KeralaLatest

പ്രളയകാരണം ഡാം തുറന്നതല്ല, അതിവര്‍ഷ വാദം ആവര്‍ത്തിച്ച് കെഎസ്ഇബി

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: 2018ലുണ്ടായ പ്രളയം ഡാം മാനേജ്മെന്റിലുണ്ടായ പിഴവാണെന്ന് ആരോപിച്ച് ഹൈക്കോടതിയിലെത്തിയ ഹർജികളിൽ അതിവർഷ വാദം ആവർത്തിച്ച് കെഎസ്ഇബി. പ്രളയത്തിനു കാരണം ശരാശരിയെക്കാൾ 168 ശതമാനം അധികം മഴ പെയ്തതാണെന്ന് കെഎസ്ഇബി ഹൈക്കോടതിയിൽ ആവർത്തിച്ചു. അണക്കെട്ടുകൾ തുറന്നതാണ് പ്രളയ കാരണം എന്ന വാദം ശരിയല്ല. പ്രതീക്ഷിച്ചതിനെക്കാൾ കൂടിയ മഴ പെയ്യുന്ന സാഹചര്യത്തിൽ അണക്കെട്ടുകൾ തുറക്കേണ്ടി വരും.

എന്നാൽ ഈ വർഷം അണക്കെട്ടുകൾ തുറക്കേണ്ടി വരില്ലെന്നാണു കാലാവസ്ഥാ പ്രവചനമെന്നും കെഎസ്ഇബി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കെഎസ്ഇബിയുടെ അണക്കെട്ടുകളില്‍ സംഭരണ ശേഷിയുടെ 23.9 ശതമാനം മാത്രം വെള്ളമാണുള്ളത്. അണക്കെട്ടുകളിലെ ജലനിരപ്പ് ശാസ്ത്രീയമായി നിരീക്ഷിക്കുന്നുണ്ട്. ഇടുക്കിയിലെ ആറു ജനറേറ്ററുകളിൽ നാലെണ്ണമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ഏതെങ്കിലും കാരണവശാൽ പ്രളയമുണ്ടായാൽ നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

മഹാ പ്രളയത്തിനു കാരണം മുന്നറിയിപ്പില്ലാതെ അണക്കെട്ടുകൾ തുറന്നു വിട്ടതാണെന്നും ഡാം മാനേജ്മെന്റിൽ ഗുരുതരമായ പാളിച്ചയുണ്ടായെന്നും ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തേ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഡാമുകൾ തുറക്കുന്നതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല. മഴയുടെ അളവ് തിരിച്ചറിയാൻ നിയോഗിച്ചവർക്ക് അതിന് സാധിച്ചില്ലെന്നും ഡാം തുറക്കുന്നതിനുള്ള നിയമങ്ങൾ പാലിച്ചില്ലെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള മുന്നറിയിപ്പുകൾ സംസ്ഥാനം അവഗണിച്ചെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

Related Articles

Back to top button