ArticleLatest

നായനാരെ ഓർക്കുമ്പോൾ

“Manju”

കേരളത്തിലെ ജനകീയനും ജനനായകനുമായ മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവുമായിരുന്നു ഇ കെ നായനാർ .അദ്ദേഹത്തിന്റെ പാല്പുഞ്ചിരി മാഞ്ഞിട്ട് ഇന്ന് 16 വർഷമാവുന്നു .

ജനലക്ഷങ്ങൾ ആണ് കണ്ണൂരിലെ പയ്യാമ്പലത്ത് അദ്ദേഹത്തിന്റെ അന്തിമ ചടങ്ങുകളിൽ പങ്കെടുത്തത് . ഇ .കെ നായനാർക്ക് അത്രകണ്ട് സ്വാധീനമുണ്ട് ജനഹൃദയങ്ങളിൽ. എല്ലാ വിഷയങ്ങളും തനതായ ശൈലിയിൽ നർമ്മത്തിൽ ചാലിചാണ് അദ്ദേഹം അവതരിപ്പിച്ചത് .

2019 ഡിസംബർ 9 നായിരുന്നു പ്രിയപ്പെട്ട ജനനായകൻ ഇ കെ നായനാരുടെ ജന്മശ
താബ്ദി. 1919 ഡിസംബര്‍ 9 ന് കല്യാശ്ശേരിയില്‍ ജനിക്കുകയും ബാലസംഘത്തിലൂടെ കര്‍ഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി മാറിയ നേതാവാണ് ഇ കെ നായനാര്‍. 20-ാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി വ്യാവസായിക-കാര്‍ഷിക മേഖലയില്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി.


ആറോണ്‍ മില്ലിലെ സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ആദ്യമായി 1940-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. സമര തീചൂളയിൽ നിന്നാണ് ഇ കെ നായനാർ എന്ന രാഷ്ട്രീയ നേതാവ് ഉദിച്ചുയർന്നത്.

പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് ചൈനീസ് ചാരനെന്ന് മുദ്രകുത്തി ആറുവർഷം ജയിലിലായി. കര്‍ഷകസമര ചരിത്രത്തിലെ പ്രസിദ്ധമായ കയ്യൂര്‍ സമരത്തിലും, സാമ്രാജ്യവിരുദ്ധ സമരമായ മൊഴാറ സമരത്തിലും പങ്കെടുത്തു. അടിയന്തിരാവസ്ഥകാലത്ത് ഉള്‍പ്പെടെ 9 വര്‍ഷം ഒളിവില്‍ കഴിഞ്ഞു. പലതവണ തടവിലായി.

കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രി ആയതും പ്രതിപക്ഷ നേതാവായതും നായനാർ ആണ്.കേരളചരിത്രത്തിൽ ഏറ്റവുമധികംനാൾ മുഖ്യ മന്ത്രി പദത്തിൽ ഇരുന്നതും നായനാർ തന്നെ .

വിവാദങ്ങള്‍ എന്നും ഇ.കെ.നായനാര്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ കൂടെ ഉണ്ടായിരുന്നു . എന്നാല്‍ സ്വതസിദ്ധമായ ശൈലിയില്‍ രാഷ്ട്രീയ എതിരാളികളെ നേരിടുന്ന നായനാര്‍ക്ക് ജീവിതത്തില്‍ ഒരു ശത്രുപോലും ഉണ്ടായിരുന്നില്ല. അതുതന്നെയാണ് ഏറ്റവും അധികകാലം കേരള മുഖ്യമന്ത്രിയായിരുന്ന നായനാരുടെ പൊതുപ്രവര്‍ത്തനത്തിന്‍റെ പ്രധാന സവിശേഷതയും.

നായനാര്‍ ഏറ്റവുമധികം എതിര്‍ത്തിട്ടുള്ളത് കെ.കരുണാകരന്‍ എന്ന കോണ്‍ഗ്രസ് ആചാര്യനെയാണ്.ഒരുപക്ഷെ കരുണാകരന്‍ തന്നെയായിരിക്കും നായനാരുടെ ഏറ്റവുമടുത്ത സുഹൃത്തും. അതായിരുന്നു നായനാര്‍

ചികിത്സയ്ക്കായി കേരളം വിടുന്നതിന് തൊട്ടുമുമ്പ് നായനാര്‍ നടത്തിയ വാര്‍ത്താ സമ്മേളനവും ഏറെ വിവാദമുണ്ടാക്കി. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ ആന്‍റണി – തൊഗാഡിയ പോസ്റ്റര്‍ ഇറക്കിയത് കെ.മുരളീധരനാണെന്ന് നായനാര്‍ തുറന്നടിച്ചു.

വോട്ട് ചെയ്തശേഷം ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടി നിഷ്കളങ്കമായ ചിരിയുമായി നില്‍ക്കുന്ന നായനാരെ കേരളീയര്‍ മറക്കാനിടയില്ല. ആ സംഭവം ഉയര്‍ത്തിയ വിവാദകോലാഹലം കുറച്ചൊന്നുമായിരുന്നില്ല. എന്നാല്‍ അതൊക്കെ വെറും മാദ്ധ്യമസൃഷ്ടിയാണെന്നും പത്രക്കാരുടെ സൂത്രപ്പണികള്‍ മറ്റാരെക്കാളും തനിക്കറിയാമെന്നും പറഞ്ഞ് വിവാദത്തിന്‍റെ മുനയൊടിക്കാന്‍ നായനാര്‍ക്കായി.

പെണ്‍വാണിഭത്തെപ്പറ്റിയുള്ള നിര്‍ദ്ദോഷമായൊരു ഫലിതവും നായനാരെ വിവാദങ്ങളിലേക്കു വലിച്ചിഴച്ചു . ചികിത്സയ്ക്കായി കേരളം വിടുമ്പോഴും പത്രലേഖകരോട് കളിതമാശകള്‍ പറഞ്ഞാണ് അദ്ദേഹം വിമാനം കയറിയത്.പക്ഷെ പിന്നെ ചിരിയോടെ അല്ല തിരിച്ചു വന്നത് .

Related Articles

Back to top button