KeralaLatest

അര്‍ഹമായ കേന്ദ്രസഹായം ലഭ്യമാകുന്നില്ലെന്ന് മുഖ്യമന്ത്രി

“Manju”

ശ്രീജ.എസ്

 

സംസ്ഥാനം നേരിട്ട ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ ചെലവുകളില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സാഹചര്യങ്ങളിലാണ് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ സഹായം ലഭ്യമാകേണ്ടത് എന്നു പറഞ്ഞ മുഖ്യമന്ത്രി കേരളത്തിന് അര്‍ഹമായ കേന്ദ്ര സഹായം ലഭ്യമാകുന്നില്ലെന്നും കുറ്റപ്പെടുത്തി. ഇടതു സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം നേരിട്ട ദുരന്തങ്ങള്‍ ചെറുതല്ല. സംസ്ഥാനത്തിന് ചെലവുകള്‍ വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 15%വര്‍ധന ചെലവുകളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെയാണ് കേന്ദ്രത്തില്‍നിന്ന് അര്‍ഹമായ സഹായം ലഭ്യമാകേണ്ടത്. എന്നാല്‍ അത്തരത്തില്‍ അര്‍ഹമായസഹായം ലഭ്യമാകുന്നില്ല എന്നത് ഗുരുതരമായ അവസ്ഥയാണ്. അതിനെ മറികടക്കാന്‍ തനതായ വഴികള്‍ കണ്ടെത്തല്‍ മാത്രമേ മാര്‍ഗമുള്ളൂ.

സംസ്ഥാനങ്ങളുടെ അവകാശം പൊതുവെ അംഗീകരിക്കുന്ന മട്ടിലല്ല കേന്ദ്രം നീങ്ങിയിട്ടുളളത്. ഇത് കേന്ദ്ര- സംസ്ഥാന ബന്ധത്തിലുണ്ടാക്കിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ തന്നെയാണ്. നമുക്ക് വേണ്ടത് സംതൃപ്തമായ സംസ്ഥാനങ്ങളാണ്. അതിനാവശ്യമായ ഇടപെടല്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത് ആവശ്യമാണ്. അത് ഓരോ ഘട്ടത്തിലും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. തുറന്നുപറയേണ്ടത് പറഞ്ഞിട്ടുണ്ട്. ചിലത് പ്രക്ഷോഭരൂപത്തില്‍ പറയേണ്ടി വന്നപ്പോള്‍ അപ്രകാരവും പറഞ്ഞിട്ടുണ്ട് മൊത്തത്തിലെടുത്താല്‍ സംസ്ഥാനത്തെ സംതൃപ്തമാക്കുന്ന നടപടികളില്‍ പൂര്‍ണതയുണ്ടായെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

ബജറ്റിന് പുറത്ത് പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കാനായി ധനസമാഹാപരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബി പുനഃസംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 50,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനം ബജറ്റിന് പുറത്ത് പണം കണ്ടെത്തി നടപ്പാക്കാനാണ് ഉദ്ദേശിച്ചത്.

കിഫ്ബി പുനരുജ്ജീവനത്തിന്റെ തനതുവഴിയാണ്. 54,391 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബജറ്റിന് പുറത്തുള്ള ധനസമാഹരണത്തിന്റെ ഭാഗമായി മസാല ബോണ്ടുകള്‍ വഴി 2180 കോടി രൂപ സമാഹരിക്കാന്‍ സാധിച്ചു. കിഫ്ബി മുഖേന സാധാരണ വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റമുണ്ടാക്കാനാണ് സാധിക്കുന്നത്.

നാം വളര്‍ത്തിയെടുത്തത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നവകേരള സംസ്‌കാരമാണെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുത് എന്ന തീരുമാനത്തിന്റെ ഭാഗമായാണ് കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചതെന്നു വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങളെയും ക്ഷേമപദ്ധതികളുടെ കുടക്കീഴിലാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19 നെ പ്രതിരോധിക്കാന്‍ കരുത്ത് നല്‍കിയ ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ ആര്‍ദ്രം മിഷനാണ്. സംസ്ഥാനത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ആര്‍ദ്രം മിഷന്‍ നടപ്പാക്കിയതിലൂടെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ലാബ്, ഫാര്‍മസി, സജീവമായ ഒ.പികള്‍ സ്‌പെഷ്യാലിറ്റി ചികിത്സകളെല്ലാം ലോകം ഉറ്റു നോക്കുന്ന നിലവാരത്തിലെത്തിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

കോവിഡ് കാലത്ത് ഒരു പെന്‍ഷനും ഇല്ലാത്തവര്‍ക്ക് ആയിരം രൂപ വീതം നല്‍കി. എല്ലാവര്‍ക്കും സൗജന്യ റേഷനും ഭക്ഷണക്കിറ്റും നല്‍കി. അതിഥി തൊഴിലാളികള്‍ക്ക് അപ്‌നാഘര്‍ പദ്ധതി പ്രകാരം വീടുകള്‍ നിര്‍മിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button