IndiaLatest

ലോക്ക്ഡൗണില്‍ നഷ്ടപ്പെട്ട തൊഴിലുകള്‍ തിരിച്ചു വരുന്നു

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടവരില്‍ വലിയൊരു ശതമാനം ആളുകള്‍ക്ക് തൊഴില്‍ ലഭിച്ചു തുടങ്ങിയെന്ന് കണക്കുകള്‍. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമി (സി.എം.ഇ.ഐ) റിപ്പോര്‍ട്ടുകള്‍ പ്രകാരം 2.1 കോടി ആളുകള്‍ക്ക് കഴിഞ്ഞ മെയ് മാസത്തില്‍ തൊഴില്‍ ലഭിച്ചു. അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 23.5% എന്ന ഉയര്‍ന്ന നിരക്കില്‍ തന്നെയാണെന്നും സി.എം.ഇ.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

മെയ് മാസത്തില്‍ തിരികെ തൊഴില്‍ ലഭിച്ചവരില്‍ അധികവും ചെറുകിട വ്യാരികള്‍, ദിവസവേതന തൊഴിലാളികള്‍ എന്നിവരാണ്. 1.44 കോടി ആളുകള്‍ക്കാണ്‌ ഈ വിഭാഗത്തില്‍ തൊഴില്‍ ലഭിച്ചത്. മാത്രമല്ല സ്വയം തൊഴില്‍ സംരംഭങ്ങളില്‍ കൂടി തൊഴില്‍ കണ്ടെത്തിയിരുന്നവരും പതിയെ തങ്ങളുടെ വ്യാപാരത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്.

മെയ് മാസത്തെ കണക്കുകള്‍ പ്രകാരം പുതിയ തൊഴില്‍ അവസരങ്ങളുടെ കാര്യത്തില്‍ 7.5% വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ചെറുകിട വ്യാപാരികളുടെയും ദിവസവേതന തൊഴിലവസരങ്ങളില്‍ 39% വര്‍ധന രേഖപ്പെടുത്തി. ലോക്ക് ഡൗണിനെ തുടര്‍ന്ന് 12.2 കോടി ആളുകള്‍ക്കായിരുന്നു തൊഴില്‍ നഷ്ടപ്പെട്ടതെന്നും സി.എം.ഇ.ഐ പറയുന്നു.

മെയില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 23.5 ശതമാനമായി വര്‍ധിച്ചിരുന്നു. എന്നിരുന്നാലും, തൊഴില്‍ പങ്കാളിത്ത നിരക്ക് 35.6 ശതമാനത്തില്‍ നിന്ന് 38.2ശതമാനമായും തൊഴില്‍ നിരക്ക് 27.2 ശതമാനത്തില്‍ നിന്ന് 29.2 ശതമാനമായും ഉയര്‍ന്നുവെന്ന് സി.എം.ഇ.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, വലിയ ശമ്പളം ലഭിക്കുന്ന ജോലികള്‍ നഷ്ടപ്പെടുന്നതില്‍ സി.എം.ഇ.ഐ മേധാവി മഹേഷ് വ്യാസ് ആശങ്ക പ്രകടിപ്പിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് നഷ്ടപ്പെട്ട ഇത്തരം ജോലികള്‍ തിരികെ ലഭിക്കുക വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറയുന്നു.

വിവിധ സാമ്പത്തിക വിദഗ്ധര്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് പ്രവചിക്കുന്നു. ഇത് വരാന്‍ പോകുന്ന മാന്ദ്യത്തിന്റെ സൂചനകളാണ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന ലോക്ക്ഡൗണ്‍ രാജ്യത്തിന് എത്രത്തോളം ആഘാതമുണ്ടാക്കിയെന്ന് ജൂണ്‍ മാസം മുതല്‍ വ്യക്തമായി തുടങ്ങുമെന്നും സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നു. .

Related Articles

Back to top button