InternationalLatest

കുവൈത്ത്‌ നിന്ന് കേരളത്തിലേക്ക് 6 വിമാനങ്ങൾ

“Manju”

കുവൈത്ത്‌ സിറ്റി : വന്ദേ ഭാരത്‌ ദൗത്യത്തിന്റെ ഭാഗമായി കുവൈത്തിൽ നിന്ന് കേരളത്തിലേക്ക്‌ ഈ മാസം 28 മുതൽ ജൂൺ 4 വരെ എയർ ഇന്ത്യ എക്സ് പ്രസ്സ് ‌ 6 വിമാന സർവ്വീസുകൾ നടത്തും. തിരുവനന്ത പുരം , കോഴിക്കോട്‌ എന്നിവിടങ്ങളിലേക്ക്‌ 2 സർവ്വീസുകൾ വീതവും കൊച്ചി , കണ്ണൂർ സെക്റ്ററിൽ ഓരോ സർവ്വീസുമാണു ക്രമീകരിച്ചിരിക്കുന്നത്‌.

177 യാത്രക്കാരെയാണു ഓരോ വിമാനത്തിലും കൊണ്ടു പോകുക.വിമാനങ്ങളുടെ സമയക്രമം അടുത്ത ദിവസം പുറത്ത്‌ വിടുമെന്നാണു സൂചന.വന്ദേ ഭാരത്‌ ദൗത്യത്തിന്റെ ഭാഗമായി ഇത്‌ വരെ നാലു വിമാനങ്ങളാണു കുവൈത്തിൽ നിന്നും കേരളത്തിലേക്ക്‌ യാത്രക്കാരെ കൊണ്ടു പോയത്‌.ഇന്ത്യൻ എംബസി തയ്യാറാക്കിയ മുൻ ഗണന പട്ടിക പ്രകാരമാണു യാത്രക്കാരെ തെരഞ്ഞെടുത്തത്‌.

കേന്ദ്ര സർക്കാർ നിശ്ചയിച്ച മാന ദണ്ഠങ്ങൾ മറികടന്ന് മുൻഗണന ക്രമം അട്ടിമറിക്കുന്നതായി വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഗർഭിണികളും രോഗികളും വയോധികരുമായ അർഹരായ പലരുമാണു പട്ടികയിൽ നടത്തിയ ക്രമക്കേട്‌ മൂലം തഴയപ്പെട്ടത്‌.

തെരഞ്ഞെടുക്കപ്പെട്ട യാത്രികരുടെ പട്ടിക എംബസി വെബ്‌ സൈറ്റിൽ പ്രസിദ്ധീകരിച്ചാൽ ഒരു അളവ്‌ വരെ ഇത്തരം ക്രമക്കേടുകൾ തടയാൻ സാധിക്കുന്നതാണു. എന്നാൽ എംബസി അധികൃതർ ഇതിനെതിരെ ഉന്നയിക്കുന്ന തടസ്സ വാദങ്ങൾക്ക്‌ പിന്നിൽ ചില ഗൂഢ ലക്ഷ്യങ്ങൾ ഉള്ളതായി ആരോപണം ഉയർന്നിട്ടുണ്ട്‌.

അതിനിടെ പൊതു മാപ്പുമായി ബന്ധപ്പെട്ട് ഈ മാസം 25 മുതൽ ജൂൺ 3 വരെ കേരളത്തിലേക്ക്‌ മൂന്ന് വിമാനങ്ങൾ പുറപ്പെടും .വിവിധ ക്യാമ്പുകളിൽ കഴിയുന്ന ഇന്ത്യക്കാരിൽ ഭൂരിഭാഗം വരുന്ന ആന്ധ്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലേക്ക് വിമാനങ്ങളിൽ ആളുകൾ പോയതിന് പിന്നാലെയാണ് കേരളത്തിലേക്കുള്ള മൂന്ന് വിമാനങ്ങൾ ഏർപ്പെടുത്തിയത്‌. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണു പൊതുമാപ്പ്‌ യാത്രക്കാരുമായുള്ള വിമാനങ്ങൾ പുറപ്പെടുക.

ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരും ധാരണയായതായി പ്രവാസി മലയാളികളെ തിരിച്ച് കൊണ്ടുവരുന്നതിന് ചുമതലയുള്ള നോർക്ക പ്രിൻസിപ്പൾ സെക്രട്ടറി ഡോ.ഇളങ്കോവൻ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത്ത് കുമാറിനെ അറിയിച്ചു. ഇത്‌ സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം കല കുവൈറ്റും, ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത്ത് കുമാറും മുഖ്യമന്ത്രിക്കും കേന്ദ്രസർക്കാരിനും ‌ കത്തയിച്ചിരുന്നു

Related Articles

Back to top button