IndiaLatest

തൊഴിലില്ലായ്മ പരിഹരിക്കാന്‍ 3 വര്‍ഷത്തെ സൈനിക സേവനം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ തൊഴിലില്ലായ്മ പ്രതിസന്ധി നേരിടാന്‍ മാര്‍ഗവുമായി സൈന്യം. യുവാക്കള്‍ക്ക് സൈന്യത്തില്‍ ഹ്രസ്വകാല സര്‍വീസിന് അവസരമൊരുക്കുന്ന പദ്ധതിയാണ് കേന്ദ്രത്തിന് മുന്നില്‍ സൈന്യം വെച്ചിരിക്കുന്നത്. ഇതുവഴി സൈന്യത്തിലെ ഒഴിവുകള്‍ നികത്താന്‍ സാധിക്കുമെന്ന് മാത്രമല്ല അതുമൂലമുണ്ടായേക്കാവുന്ന വലിയ സാമ്പത്തിക ബാധ്യതകള്‍ കേന്ദ്രസര്‍ക്കാരിന് ഒഴിവാക്കാനാകുമെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസാണ് സൈന്യത്തിന്റെ ഈ നിര്‍ദേശത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌.

പദ്ധതിയെ ടൂര്‍ ഓഫ് ഡ്യൂട്ടി എന്നാണ് സൈന്യം വിശേഷിപ്പിക്കുന്നത്. സൈനിക സേവനം ഒരു പ്രൊഫഷനായി നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരും എന്നാല്‍ സൈനിക ജീവിതത്തിന്റെ സാഹസികതയും അനുഭവങ്ങളും അതിന്റെ ത്രില്ലും ആഗ്രഹിക്കുന്ന യുവാക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി. ടൂര്‍ ഓഫ് ഡ്യൂട്ടി യുവാക്കള്‍ക്കുള്ള നിര്‍ബന്ധ സൈനിക സേവനമല്ലെന്നും സൈനിക വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

സൈനിക സേവനം സംബന്ധിച്ച നിര്‍വചനങ്ങളില്‍ മാറ്റം വരുമെങ്കിലും സൈനിക സേവനത്തിന്റെ രീതികളിലുള്ള നിബന്ധനകളില്‍ ഇളവനുവദിക്കില്ലെന്നും കേന്ദ്രത്തിന് സമര്‍പ്പിച്ച പദ്ധതിയില്‍ വിശദീകരിക്കുന്നു.

ഈ മൂന്നുവര്‍ഷത്തെ കാലയളവില്‍ നേടുന്ന വരുമാനം നികുതിരഹിതമായിരിക്കണം. മൂന്നുവര്‍ഷ കാലയളവിന് ശേഷം പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്ക് ശ്രമിക്കുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും സൈന്യം ആവശ്യപ്പെടുന്നു. എന്നാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ക്ക് ടൂര്‍ ഓഫ് ഡ്യൂട്ടി നിര്‍ബന്ധമാക്കാന്‍ പാടില്ലെന്നും സൈന്യം വിശദീകരിക്കുന്നു.

നിലവില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ വ്യവസ്ഥയില്‍ സൈന്യത്തില്‍ പ്രവേശിക്കുന്നവര്‍ 10 മുതല്‍ 14 വര്‍ഷത്തിന് ശേഷം വിരമിക്കും. തങ്ങളുടെ 30-ാം വയസില്‍ ഇവര്‍ വിരമിക്കുമ്പോള്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമടക്കം വലിയൊരു തുകയാണ് ഇവര്‍ക്കായി പ്രതിരോധ മന്ത്രാലയം ചിലവിടുന്നത്. അതിനു പുറമേയാണ് ഇവരെ സൈനിക ജോലിക്ക് പ്രാപ്തരാക്കാനുള്ള പരിശീലനത്തിന്റെ ചിലവും.

അഞ്ചുകോടി മുതല്‍ 6.8 കോടി രൂപവരെയാണ് ഒരു സൈനികനുവേണ്ടി രാജ്യം ഇക്കാലയളവില്‍ ചിലവഴിക്കുന്നത്. മൂന്നുവര്‍ഷത്തെ ടൂര്‍ ഓഫ് ഡ്യൂട്ടി ആകുമ്പോള്‍ ഈ ചിലവ് 80 മുതല്‍ 85 ലക്ഷം വരെ മാത്രമേ ആകുകയുള്ളുവെന്നാണ് സൈന്യം നിരത്തുന്ന കണക്ക്.

സൈനിക പരിശീലനം ലഭിക്കുന്ന യുവാക്കള്‍ രാജ്യത്തിന് മുതല്‍ കൂട്ടാകുമെന്നാണ് പദ്ധതിയില്‍ വിശദീകരിക്കുന്നത്. ഇത്തരത്തില്‍ അച്ചടക്കവും സമര്‍പ്പണ ബോധവുമുള്ള യുവാക്കളെ കോര്‍പ്പറേറ്റ് മേഖലയിലും ആവശ്യക്കാരുണ്ടാകുമെന്നും സൈന്യം പറയുന്നു.

പരീക്ഷണമെന്ന നിലയില്‍ തിരഞ്ഞെടുത്ത ചില ഒഴിവുകളിലേക്ക് മാത്രം ഇത്തരത്തില്‍ നിയമനം നടത്താമെന്നും വിജയകരമെന്ന് കണ്ടാല്‍ കൂടുതല്‍ വിപുലമാക്കാമെന്നുമാണ് നിര്‍ദ്ദേശം. യുവാക്കളില്‍ രാജ്യസ്‌നേഹവും ദേശീയ ബോധവും വളര്‍ത്താന്‍ പദ്ധതി ഉപകരിക്കുമെന്നും ഇവര്‍ പറയുന്നു.

Related Articles

Back to top button