InternationalLatest

മടങ്ങാനാകാതെ കരാർ കഴിഞ്ഞ തൊഴിലാളികൾ

“Manju”

സിന്ധുമോള്‍ ആര്‍

 

ദോഹ: ഹ്രസ്വകാല കരാറിൽ ജോലിക്കെത്തിയ വിദഗ്ധ തൊഴിലാളികൾ കരാർ കാലാവധിയും ജോലിയും കഴിഞ്ഞിട്ടും നാട്ടിലേക്ക്​ തിരിച്ചുപോകാനാകാതെ പ്രയാസത്തിൽ. കോവിഡ്​ ​പ്രതിസന്ധിയിൽ നാട്ടിലേക്കുള്ള വിമാനങ്ങൾ ഇല്ലാതായതോടെയാണ്​ മലയാളികളടക്കമുള്ള ഇന്ത്യക്കാർ പ്രയാസത്തിലായിരിക്കുന്നത്.

റാസ്​ലഫാനിൽ വിവിധ ഓയിൽ, ഗ്യാസ്​ റിഫൈനറികളിൽ വാർഷിക അറ്റകുറ്റപണികൾക്കായി എത്തിയവരാണിവർ. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളാണ്​ ഇത്തരത്തിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി എത്തിയത്​. ഏകദേശം 3000 പേർ ഉണ്ട്​. ഇതിൽ 400 ഓളം പേർ മലയാളികളാണ്​. മെക്കാനിക്കൽ, പൈപ്പിങ്​, ഇൻസ്​ട്രുമെ​ന്റേഷൻ മേഖലകളിലെ സാ​​ങ്കേതിക വൈദഗ്​ധ്യമുള്ള തൊഴിലാളികളാണിവർ. ക്യു കോൺ കമ്പനി വഴിയെത്തിയ മലയാളി തൊഴിലാളികളടക്കമുള്ളവർ നാട്ടിലേക്ക്​ മടങ്ങാനാകാതെ റാഫ്​ലഫനാലിലെ ക്യാമ്പിൽ കഴിയുകയാണ്​.

ഇവർക്ക്​ താമസം, ഭക്ഷണം, ഇതുവരെയുള്ള ജോലിക്കുള്ള ശമ്പളം എന്നിവ കമ്പനി തന്നെ നൽകുന്നുണ്ട്​. വിമാനമില്ലാത്തതിനാലും ഇന്ത്യൻ എംബസി വഴിയുള്ള യാത്രക്കാരിൽ ഇവർ ഉൾപ്പെടാത്തതിനാലും കമ്പനികളും ബുദ്ധിമുട്ടിലാണ്​. എന്നാൽ ക്യു കോൺ കമ്പനി ചാർ​ട്ടേഡ്​ വിമാനസർവീസിനായി നേരത്തേ ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകിയിരുന്നു. ഇതുപ്രകാരം കമ്പനിക്ക്​ അനുമതി ലഭിച്ചുവെന്നാണ്​ അറിയുന്നത്​. ഇത്തരത്തിലുള്ള തൊഴിലാളികളെ കൊണ്ടുപേകാനായി മാത്രം വിമാനം ഉപയോഗ​പ്പെടുത്തണമെന്നും ഇന്ത്യയിൽ നിന്ന്​ വിമാനം മടങ്ങിവരു​മ്പോൾ കാർഗോ ആയി മാത്രം മടങ്ങണമെന്നും എംബസിയിൽ നിന്ന്​​ കിട്ടിയ മറുപടിയിൽ വ്യക്​തമാക്കുന്നുണ്ട്​. ചാർട്ടർ വിമാനങ്ങൾക്ക്​ കേന്ദ്രസർക്കാറിൽ നിന്ന്​ അനുമതി ലഭിച്ചിട്ടുണ്ടെന്നും മറ്റ്​ തുടർനടപടികൾക്ക്​ കാത്തിരിക്കുകയാണെന്നും എംബസി നൽകിയ അറിയിപ്പിൽ പറയുന്നുണ്ട്​. എവിടേക്കാണോ പോകേണ്ടത്​ ആ സംസ്​ഥാനത്തിൻെറ അനുമതി, ഖത്തർ സർക്കാറിൻെറ അനുമതി എന്നിവയും ഇക്കാര്യത്തിൽ ആവശ്യമാണ്.

കോവിഡ്–19 പ്രതിസന്ധിയെ തുടർന്ന് കരാർ കഴിഞ്ഞതിനാലും പദ്ധതി അവസാനിച്ചതിനാലും എണ്ണ–പ്രകൃതിവാതക മേഖലകളിലെ നൂറുകണക്കിന് വിദഗ്ധ തൊഴിലാളികളാണ് തിരികെ നാട്ടിലേക്ക് മടങ്ങാനാകാതെ ഖത്തറിൽ കുടുങ്ങിയിരിക്കുന്നത്.എണ്ണ–പ്രകൃതി മേഖലകളിലെ ഷട്ട് ഡൗൺ പദ്ധതി ജോലിക്കായി ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി നിരവധി വിദഗ്ധ തൊഴിലാളികളാണ് എല്ലാ വർഷവും ഖത്തറിലേക്കെത്തുന്നത്.

ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്​ ഇവർ എത്തുന്നത്​. ഓരോ ഷട്ട് ഡൗൺ പദ്ധതികളുടെയും കാലാവധി രണ്ടോ മൂന്നോ മാസം മാത്രമാണ്​. എന്നാൽ നിരവധി വിദഗ്ധ തൊഴിലാളികളെ ഇതിനായി കമ്പനികൾക്ക്​ എത്തിക്കേണ്ടി വരുന്നുണ്ട്​. നാട്ടിലടക്കം മാധ്യമങ്ങളിൽ പരസ്യം ചെയ്​ത്​ മാൻപവർ കമ്പനി വഴിയും തൊഴിലാളികളെ എത്തിക്കാറുണ്ട്​. രണ്ടോ മൂന്നോ മാസത്തെ കരാർ കാലാവധി കഴിയുന്നതോടെ തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കാറാണ് പതിവ്​.

കരാർ പ്രകാരം പദ്ധതി പൂർത്തിയാകുന്നതോടെ ഇവരെ തിരിച്ചയക്കേണ്ട ഉത്തരവാദിത്തം കമ്പനികൾക്കാണ്​. ബിസിനസ്​ വിസിറ്റ്​ വിസയിലാണ്​ തൊഴിലാളികളെ കമ്പനികൾ കൊണ്ടുവരുന്നത്​. ഇതിനിടയിൽ ജോലി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ വിസ കാലാവധി നീട്ടി നൽകും. ജോലി പൂർത്തിയായതിനാൽ കഴിഞ്ഞ ഏ​പ്രിൽ മാസത്തിൽ നാട്ടിലേക്ക്​ മടങ്ങേണ്ടിയിരുന്നവരാണ്​ ഇപ്പോൾ ഖത്തറിൽ കുടുങ്ങിക്കിടക്കുന്നത്​.

Related Articles

Back to top button