KeralaLatestMotivation

‘കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി ‘ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എഴുതിയ കുറിപ്പ്.

“Manju”

ഹൃദയസ്പന്ദനം നിലച്ചുപോയ ജീവിതസഖിയുടെ ചേതനയറ്റ ശരീരം കാണാന്‍ അയാള്‍ കാത്തിരുന്നത് ആറുദിനങ്ങൾ…

അവള്‍ കാത്തുകാത്തു കാത്തിരുന്നു.
തന്റെ പ്രിയപ്പെട്ടവനെ തേടി…
ഇതുപോലൊരു ദിവസം താന്‍ യാത്രയാക്കിയതാണ്.
തന്റെ ശരീരത്തിലേയ്ക്കരിച്ചു കയറുന്ന ഫ്രീസറിന്റെ തണുപ്പില്‍ അവള്‍ കിടന്നു.
ആ തണുത്തു മരവിച്ച വിരലുകള്‍ അവനെ പരതി..
അവന്റെ ഗന്ധം തേടി.
അവളുടെ ഇനി ഒരിക്കലും തുറക്കാത്ത കണ്ണുകള്‍ അവന്‍ വരുന്നതും നോക്കി കിടന്നു.
അവളുടെ അടഞ്ഞ കാതുകള്‍ അവന്റെ കാലൊച്ചകള്‍ തേടി.
അവസാന ശ്വാസം അവള്‍ വലിക്കുമ്പോള്‍ പോലും അതില്‍ അവനുണ്ടായിരുന്നു. നെഞ്ചകം പിളര്‍ന്ന് ഹൃദയം പൊട്ടിയപ്പോള്‍ അവള്‍ അവനെ കണ്ടു. അവന്റെ മുഖം മാത്രം…..
മരണത്തിലും അവളാ കൂട്ടുതേടി അവന്റെ ചൂടു തേടി.
ആ സാന്ത്വനത്തിന്റെ നെഞ്ചിൽ തലചേർക്കാൻ ആ മനസ്സു വെമ്പി.
മരണത്തിലും അവനിൽ അവൾ സുരക്ഷിത്വം കണ്ടു.
ചന്ദ്രനഗറിലെ വൈദ്യുതി ശ്മശാനം എന്നത്തെപ്പോലെയും മൂകമാണ്. യാന്ത്രികമാണ്.
108 ന്റെ ഒരു ആംബുലന്‍സില്‍ നിന്ന് അവളുടെ ചേതനയറ്റ ശരീരം സ്ട്രച്ചറില്‍ അവിടേയ്ക്ക് എടുത്തു.
സ്വന്തം ഭാര്യയെ കാണുവാന്‍ തന്റെ ഊഴവും കാത്ത് അനുവാദത്തിനായി മറ്റൊരു ആംബുലന്‍സില്‍ അവനിരുന്നു.
ബന്ധുക്കള്‍ യാത്ര പറഞ്ഞു മടങ്ങി.
ആരോഗ്യപ്രവര്‍ത്തകരുടെ കാവലില്‍ അവളുടെ അരികിലേയ്ക്ക് അവനിറങ്ങി…
എന്റെ മുത്തേ എന്തിനാണന്നെ വിട്ടുപോയത്.
കണ്ണു തുറക്കന്റെ പൊന്നുമോളെ… ഒന്നെണിക്ക്…
ജീവിതത്തിലാദ്യമായി അവള്‍ അവനോടനുസരണകേടുകാട്ടി…
അവന്‍ വിളിച്ചിട്ടും അവള്‍ കണ്ണു തുറന്നില്ല….
അവന്റെ അധരങ്ങള്‍ അവളെ അവസാനമായി ചുംബിച്ചു.
അവളുടെ കവിളില്‍ അവന്‍ തലോടി. നെറ്റിയില്‍ വീണ്ടും ഉമ്മ വെച്ചു.
ആ തലയില്‍ കൈ വെച്ച് അവന്‍ വാവിട്ടു കരഞ്ഞു.
ആ കണ്ണുനീരുകൊണ്ട് അവളുടെ തലയിലും മുഖത്തും നെഞ്ചിലും വിശുദ്ധ ലേപനം പുരട്ടി.
അയാളുടെ ഒരായുസിന്റെ വിയർപ്പുകൊണ്ട് അവളുടെ പാദങ്ങൾ നനഞ്ഞു.
ഏതുറക്കത്തിലും ഒന്നു മുട്ടിയാലും ഉണരുന്ന അവള്‍ ഉണര്‍ന്നതേയില്ല…
എന്തിനാണ് നീയെന്നെ തനിച്ചാക്കി പോയത്. ‍ഞാന്‍ ഒത്തിരി തനിച്ചായി ഒത്തിരിയൊത്തിരി….
ആ തണുത്ത ശരീരത്തില്‍ കെട്ടിപിടിച്ച് അവന്‍ പൊട്ടിക്കരഞ്ഞു…
ആ ഒരു നിമിഷം കൊണ്ട് എത്രയെത്ര ഓര്‍മ്മകളാണ് അവനിലൂടെ കടന്നുപോയത്. നമുക്ക് കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്നത് ഇതിനായിരുന്നു അല്ലേ..
നീ ഇങ്ങനെ പോകുമ്പോള്‍ അവര്‍ കരയേണ്ടയെന്ന് നീ കരുതിയല്ലേ…
പരസ്പരം ആശ്വസിപ്പിച്ച പതിനെട്ട് വര്‍ഷങ്ങള്‍…
