KeralaLatest

അപ്പർകുട്ടനാട് കാർഷികവികസന സമിതിയുടെ പദ്ധതിയ്ക്ക് 100 കോടി അനുവദിച്ചു

“Manju”

അനൂപ്

മാവേലിക്കര- അപ്പർകുട്ടനാടിന്റെ സമഗ്രവികസനം ലക്ഷ്യംവച്ച് അപ്പർകുട്ടനാട് കാർഷികവികസന സമിതി കേന്ദ്ര സർക്കാരിന് സമർപ്പിച്ച നാനൂറ്റി അറുപതു കോടി രൂപയുടെ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. ഗോപൻ ചെന്നിത്തല ചെയർമാനായുള്ള കാർഷികവികസന സമിതി സുരേഷ് ഗോപി എം.പി മുഖേനയാണ് പദ്ധതി കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്. മാതൃക പദ്ധതി ചെയ്യുന്നതിനായി നൂറുകോടി രൂപ അനുവദിച്ചതായി കേന്ദ്ര ക്യഷി മന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ അറിയിപ്പ് ലഭിച്ചതായി സുരേഷ് ഗോപി എം.പി ഗോപൻ ചെന്നിത്തലയെ അറിയിച്ചു.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഇരുപത്തിയൊന്ന് ഗ്രാമപഞ്ചായത്തും നാല് മുൻസിപ്പാലിറ്റികളും ഉൾപ്പെടുന്ന പ്രദേശമാണ് പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്തിട്ടുള്ളത്. 2016 ഒക്ടോബർ 10ന് ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ ഈ മേഖലയിലെ കർഷകരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് വിദഗ്ധരുടെ നേത്യത്വത്തിൽ വിപുലമായ സെമിനാർ സംഘടിപ്പിച്ചിരുന്നു. കാർഷിക രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞരായ ഡോ.കെ.ജി.പത്മകുമാർ, ഡോ.ലീനാകുമാരി, ഡോ.ജയപ്രകാശ്, ആർ.ഹേലി എന്നിവരും പങ്കെടുത്തിരുന്നു.

ഡോ.അനിൽകുമാർ തുടങ്ങി സെമിനാറിൽ പങ്കെടുത്ത കർഷകരും ജനപ്രതിനിധികളും അപ്പർകുട്ടനാട് മേഖലയിലെ കാർഷികരംഗം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വിവരങ്ങൾ ശേഖരിച്ചാണ് വിശദമായ പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്. പദ്ധതിയുടെ കരട് സംസ്ഥാന സർക്കാരിനും കൈമാറിയിരുന്നു. കേന്ദ്ര സർക്കാർ തുക അനുവദിക്കുന്ന മുറയ്ക്ക് മാതൃക പദ്ധതി 18 വാർഡുകളുള്ള ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ ആദ്യം നടപ്പിലാക്കുമെന്ന് സമിതി ചെയർമാൻ ഗോപൻ ചെന്നിത്തല അറിയിച്ചു.

Related Articles

Back to top button