KeralaKollamLatest

കല്ലുവാതുക്കൽ – പാരിപ്പള്ളി മേഖലകളിൽ കടുത്ത ആശങ്ക.

“Manju”

കല്ലുവാതുക്കൽ – പാരിപ്പള്ളി മേഖലകളിൽ കടുത്ത ആശങ്ക.

പാരിപ്പള്ളി: ബ്ലോക്ക് പഞ്ചായത്തംഗവും ആശാപ്രവർത്തകയുമായ സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കല്ലുവാതുക്കൽ , പാരിപ്പള്ളി മേഖയിൽ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ. സദാ കർമ്മ നിരതയായ ഈ സാമൂഹ്യ പ്രവർത്തക പ്രദേശത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനങ്ങൾക്കും മുൻനിരയിൽ പ്രവർത്തിച്ച ആളാണ്. ഇവർ താമസിക്കുന്ന മേവനക്കോണം വാർഡിലെ ആശാപ്രവർത്തക കൂടിയായിരുന്നു ഇത്തിക്കര ബ്ലോക്കിലെ മീനമ്പലം ഡിവിഷനെ പ്രതിനിധീകരിക്കുന്ന ഈ അംഗം.മേവനക്കോണം പ്രദേശത്തെ വിവിധ മീറ്റിംഗുകളിൽ പങ്കെടുക്കുകയും പഞ്ചായത്തിലെ എല്ലാ അംഗങ്ങളുമായും സമ്പർക്കം പുലർത്തുകയും ചെയ്തതിനാൽ സമ്പർക്കപ്പട്ടിക വിപുലമാണ്. പഞ്ചായത്തിൽ ഇത് രണ്ടാം തവണയാണ് ഒരു ആരോഗ്യപ്രവർത്തകക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുന്നത്. ഒരു ഘട്ടത്തിൽ ഹോട്ട്സ്പോട്ട് മേഖലയായിരുന്ന കല്ലുവാതുക്കൽ പഞ്ചായത്തിൽ ഇപ്പോൾ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ രോഗം കണ്ടെത്തിയവർ കോവിഡ് ഭേദമായി ആശുപത്രി വിട്ടിരുന്നു.
ഇന്നലെ രോഗം കണ്ടെത്തിയവർക്ക് രോഗലക്ഷണങ്ങൾ യാതൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് ഏറെ ആശങ്ക ഉളവാക്കുന്നത്. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ 14 പേർക്ക് റാപ്പിഡ് ടെസ്റ്റ്‌ നടത്തിയപ്പോഴാണ് ബ്ലോക്ക് മെമ്പർക്ക് രോഗം കണ്ടെത്തിയത്. ഇതേ തുടർന്ന് ഇവരുടെ ഭർത്താവ്, രണ്ട് കുട്ടികൾ, മാതാപിതാക്കൾ എന്നിവരെ കൊല്ലം ജില്ലാ ആശ്രുപത്രിയിൽ സ്രവ പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്. ഇവരുടെ ഫലം നെഗറ്റീവ് ആണെന്നാണ് ശാന്തിഗിരി ന്യൂസിന് ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ.

പഞ്ചായത്തിലെ ആദ്യ കോവിഡ് രോഗി ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ അറ്റൻഡർ ആയിരുന്നു. ഇന്നലെ രോഗം കണ്ടെത്തിയ ആൾ പാരിപ്പള്ളി കുടംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നയാളും നിരവധി കിടപ്പു രോഗികളുടെ വീടുകൾ സന്ദർശിച്ചിട്ടുള്ള ആളുമാണ്. ഇതെ തുടർന്ന് ഇന്ന് പാരിപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം അണുവിമുക്തമാക്കി. ഇന്നലെ വരെ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ ക്വാറന്റെയിനിൽ പ്രവേശിപ്പിച്ചു. ജില്ലാ അതിർത്തി കൂടിയായ ഈ പ്രദേശത്ത് പോലീസും അതീവ ജാഗ്രത നിർദേശമാണ് നൽകുന്നത്.

Related Articles

Back to top button