InternationalLatest

ഒന്നിൽ നിന്ന് ഒരു ലക്ഷത്തിലേക്ക്

“Manju”

ഹരീഷ് റാം…

ഇന്ത്യയിൽ ആദ്യമായി കോവിഡ് വൈറസ് സ്ഥിരീകരിച്ചത് കേരളത്തിൽ 2020 ജനുവരി 30 നാണ്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്ത് വന്ന മലയാളി വിദ്ധ്യാർത്ഥികളിലാണ് ആദ്യമായി വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ഇവരിൽ രണ്ട് പേർ വുഹാനിലെ ഒരു സർവകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥികൾ ആണ്.അവിടെ തുടങ്ങിയ ഒന്ന് ഓരോ സംസ്ഥാനങ്ങളിലും പതുക്കെ തുടക്കം കുറിച്ചു. ഓരോ ദിവസത്തേയും കണക്കുകൾ സംസ്ഥാന തലത്തിലും ഇന്ത്യ മൊത്തത്തിലും കൂട്ടി കൂട്ടി ഇന്ന് ഒന്നിൽ നിന്ന് ഒരു ലക്ഷത്തിലെത്തി.

ഇന്ത്യയിൽ 1011 39 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 39174 പേരുടെ രോഗം ഭേദമായി. നിലവിൽ 58802 പേർക്ക് കോവിഡ് പോസിറ്റീവായി നിൽക്കുന്നു. 3163 പേർ കോവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചു.

നിലവിലെ കണക്കനുസരിച്ച് ലോകത്ത് 4910710 പേർക്ക് കോവിഡ് രോഗബാധയുണ്ടായി. 1919151 പേർ രോഗമുക്തി നേടിയപ്പോൾ 320448 പേർ മരണപ്പെട്ടു. നിലവിൽ 44762 പേരുടെ നില ഗുരുതരമാണ്. അമേരിക്കയിൽ 1550539 പേർക്ക് രോഗമുണ്ടായപ്പോൾ 91985 പേർ മരണപ്പെട്ടു. റഷ്യയിൽ 299941 രോഗബാധിതരിൽ 2837 മരിച്ചു. റഷ്യയിൽ പുതിയ കേസ് കൂടുകയാണ്.സ്പെയിനിൽ 27709 യു കെ 34796, ഇറ്റലി 32007, ഫ്രാൻസ് 28239, ബ്രസീൽ 16853 എന്ന നിലയിൽ മരണങ്ങൾ ഉണ്ടായി.

രാജ്യത്ത് കോവിഡ് ഭീഷണി ശക്തമായതിനെ തുടർന്ന് മാർച്ച് 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചത്. സമൂഹ അകലം പാലിച്ച് രോഗവ്യാപനത്തെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. ലോകം മുഴുവൻ വൈറസ് ഭീഷണിയിൽ നിൽക്കുമ്പോൾ ലോക് ഡൗൺ അല്ലാതെ മറ്റുവഴികളിൽ ഇല്ലായിരുന്നു. ഒരു ജീവിത വഴിയിലെ ചിട്ടകളിലെല്ലാം മാറ്റങ്ങൾ വരികയായിരുന്നു. എല്ലാവരും അവരവരുടെ താമസസ്ഥലത്ത് തന്നെ ഇരിക്കണം.

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല. മാസ്കുകൾ നിർബന്ധമായും ധരിക്കണം. കൈ കഴുകണം. അകലങ്ങൾ പാലിക്കാൻ ശീലിക്കണം. പ്രതിരോധ മരുന്നുകൾ കഴിക്കണം. ഗതാഗത സംവിധാനങ്ങൾ നിശ്ചലമായി. വിമാനങ്ങൾ പറന്നില്ല. ട്രെയിനും വാഹനങ്ങളും ഓടിയില്ല. ജില്ലാ സംസ്ഥാന അതിർത്തികൾക്ക് പൂട്ടുവീണു. വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ചലനമുള്ളതെല്ലാം നിശ്ചലമായി. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ അന്നത്തിനുള്ളവ ശേഖരിച്ച് അവരവരുടെ വീടുകളിലേക്ക് ഏവരും ചേക്കേറി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോവിഡ് വാർ റൂമുകളിലിരുന്ന് ശാസ്ത്രീയമായ തന്ത്രങ്ങൾ മെനഞ്ഞു കൊണ്ടേയിരുന്നു. മൂന്നും നാലും ഘട്ടമായപ്പോൾ ചെറിയ ഇളവുകൾ വരാൻ തുടങ്ങി. എന്നിട്ടും കോവിഡ് പടരുന്നത് ചില സംസ്ഥാനങ്ങളിലും സിറ്റികളിലും നിയന്ത്രണമായിട്ടില്ല.

