KeralaLatest

അസ്ഥികൂടം കണ്ടെത്തിയ സംഭവം അന്വേഷണം നിർണായക ഘട്ടത്തിലേക്ക്

“Manju”

വൈശാഖ്.ആർ

നെടുങ്കണ്ടം : മാവടി നാൽപതേക്കറിൽ പുരുഷ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സ്ഥലത്ത് കോട്ടയം മെഡിക്കൽ കോേളജിലെ പോലീസ് സർജന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. സ്പോട്ടിൽ നിന്ന് കത്തിയതും, ദ്രവിച്ചതുമായ ചാക്കിന്റെ അവശിഷ്ടം കണ്ടെത്തി. മൃതദേഹം ചാക്കിനുള്ളിൽ കയറ്റി, കമ്പികൊണ്ട് ചുറ്റിക്കെട്ടി കത്തിച്ചതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
സ്ഥലത്തെ മണ്ണ്, അസ്ഥികൂടം കെട്ടിയിട്ടിരുന്ന വൃക്ഷത്തിന്റെ ചുവട് ഭാഗത്തെ തൊലി എന്നിവ ശേഖരിച്ചു. അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തിന്റെ പ്രത്യേകത, മൃതദേഹം അഴുകിയ സമയം, മൃതദേഹം മറ്റെവിടുന്നെങ്കിലും കൊണ്ടുവന്ന് സ്ഥലത്ത് ഇട്ടതാണോ എന്നീ കാര്യങ്ങളാണ് പരിശോധിച്ചത്. മൃതദേഹം കത്തിക്കാൻ ഇന്ധനം എത്തിച്ച പ്ലാസ്റ്റിക് കുപ്പിയും സ്ഥലത്തു നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.
അതേസമയം, മാവടിയിൽ നിന്നു കാണാതായ ഗൃഹനാഥന്റെയാണോ അസ്ഥികൂടമെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് ഗൃഹനാഥന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. കാണാതായ ഗൃഹനാഥൻ ചിട്ടി നടത്തിയിരുന്നു. അതിന്റെ ഭാഗമായി ചിലരുമായി പണമിടപാടുകളുണ്ടായിരുന്നു. ഇതും പോലീസ് പരിശോധിക്കും. രണ്ടായിരത്തി പത്തൊൻപത് സെപ്റ്റംബർ മൂന്നിനാണ് മാവടിയിൽ നിന്ന് ഗൃഹനാഥനെ കാണാതാവുന്നത്.ഇദ്ദേഹത്തിന്റെ കുടുംബം കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. ഇതിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്‌ കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. നെടുങ്കണ്ടം സി.ഐ. പി.കെ.ശ്രീധരൻ, എസ്.ഐ. കെ.ദിലീപ്കുമാർ, എസ്.ഐ. ഷാജി എബ്രഹാം എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Articles

Back to top button