തിലെ ആദ്യ കോവിഡ്‌ മരണം മട്ടാഞ്ചേരി സ്വദേശി യാക്കൂബ്‌ സേട്ടിനെ വന്നുതൊട്ട നിമിഷം നിസഹായരായി ആ കിടക്കയ്‌ക്കരികില്‍ നിന്നവരില്‍ ട്യൂണി ആന്റണി എന്ന നഴ്‌സുമുണ്ടായിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ പങ്കെടുക്കുന്ന നിരവധി നഴ്‌സുമാരില്‍ ഒരാളാണ്‌ ഈ ആലുവ സ്വദേശിനി. 14 വര്‍ഷത്തെ നഴ്‌സിങ്‌ ജീവിതത്തിനിടെ, മരുന്നില്ലാത്ത രോഗത്തോടു പടവെട്ടി കഴിയുന്നവരെ തൊട്ടടുത്തു കാണുന്നത്‌ ഇതു രണ്ടാമത്തെ അനുഭവമാണ്‌. ആദ്യം നിപ, ഇപ്പോള്‍ കോവിഡ്‌ 19. നിപയേക്കാള്‍ തീവ്രമാണ്‌ കോവിഡ്‌ ഉയര്‍ത്തുന്ന അനിശ്‌ചിതത്വം.

ചൈനയില്‍നിന്നെത്തിയ വിദ്യാര്‍ഥികളിലാണ്‌ സംസ്‌ഥാനത്ത്‌ ആദ്യം കോവിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌-തൃശൂരില്‍. തൊട്ടുപിന്നാലെ ഇറ്റാലിയന്‍ സ്വദേശികള്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയതോടെ ഈ ആശുപത്രി കോവിഡ്‌ ചികിത്സയ്‌ക്കുള്ള കേന്ദ്രമായി മാറി.

ജനുവരി മുതല്‍ പല ഘട്ടങ്ങളിലായി 22 ദിവസത്തോളം കോവിഡ്‌ രോഗികളുമായി ഇടപഴകിയ ട്യൂണി ആന്റണി, പുഞ്ചിരിച്ചുകൊണ്ടു രോഗത്തെ നേരിട്ടവരേയും അടുത്തുകണ്ടു. ചിലര്‍ നിസഹായരായി, ഭക്ഷണംപോലും കഴിക്കാന്‍ കൂട്ടാക്കാതെ മരണം കാത്തുകിടക്കുന്ന അവസ്‌ഥയിലായിരുന്നു. മൂന്നാറില്‍നിന്നു നെടുമ്പാശേരി വഴി കടക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ്‌ ടൂറിസ്‌റ്റ്‌ സംഘം കോവിഡ്‌ ചികിത്സാ കാലഘട്ടത്തെ കൂസലില്ലാതെയാണു നേരിട്ടത്‌. അവര്‍ മരുന്നിനെപ്പറ്റിയും ഭക്ഷണത്തെക്കുറിച്ചും നിരന്തരം ചോദിച്ചുകൊണ്ടിരുന്നു.
ആശുപത്രിമെനുവില്‍നിന്ന്‌ വ്യതിചലിച്ച്‌ ഇഷ്‌ടഭക്ഷണം ആവശ്യപ്പെടുന്നവരായിരുന്നു അവര്‍. എല്ലാവരും രോഗവിമുക്‌തരായി മടങ്ങി. ആദ്യമരണം കൊണ്ടുവന്ന യാക്കൂബ്‌ സേട്ടിന്റെ ഭാര്യയും രണ്ടുമക്കളും കോവിഡ്‌ നെഗറ്റീവായി മടങ്ങിയപ്പോള്‍ ഊഷ്‌മളമായ യാത്രയയപ്പാണ്‌ നല്‍കിയത്‌. ശുശ്രൂഷാ ജീവിതത്തില്‍ അപൂര്‍വമായ അനുഭവമാണിത്‌.

ആദ്യസംഘത്തിലുണ്ടായിരുന്ന ഇറ്റാലിയന്‍ സ്വദേശിയായ മൂന്നുവയസുകാരന്റെ ഓമനത്തമുള്ള മുഖം മറക്കാന്‍ കഴിയില്ലെന്ന്‌ ട്യൂണി ആന്റണി. രക്ഷാകവചമായ പിപിഇ കിറ്റുകള്‍ എടുത്തണിഞ്ഞ്‌ നിത്യേന നാലുമണിക്കൂര്‍ വീതമാണ്‌ ഡ്യൂട്ടി. ഈ സീസണില്‍ ദിവസങ്ങളോളം പല ഷിഫ്‌റ്റുകളിലായി ഐസിയുവില്‍ സേവനമനുഷ്‌ഠിക്കുന്ന നഴ്‌സുമാര്‍ കിറ്റുകള്‍ക്കുള്ളില്‍ ശുദ്ധവായു കിട്ടാതെ വിയര്‍ത്തൊലിച്ചാണ്‌ ജോലി ചെയ്യുന്നത്‌. കിറ്റുധരിക്കാനും അഴിച്ചുമാറ്റാനും അരമണിക്കൂര്‍ വീതം സമയമെടുക്കും.

“കേരളത്തിലേക്ക്‌ കൂടുതല്‍ ആളുകള്‍ തിരിച്ചെത്തുമ്പോള്‍ കോവിഡ്‌ പ്രതിരോധസേനയില്‍ തുടരുന്നത്‌ അഭിമാനമായി കരുതുകയാണ്‌.”-ഇന്നലെ മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിയ ചെന്നൈ സ്വദേശിയായ അഞ്ചുവയസുകാരന്റെ കിടക്കയ്‌ക്കരികിലേക്കു പോകുംമുമ്പ്‌ ട്യൂണി ആന്റണി മംഗളത്തോട്‌ പറഞ്ഞു.

Related Articles

Back to top button