ലോകത്തിന്റെ മുഖമായി നിന്ന പ്രമുഖരായ പല രാജ്യങ്ങളും വൈറസിന് മുമ്പിൽ അടിയവു പറഞ്ഞു. മരണങ്ങളുടെ കണക്കുകൾക്ക് മുന്നിൽ നിസാഹയരായി നിൽക്കുന്ന ജനങ്ങൾ. നിസഹയാതയുടേയും പേടിയുടേയും നിരവധി മുഖങ്ങൾ ജീവനു വേണ്ടി കരഞ്ഞ് അപേക്ഷിക്കുന്ന കാഴ്ചകൾ. പാലായനത്തിന്റെ മുറിപ്പാടുകൾ ഉണങ്ങുന്നില്ല. കോവിഡ് ബാധയുണ്ടാവുമെന്ന പേടിയും ജീവിതമാർഗം നഷ്ടപ്പെടുമെന്ന പരിഭ്രാന്തിയുമാണ് അവരെ സ്വദേശങ്ങളിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നത്. കിലോമീറ്ററുകളോളം ഗർഭിണികളും കുഞ്ഞുങ്ങളും ഉൾപ്പെടെ സ്വന്തം വീടുകളിലെത്താൻ നടന്നു കൊണ്ടേയിരിക്കുന്നു. ഇതിനിടയിൽ ദാഹിച്ചും വിശന്നും തളർന്ന് വീണ് ചിലർ മരണത്തിലേക്ക്.

നടക്കുന്നതിനിടയിൽ പ്രസവിച്ച ഒരു സ്ത്രീ. വാഹനങ്ങളും ട്രെയിനും ഇടിച്ച് മരിച്ചവർ. തൊഴിൽ നഷ്ടപ്പെട്ടവരുടെ പിടച്ചിൽ അടങ്ങുന്നില്ല. അതിഥി തൊഴിലാളികൾ സ്വന്തം നാട്ടിലെത്താനുള്ള യാത്രാമാർഗങ്ങൾ തേടിയുള്ള സമരമുഖങ്ങൾ തീർത്തുള്ള പ്രതിഷേധങ്ങൾ. ഇത് ഒരു രാജ്യത്തിലെ പ്രശ്നമല്ല. ഈ ലോകത്തിന്റെ തന്നെ നോവാണ്.

മഹാരാഷ്ട്രയിലും തമിഴ് നാട്ടിലും , ഗുജറാത്തിലും, ഡെൽഹിയിലുമൊക്കെ ഭീതിയുടെ വിലാപം ഉയരുകയാണ്. ഗുജറാത്തിലെ കോവിഡ് മരണത്തിന്റെ 80 ശതമാനമുള്ള അഹമ്മദാബാദ് ജനങ്ങൾ പേടിയിലാണ്. ഞായറാഴ്ച വരെ സംസ്ഥാനത്ത് മരിച്ച 659 കോവിഡ് രോഗികളിൽ 524 പേരും അഹമ്മദാബാദിലാണ്. നിലവിൽ 8500 ലധികം രോഗികൾ അവിടെയുണ്ട്. പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ പാളിച്ചകൾ ദുരിതം കൂട്ടുകയാണ്. സിവിൽ ആശുപത്രിയിലെ അനാസ്ഥകൾ ദിനംപ്രതി പുറത്തു വരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഗണപത് മക്വാന എന്ന രോഗി ബസ് സ്റ്റോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്ത്രീയെ വാർഡിലെ കക്കൂസിൽ മരിച്ച നിലയിൽ കണ്ടെത്തി. വെന്റിലേറ്റർ ഗുണനിലവാരമുണ്ടായിരുന്നതല്ല എന്ന ആക്ഷേപം ഉയർന്നു വന്നിട്ടുണ്ട്. ഇതിനിടയിൽ 42 സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സക്കായി കോർപ്പറേഷനുമായി കരാർ ഒപ്പിട്ടുണ്ട്. സമ്പന്നർക്ക് സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കാതെ ചികിത്സ കിട്ടുമെന്നായി. ലോക് ഡൗണിനെ മാനിക്കാതെ ജനങ്ങൾ പുറത്തിറങ്ങിയതും നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതും വ്യാപനം കൂട്ടി.മലയാളികൾ ഉൾപ്പെടെ സാധാരണക്കാരായ നിരവധി ആൾക്കാർ എന്തു ചെയ്യണമെന്നറിയാത്ത വലിയ പ്രതിസന്ധിയുടെ മുന്നിൽ പകച്ച് നിൽക്കുകയാണ്.

