KeralaLatest

ഇടുക്കി അണക്കെട്ട്​ തുറക്കേണ്ടിവന്നാൽ ജാഗ്രതാ നിര്‍ദ്ദേശം നല്‍കാന്‍ സൈറൺ

“Manju”

സിന്ധുമോള്‍ ആര്‍

 

തൊടുപുഴ: ഇടുക്കി അണക്കെട്ട്​ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പരിസരവാസികൾക്ക് ജാഗ്രത നിർദേശം നൽകുന്നതിനായി ആദ്യപരീക്ഷണ സൈറൺ മുഴക്കി. ചൊവ്വാഴ്​ച രാവിലെ 11.20 ഓടെ ആയിരുന്നിത്​.​
ട്രയൽ സൈറൺ സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നതിനാൽ പരിസരവാസികൾക്ക് ആശങ്കയ്ക്ക്​ ഇടനൽകിയില്ല. ട്രയൽ സൈറൺ ബുധനാഴ്​ചയും തുടരും.
അഞ്ചുകിലോമീറ്റർ ശബ്ദ ദൂരപരിധി ശേഷിയുള്ള സൈറനാണ് മുമ്പ്​​ ഉപയോഗിച്ചത്. പ്രദേശത്തി​​ന്റെ പ്രത്യേകതയെ തുടർന്ന് ശബ്ദം ഇത്രയും ദൂരം എത്തിയിരുന്നില്ല. അതുകൊണ്ട്​ ഇത്തവണ എട്ട് കിലോമീറ്റർ ദൂരപരിധിയിൽ ശബ്ദമെത്തുന്ന പുതിയ സൈറൺ ഡാമി​​ന്റെ വിവിധ ഭാഗങ്ങളിൽ​ വെച്ചാണ്​ ട്രയൽ നടത്തുന്നത്​.
ഏറ്റവും കൂടുതൽ ദൂരത്തേക്ക് ശബ്ദമെത്തുന്ന രീതിയിലായിരിക്കും സൈറൺ ക്രമീകരിക്കുന്നത്. ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാൽ പരിസരവാസികൾക്ക് ജാഗ്രത നിർദേശം നൽകുന്നതിനായാണ്​ ഡാം ടോപ്പിൽ സൈറൺ മുഴക്കുന്നത്. എ.ഇ മലയരാജ്, ​കെ.എസ്​.ഇ.ബി സബ് എൻജിനീയർ സുനിൽകുമാർ, സബ് എൻജിനീയർ ഇൻചാർജ് ലാലി പി.ജോൺ, തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നിത്.
ഇടുക്കി ഡാം ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കലക്ടർ എച്ച്. ദിനേശൻ. ചൊവ്വാഴ്​ച 2338 അടിയായിരുന്നു സംഭരണിയിലെ ജലനിരപ്പ്. 2373 അടിയാണ് ഷട്ടർലെവൽ. ഷട്ടർലെവലിൽനിന്ന്​ എട്ട്​ അടി താഴ്ചയിൽ 2365 അടിയിൽ ജലനിരപ്പ് ഉയരുമ്പോൾ നീല അലെർട്ടും 2371 അടിയിലെത്തുമ്പോൾ ഓറഞ്ച് അലർട്ടും 2372 അടി ജലനിരപ്പ് ഉയരുമ്പോൾ റെഡ് അലർട്ടും പ്രഖ്യാപിക്കും. ജലനിരപ്പ് ഷട്ടർ ലെവലിലെത്താൻ 35 അടികൂടി ആവശ്യമായതിനാൽ നിലവിൽ ഭീതിയുടെ സാഹചര്യമില്ല.

Related Articles

Back to top button