KeralaLatest

ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സും ജീവനക്കാരെയും ലഭ്യമാക്കണം : നിരീക്ഷണ സമിതി

“Manju”

അജിത് ജി. പിള്ള, ചെങ്ങന്നൂർ

 

ചെങ്ങന്നൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ആംബുലന്‍സും ജീവനക്കാരെയും അടിയന്തിരമായി ലഭ്യമാക്കണമെന്ന് നഗരസഭ നിരീക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. ആംബുലന്‍സും ഡ്രൈവര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് എന്നിവരേയും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ഡി.എം.ഒ. യ്ക്ക് കത്ത് നല്‍കും. നിലവില്‍ രണ്ട്  ആംബുലന്‍സുകളാണ് ഉള്ളത്. ഇതില്‍ ഒരെണ്ണം ആശുപത്രിയുടെ വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥിരമായി ഓട്ടത്തിലാണ്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായുള്ള ആംബുലന്‍സ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വിശ്രമമില്ലാതെ ഓടുകയാണ്. ഇതിന്റെ ഡ്രൈവര്‍ രാത്രിയും പകലും തുടര്‍ച്ചയായി ആംബുലന്‍സ് ഓടിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഒരു ആംബുലന്‍സും ഡ്രൈവറും ലഭിച്ചെങ്കില്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കഴിയുകയുള്ളൂ. രാത്രി വൈകിയാണ് പലപ്പോഴും അന്യസംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലുള്ളവര്‍ ചെങ്ങന്നൂരില്‍ എത്തുന്നത്. ഇവരില്‍ പലരും സമീപ പഞ്ചായത്തുകളില്‍ ഉള്ളവരും അന്യ താലൂക്കുകളില്‍ ഉള്ളവരുമാണ്. നിലവിലുള്ള ജീവനക്കാര്‍ക്ക് നിരവധി ചുമതലകള്‍ ഉള്ളതുകൊണ്ട് ഇവര്‍ പുറത്തുപോകുന്ന സമയത്ത് എത്തുന്നവര്‍ ഏറെനേരം കാത്തിരിക്കേണ്ടി വരും.

ജീവനക്കാരുടെ കുറവ് കാരണം രാത്രി വൈകി എത്തുന്നവര്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു. അടിയന്തിരമായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് എന്നീ തസ്തികളില്‍ ഉള്ളവരെ താല്‍ക്കാലികമായി നിയമിക്കണം. നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശോഭാ വര്‍ഗീസ്, സെക്രട്ടറി ജി.ഷെറി, പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് വി.ആര്‍.വത്സല, ആര്‍.നിഷാന്ത്, ബി.മോഹനകുമാര്‍, കെ.സൗമ്യ, റ്റി.കെ.സുബാഷ്, സി.ബിന്ദു, രമണി വിഷ്ണു എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button