മഹാരാഷ്ട്രയിൽ മുംബൈയിൽ കോവിഡ് നിയന്ത്രണമില്ല. ധാരാവി പോലുള്ള ആളുകൾ അടുത്തടുത്ത് താമസിക്കുന്ന ചേരിപ്രദേശങ്ങളിലൂടെ വൈറസ് പടരുകയാണ്. മുംബൈയിൽ മാത്രം 19000 ത്തിനടുത്ത് പോസിറ്റീവ് കേസുകൾ എത്തുകയാണ്.11 35 അവിടെ മരിച്ചു. നിരവധി പോലീസുകാർക്കും നേഴ്സുമാർക്കും കോവിഡ് രോഗബാധയുണ്ടായി. മഹാരാഷ്ട്രയിൽ 33053 പേർക്ക് രോഗം ബാധിച്ചു.

തമിഴ്നാട്ടിൽ ചെന്നൈയിലാണ് കോവിഡ് താണ്ഡവമാടിയത്. തമിഴ്നാട്ടിൽ 112 24 പേർക്ക് കോവിഡ് പോസിറ്റീവ് ആയി. 78 പേർ മരിച്ചു. ചെന്നൈ സിറ്റിയിൽ മാത്രം 6750 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. കോയമ്പേട് മാർക്കറ്റാണ് പ്രഭവകേന്ദ്രം. മാർക്കറ്റിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പോയവരൊക്കെ വൈറസുമായാണ് പോയത്. തുടക്കത്തിലെ ജാഗ്രത കുറവ് വൈറസ് വ്യാപനത്തെ കാര്യമായി സ്വാധിനിച്ചു.

ഡൽഹിയിൽ 10054 പോസിറ്റീവ് കേസുകളാണുള്ളത്. മരണം 160 ൽ എത്തി നിൽക്കുന്നു. രാജസ്ഥാൻ 5202 പോസിറ്റീവ്. മരണം 131. മധ്യ പ്രദേശ് 4977-പോസിറ്റീവ് മരണം 248, ഉത്തർപ്രദേശ് 4259 പോസിറ്റീവ് – മരണം 104, പഞ്ചിമ ബംഗാൾ 2677 പോസിറ്റീവ് – മരണം 238 ഇതാണ് സംസ്ഥാനങ്ങളുടെ നിലവിലെ കോവിഡ് സ്ഥിതി. പലയിടത്തും ടെസ്റ്റുകൾ വ്യാപകമായി നടക്കുന്നില്ല എന്ന പരാതിയുണ്ട്. ടെസ്റ്റുകൾ കൂടുതൽ നടത്തിയാൽ മാത്രമേ പോസിറ്റീവ് തിരിച്ചറിയാനും സാധിക്കുകയുള്ളൂ.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോടികളുടെ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചലമായ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് നിലനിർത്താനുള്ള ശ്രമങ്ങളാണ് ഇതൊക്കെ. തീർച്ചയായും പാക്കേജുകളെ സ്വാഗതം ചെയ്യാം. സ്വകാര്യമേഖലക്ക് കൂടുതൽ പ്രാധാന്യം പാക്കേജുകളിൽ മുന്നിട്ടു നിന്നു. എത്ര നാൾ ഇവ ജനങ്ങൾക്ക് താങ്ങും തണലുമാവും. എത്ര നാൾ ഇങ്ങനെ നൽകാൻ കഴിയും. ആയുർവ്വേദ ഹോസ്പിറ്റൽ മേഖല നേരിടുന്നത് വലിയ പ്രതിസന്ധിയാണ്.

ആരോഗ്യ മേഖലക്ക് ആവശ്യമായ ഉത്തേജനം പാക്കേജുകളിൽ ഇല്ല. കെട്ടിടങ്ങൾ വാടകക്ക് എടുത്ത് സ്ഥാപനങ്ങൾ നടത്തുന്നവർ വാടക എങ്ങനെ നൽകും?. ചോദ്യങ്ങൾ ഏറെയാണ്. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിച്ചവർ തളർന്നു തുടങ്ങി. ഓട്ടോ റിക്ഷ, ടാക്സി ഡ്രൈവർമാരുടെ കുടുംബങ്ങളിൽ ഗവൺമെന്റിൽ നിന്ന് കിട്ടുന്ന ഭക്ഷ്യ കിറ്റുകളും അരിയും അവരുടെ വിശപ്പകറ്റി തൽക്കാലം അശ്വാസമാവുകയാണ്.

