KeralaLatest

മനോദൗര്‍ബല്യമുള്ള സഹോദരങ്ങള്‍ക്ക് സാന്ത്വനമായി ആശ്രയ സങ്കേതം

“Manju”

അഖിൽ ജെ എൽ

മനോരോഗം തകര്‍ത്ത നിരാശ്രയരായ മൂന്ന് സഹോദരങ്ങളുടെ ജീവിത ദുരിതത്തിന്റെ ലോക്ക് ഡൗണ്‍ തീര്‍ന്നു. ഇനിയിവര്‍ ആശ്രയ സങ്കേതത്തിന്റെ സാന്ത്വനത്തണലില്‍ കഴിയും. ഇളമാട് ഗ്രാമപഞ്ചായത്തിലെ കാരാളിക്കോണം വാര്‍ഡില്‍ രാഘവ സദനത്തില്‍ പരേതരായ രാഘവനാചാരിയുടെയും ഭവാനിയുടെയും മക്കളായ ബിജു(42), സുജ(41 ), ബൈജു(39) എന്നിവര്‍ക്കാണ് ആശ്രയ സ്‌നേഹത്തിന്റെ കരുതല്‍ സ്പര്‍ശമായത്.

മാനസികരോഗത്തിന്റെ പിടിയിലായിരുന്ന മൂവരും മാതാപിതാക്കളുടെ തണലിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ നാല് മാസങ്ങള്‍ക്ക് മുന്‍പ് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് പിതാവും എട്ടു ദിവസങ്ങള്‍ക്ക് മുന്‍പ് കാന്‍സര്‍ ബാധിതയായ മാതാവും മരണപ്പെട്ടതോടെയാണ് ഇവര്‍ ദുരിതത്തിലായത്.

പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത ഈ സഹോദരങ്ങളുടെ ദുരിത ജീവിതത്തെക്കുറിച്ച് അറിഞ്ഞ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ വിവരം കൊട്ടാരക്കര തഹസില്‍ദാര്‍ക്ക് കൈമാറി.
ഇവരെ ഏറ്റെടുക്കണമെന്ന് തഹസില്‍ദാര്‍ ആശ്രയ ജനറല്‍ സെക്രട്ടറി കലയപുരം ജോസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മൂന്ന് സഹോദരങ്ങളുടെയും തുടര്‍സംരക്ഷണവും ചികിത്സയും ആശ്രയ ഏറ്റെടുക്കുകയായിരുന്നു.

കൊട്ടാരക്കര തഹസില്‍ദാര്‍ എ തുളസീധരന്‍ പിള്ള, ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ചിത്ര, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ആര്‍ ഷിജു, അജിലാല്‍, ഇളമാട് വില്ലേജ് ഓഫീസര്‍ ആര്‍ ജലജ, വാര്‍ഡ് മെമ്പര്‍ സലീന ബീവി, സന്തോഷ്‌കുമാര്‍, രഞ്ജിത്ത്, ശ്രീജയ, സിനി തുടങ്ങിയവര്‍ സന്നിഹിതരായി.

Related Articles

Back to top button