അവള്‍ അയാള്‍ക്കു പ്രാണനായിരുന്നു ..അവള്‍ക്ക് തന്റെയെല്ലാം അയാളും..
സ്വപ്നങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിച്ച് അവള്‍ പോകുമ്പോള്‍ തകര്‍ന്ന മനസുമായി അയാള്‍ നിന്നു.
എന്നും കൂടെയുണ്ടാകുമെന്ന് എപ്പോഴും തന്നെ ഓര്‍മ്മിപ്പിച്ച തന്റെ പ്രിയപ്പെട്ടവള്‍….
ആ സങ്കടകടലിന്റെ തിരയില്‍ അയാള്‍ മുങ്ങിതാണു.
ജീവിതത്തെ കരുപിടിപ്പിക്കാന്‍ ദുബായിലെത്തിയ പാലക്കാട് കൊല്ലംങ്കോടുകാരന്‍ വിജയകുമാര്‍.
ഇക്കഴിഞ്ഞ മെയ് 9തന്റെ ഭാര്യ ഗീത ഹൃദയസ്തംഭനമൂലം മരിച്ച വാര്‍ത്തയറിഞ്ഞ് അയാള്‍ തകര്‍ന്നുപോയി.
താനൊന്ന് വന്ന് ഒരു നോക്ക് കണ്ടതിനുശേഷം മാത്രമേ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാവൂയെന്ന് ബന്ധുക്കളോട് അപേക്ഷിച്ചു.
നാട്ടിലേയ്ക്ക് വരുന്ന ഏതെങ്കിലും ഒരു വിമാനത്തില്‍ ഒരു സീറ്റിനായി എംബസിയില്‍ പോയി അയാള്‍ കണ്ണീരോടെ അപേക്ഷിച്ചു.
പിന്നെ അയാൾ മുട്ടാത്ത വാതിലുകളില്ല.
ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ആരെങ്കിലും അവസാന നിമിഷം യാത്ര റദ്ദാക്കിയാല്‍ ഇടം നല്‍കാമെന്ന ഉറപ്പിനെ തുടര്‍ന്ന് വിജയകുമാര്‍ വിമാനത്താവളത്തില്‍ കാത്തുനിന്നു.
ആരും കനിഞ്ഞില്ല.
ദിവസങ്ങൾ കണ്ണിരീൽ മുക്കി കാത്തിരുന്നു. അയാൾ ഉണ്ടില്ല, ഉറങ്ങിയില്ല ആരുടെയൊക്കെയോ സഹായത്താല്‍ ദുബായില്‍ നിന്നും കൊച്ചിയിലേയ്ക്ക് അവസാനം അയാള്‍ വിമാനം കയറി.
തന്നെ കാത്ത് വിറങ്ങലിച്ച് മരവിച്ച് കിടക്കുന്ന ഗീതയെന്ന തന്റെ പ്രിയതമയെ കാണാന്‍.
മരണത്തിന്റെ നിറം കറുപ്പാണ്.
അതിന്റെ സ്രവം കണ്ണുനീരാണ്.
ആ വികാരം നോവാണ്.
മരണത്തിന്റെ ശബ്ദം കരച്ചിലാണ്.
അതിന്റെ ഫലം വിരഹമാണ്.
അതിന്റെ സ്പന്ദനം നിശ്ചലതയാണ്.
മരണം കൂട് കൂട്ടുന്നത് ഓർമ്മയുടെ ചില്ലയിലാണ്.
മരണത്തിന്റെ താളം മരവിപ്പാണ്.
ആ പ്രാർത്ഥന മൗനമാണ്.
ആ യാത്ര നിത്യതയാണ്.
ആ വിശ്രമം നിത്യനിദ്രയാണ്,
മരണത്തിനിഷ്ടം നനവൂറിയ സാന്ദ്രതയുടെ ധ്യാനമാണ്
ഇതൊക്കെ വലിയ തിരിച്ചറിവാണ് നമുക്ക് നല്‍കുന്നത്.
ഈ കൊറോണ കാലം വല്ലാത്ത കാഴ്ചകളാണ് നമുക്ക് തരുന്നത്.
പലതും നമ്മളെ വല്ലാതങ്ങ് നൊമ്പരപ്പെടുത്തുന്നു.
ചിലത് കരള്‍ പൊളളിക്കുന്നതാണ്…
പരസ്പരം കൂടുതല്‍ സ്നേഹിക്കുവാനും കുറവുകള്‍ സഹിക്കുവാനും പരസ്പരം പഴിചാരാതിരിക്കുവാനും കുറ്റങ്ങള്‍ ക്ഷമിക്കുവാനും കരുണ കാണിക്കുവാനും ഉളളതുകൊണ്ട് സന്തോഷം കണ്ടെത്തുവാനും ഉളളതില്‍ നിന്ന് ഉളളപോലെ ഇല്ലാത്തവന് പങ്കു വെയ്ക്കാനുമൊക്കെ നമുക്കു കഴിയട്ടെ.
കൂടെയുള്ളവർ എന്ന്, എങ്ങനെ, എപ്പോൾ കടന്നു പോകുമെന്ന് നമുക്കറിയില്ല.
നമ്മുടെ ഇടയിൽ സ്നേഹം പുലരട്ടെ
കടമകൾ നിർവഹിക്കുക.
കടപ്പാടുകൾ ബാക്കി വെയ്ക്കാതിരിക്കുക.
ഓർക്കുക ഒരു നിമിഷം കൊണ്ടു തീർന്നുപോകുന്നതാണെല്ലാം.

 

 

 

Related Articles

Back to top button