വിശപ്പു മാത്രം മാറിയാൽ മതിയോ. മറ്റെന്തെല്ലാം കാര്യങ്ങൾ ഒരു ജീവിതത്തിലുണ്ട്. കയ്യിൽ മിച്ചമില്ലാതെ ജീവിച്ചു വന്നവരൊക്കെ പകച്ചു നിൽക്കുകയാണ്. വിദേശങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ജോലി നഷ്ടപെട്ട് സ്വന്തം നാടുകളിലേക്ക് എത്തുന്നവരെ എങ്ങനെ സഹായിക്കും. ആരും പട്ടിണിയും അസുഖവും രുചിച്ച് മരിക്കാൻ പാടില്ല.

കോവിഡിനിടയിലും രാഷ്ട്രീയ പോരിന് ഒട്ടും കുറവില്ല. ആരോപണ പ്രത്യാരോപണങ്ങൾ ശക്തമായി തുടരുന്നു. യഥാർത്ഥ പോരായ്മകൾ ചൂണ്ടി കാണിക്കുമ്പോഴും രാഷ്ട്രീയത്തിന്റെ പേരിൽ ചെളി വാരിയെറിയുന്ന വൃത്തികെട്ട പ്രവണത അവസാനിക്കുന്നില്ല. ഈ കാലത്ത് വേണ്ടത് പരസ്പരമുള്ള ചർച്ചകളാണ്. അതിഥി തൊഴിലാളികളുടെ പാലായനം രാഷ്ട്രീയ യുദ്ധമാവുകയാണ്. കോൺഗ്രസും ബി ജെ പിയും തമ്മിൽ തുറന്ന പോർമുഖത്താണ്.

യുദ്ധങ്ങൾ ഒരിക്കലും സമാധാനം തന്നിട്ടില്ല. മരണവും നഷ്ടപ്പെടലുകളും മാത്രം. ചർച്ചകൾ സമാധാനവും പരിഹാരവും തരാതിരിക്കില്ല. ലോകത്തും സ്ഥിതി വേറെയല്ല. കോവിഡിന്റെ തുടക്കം തേടി അമേരിക്കയും ചൈനയും തമ്മിൽ ആരോപണങ്ങൾ തുടരുന്നു.

ഈ പ്രതിസന്ധികൾ എല്ലാം സൃഷ്ടിച്ചത് ചൈനയിലെ വുഹാനിൽ നിന്ന് യാത്ര ആരംഭിച്ച കൊറോണയാണ്. ഓരോ ശരീരങ്ങളിൽ കടന്നു കയറി വിമാനങ്ങളിൽ പറന്ന് രാജ്യങ്ങൾ കീഴടക്കി. ചെറിയ തുടക്കത്തിൽ നിന്ന് അനേകരിലേക്ക് എത്തിയപ്പോൾ രാജ്യങ്ങൾ പകച്ചു നിന്നു.

രാവും പകലും കർമ്മനിരതരായ ആരോഗ്യ പ്രവർത്തകർ തളരുകയാണ്. അവരാണ് യഥാർത്ഥ പോരാളികൾ. ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെ മരണത്തെ വരിക്കുന്നു.ശാരിരികമായ പ്രതിരോധ ശേഷിയുടെ അനിവാര്യത ലോകം വിളിച്ചു പറഞ്ഞു. ആയുർവ്വേദവും സിദ്ധയും യോഗയുമൊക്കെ ചർച്ച ചെയ്യപ്പെട്ടു. പ്രധാനമന്ത്രി തന്നെ ആയുഷ് നിർദ്ദേശങ്ങൾ ജനങ്ങളെ അറിയിച്ചു.

തുടക്കത്തിലെ പോലെ മരണങ്ങളുടെ എണ്ണവും പോസിറ്റീവ് കെയിസുകളുടെ എണ്ണവും ആരെയും അധികം അസ്വസ്ഥരാക്കുന്നില്ല എന്നയൊരു സംശയം രൂപപ്പെടുന്നുണ്ട്. കോവിഡിനൊപ്പം ജീവിക്കുക എന്ന തരത്തിൽ ചർച്ചകൾ ആരംഭിച്ചിരിക്കുന്നു. അത്ര എളുപ്പമൊന്നും വൈറസിനെ തുരത്താൻ കഴിയില്ല എന്ന യാഥാർത്ഥ്യം ബോധ്യമായിരിക്കുന്നു. ഇതിനുള്ള വാക്സിൻ കണ്ടു പിടിക്കുന്നതു വരെ കണക്കുകൾ കേറിയിറങ്ങിയും നിൽക്കും.

 

Related Articles

Back to top button