KeralaLatest

മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡ് രോഗികളെക്കൊണ്ട് നിറയുന്നു

“Manju”

മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡ് രോഗികളെക്കൊണ്ട് നിറയുന്നു. കൂടുതൽ രോഗികളെത്തിയാൽ പ്രവേശിപ്പിക്കാൻ സ്ഥലമില്ല. അത്തരം സാഹചര്യത്തിൽ മറ്റ് ചികിത്സാ വിഭാഗങ്ങളിൽ ചിലത് അടയ്ക്കേണ്ട സ്ഥിതിയാണ്. ജനറൽ മെഡിസിൻ ബ്ലോക്കിലെ 4 വാർഡുകളാണ് കോവിഡ് രോഗികൾക്കായി മാറ്റിവച്ചത്. ഓരോ വാർഡിലും 40 രോഗികളെയാണ് സാമൂഹിക അകലം പാലിച്ച് കിടത്താൻ കഴിയുക.

ഇവരിൽ രോഗം സ്ഥിരീകരിച്ചവർ, രോഗലക്ഷണം പ്രകടിപ്പിക്കുന്നവർ, സമ്പർക്കം ഉണ്ടായതായി സംശയിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളായി തിരിച്ച് കിടത്തണം. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനാൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചെത്തുന്ന രോഗികളെ പ്രവേശിപ്പിക്കുവാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ്. ഐസലേഷൻ വാർഡും നിറഞ്ഞു.ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 75 ശതമാനം പേരും നിരീക്ഷണത്തിനുമാത്രമായി വാർഡുകളിൽ തങ്ങുന്നവരാണ്.

ഇവരെ മറ്റേതെങ്കിലും കേന്ദ്രത്തിലേക്ക് മാറ്റി രോഗം സ്ഥിരീകരിച്ചെത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ സ്ഥലമൊരുക്കുവാൻ അനുമതിക്കായി ആശുപത്രി അധികൃതർ ജില്ലാ ഭരണകൂടത്തെ സമീപിച്ചു. കൂടുതൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന പക്ഷം മറ്റ് ചികിത്സാ വിഭാഗങ്ങളിൽ ചിലതിന്റെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

സന്ദർശകർക്ക് കർശന വിലക്ക്

മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ നാളെ മുതൽ സന്ദർശകർക്ക് കർശനമായ വിലക്ക് ഏർപ്പെടുത്തി. പ്രധാന ഗേറ്റ് അടച്ച് പ്രവേശനം നിയന്ത്രിക്കാനാണ് തീരുമാനം. ഒരു രോഗിയോടൊപ്പം ഒരു സഹായിക്ക് മാത്രമായിരിക്കും ആശുപത്രിക്ക് അകത്തേക്ക് പ്രവേശനം.

ബിന്ദുലാൽ തൃശൂർ

Related Articles

Back to top button