KeralaLatest

പല്ല് തേക്കാത്തതിന് വഴക്ക് പറഞ്ഞ അമ്മയെ ഭീതിയുടെ മുൾമുനയിൽ നിർത്തി അഞ്ച് വയസുകാരി

“Manju”

 

പാലോട് • പല തവണ പല്ലു തേക്കാൻ പറ‍ഞ്ഞിട്ടും അനുസരിക്കാത്ത 5 വയസ്സുകാരി അമ്മ വഴക്കു പറഞ്ഞതിനെത്തുടർന്നു മണിക്കൂറുകൾ വീട്ടിലൊളിച്ച സംഭവം ചോഴിയക്കോട് ഓന്തുപച്ച ഗ്രാമത്തെ ഭയപ്പാടിന്റെ മുൾമുനയിൽ നിർത്തിയത് 2 മണിക്കൂറിലേറെ. രാവിലെ 9ന് അമ്മ പല തവണ പല്ലു തേക്കാൻ വിളിച്ചിട്ടും കുട്ടി ചെന്നില്ല. വഴക്കു പറഞ്ഞിട്ട് അമ്മ അകത്തേക്കു പോയി. കുറച്ചു കഴിഞ്ഞു തിരികെ വന്നപ്പോൾ കുഞ്ഞിനെ കാണാനില്ല. ഏറെ നേരം വീട്ടിലും പരിസരത്തും തിരഞ്ഞിട്ടും ഫലമില്ല. പേടിച്ച വീട്ടുകാർ നാട്ടുകാരെ അറിയിച്ചു അവർ പരിസരമാകെ അരിച്ചു പെറുക്കി, ഇതിനിടെ ഒരു ഓട്ടോ വീടിനു സമീപത്തു വന്നു പോയതായി ചിലർ പറഞ്ഞതോടെ ഭയം ഇരട്ടിച്ചു. വിവരം കാട്ടുതീ പോലെ പടർന്നു.
കുളത്തൂപ്പുഴ സിഐ കെ.എസ് വിജയന്റെ നേതൃത്വത്തിൽ പൊലീസ് എത്തി. പിന്നാലെ പഞ്ചായത്ത് പ്രസിഡന്റും വില്ലേജ് ഓഫിസറും അടക്കം വന്നു. വൻ ജനാവലിയും അന്വേഷണം നാലു ദിക്കിലേക്കും വ്യാപിപ്പിച്ചു. 2 മണിക്കൂർ കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാതെ വന്നതോടെ വീട്ടുകാർ അലമുറയിട്ടു കരച്ചിലായി. ഇതിനിടെ ഒന്നു കൂടി വീടിനകത്ത് പരിശോധിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് പി. ലീലാദേവി പറഞ്ഞത് അനുസരിച്ച് വിശദമായ തിരച്ചിൽ നടത്തിയപ്പൊഴാണ് കിടപ്പു മുറിയിലെ അലമാരയോട് ചേർന്നു കുട്ടിയെ കണ്ടത്. കർട്ടനു മറവിൽ ഇതെല്ലാം കണ്ടും കേട്ടും ചിരിയോടെ ഒളിച്ചിരിക്കുകയായിരുന്നു പല്ലു തേക്കാത്ത ‘ഭയങ്കരി’.

Related Articles

Back to top button