KannurKeralaLatest

15 മിനിറ്റുകൊണ്ട് മുഖം വരച്ച്‌ അനൂപ്

“Manju”

ഹർഷദ് ലാൽ തലശ്ശേരി

പയ്യന്നൂർ : 15 മിനിറ്റെന്നത് അനൂപിനെ സംബന്ധിച്ച് ചില്ലറ കാര്യമല്ല. ഈ കുറഞ്ഞ സമയം കൊണ്ട് ജീവൻ തുടിക്കുന്ന മുഖത്തിന്റെ ചിത്രം തീർത്തിരിക്കും യുവ ചിത്രകാരൻ. കണ്ടുമുട്ടുന്ന ആരെയും മിനിറ്റുകൾക്കുള്ളിൽ പെൻസിൽ വരയാൽ പുനഃസൃഷ്ടിക്കാനുള്ള അനുവിന്റെ വേഗവര ഏതൊരാളെയും വിസ്മയിപ്പിക്കും.

ചാർക്കോളും പെൻസിലും അല്പം ജലച്ചായവും ചേരുന്നതോടെ മനുഷ്യമുഖങ്ങൾ തെളിയും. മുഖം നോക്കി വരക്കാനാണ് താത്‌പര്യമെങ്കിലും പലർക്കും സമയം ചെലവഴിക്കാൻ താത്‌പര്യമില്ലാത്തതിനാലും ലോക് ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാലും ചിത്രങ്ങൾ മൊബൈൽ നോക്കിയാണ് വരയ്ക്കുന്നത്.

ചിത്രകാരൻ എം.വി.ദേവന്റെ ശിക്ഷണത്തിൽ മാഹി മലയാള കലാഗ്രാമത്തിൽ നിന്നാണ് ശാസ്ത്രീയമായി വരകളുടെ രസതന്ത്രം സ്വന്തമാക്കിയത്. പിലാത്തറയിൽ സ്റ്റിക്കർ കട്ടിങ് സ്ഥാപനം നടത്തുന്ന മണിയറ പൂമാലക്കാവ് സ്വദേശി അനൂപ് ലോക് ഡൗൺ വിരസതയകറ്റാൻ തുടങ്ങിയതാണ് വേഗവര.

മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമ പാലകർ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങി ഇരുനൂറ്റിയമ്പതോളം പേരുടെ മുഖചിത്രങ്ങളാണ് ലോക്ഡൗണിൽ കാൻവാസിൽ തെളിഞ്ഞത്. ലാൽ ജോസ്, ആർട്ടിസ്റ്റ് നമ്പൂതിരി തുടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ബി.എസ്.എൻ.എല്ലിൽ നിന്നും വിരമിച്ച കെ. കുഞ്ഞിരാമന്റെയും ഉമാദേവിയുടെയും മകനാണ്. ഭാര്യ ശ്യാമ. ആദിശ്രീയും ആദിലക്ഷ്മിയും മക്കളാണ്.

 

Related Articles

Back to top button