KeralaLatest

ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഇന്നും നാളെയും ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കാലം എത്തിയ ശേഷം ആദ്യമായാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്‌ക്കാണ് സാധ്യത. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം.

ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കണം. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കി.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, തെക്കന്‍ കേരളത്തിലെ മലയോര മേഖലയില്‍  മഴ തുടരുകയാണ്. തിരുവനന്തപുരത്ത് മലയോര മേഖലയില്‍ രണ്ട് മണിക്കൂറായി കനത്ത മഴ തുടരുന്നു. വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. ശക്തമായ മഴ തുടര്‍ന്നാല്‍ അരുവിക്കര ഡാം തുറക്കാന്‍ സാധ്യതയുണ്ട്. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

Related Articles

Back to top button