KeralaLatest

കൂടത്തായി കൊലപാതക പരമ്പര: വിചാരണ ഇന്ന് തുടങ്ങും, ജോളിയെ കോടതിയില്‍ ഹാജരാക്കും

“Manju”

സിന്ധുമോള്‍ ആര്‍

 

കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലപാതക പരമ്പര കേസില്‍ പ്രാഥമിക വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും. കോഴിക്കോട് സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. ജയിലിലുള്ള ജോളി ജോസഫിനെ കോടതിയില്‍ ഹാജരാക്കും. കൊലപാതക പരമ്പരയില്‍ പെട്ട സിലി വധക്കേസാണ് ഇന്ന് പരിഗണിക്കുന്നത്. ഇന്ന് വാദം കേട്ട ശേഷം തുടര്‍ വിചാരണ നടപടികള്‍ എന്നു തുടങ്ങണമെന്ന് കോടതി തീരുമാനിക്കും.
സംസ്ഥാനത്തിന് പുറത്തുകൂടി ചര്‍ച്ചയായ കേസായിരുന്നു കൂടത്തായി കൊലപാതക പരമ്പര. ആര്‍ക്കും സംശയം തോന്നാതെ വ്യത്യസ്ത ഘട്ടങ്ങളിലായാണ് ജോളി സ്വന്തം ഭര്‍ത്താവ്, ഇയാളുടെ അഛന്‍, മാതാവ് ഉള്‍പ്പെടെ ആറ് പേരെ കൊന്നത്. സംഭവത്തില്‍ സംശയം തോന്നിയ ജോളിയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയാണ് അന്വേഷണത്തിലേക്ക് എത്തിയത്. ഇതോടെ കുഴിച്ച്‌ മൂടിയ മൃതദേഹങ്ങള്‍ ഓരോന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയാണ് കൊല്ലപ്പെട്ടവരുടെ മരണ കാരണം ഉള്ളില്‍ വിഷം ചെന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. അന്വേഷണത്തിനൊടുവില്‍ പൊലീസ് ജോളിയില്‍ എത്തുകയായിരുന്നു. ഭര്‍ത്താവിന്റെ മദ്യപാനം, സ്ഥിരം വരുമാനം ഇല്ലാത്തത്, സ്വത്ത് തട്ടി എടുക്കല്‍ തുടങ്ങിയവയാണ് കൃത്യം ചെയ്യുന്നതിന് കാരണമായി ജോളി പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുള്ളത്. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യയായിരുന്ന സിലി 2016 ജനുവരി 11നാണു മരിച്ചത്. ക്യാപ്സൂളില്‍ സയനൈഡ് നിറച്ചുനല്‍കി ജോളി ജോസഫ് ഇവരെ കൊലപ്പെടുത്തി എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ജോളിക്കു സയനൈഡ് എത്തിച്ചു നല്‍കിയ എം.എസ് മാത്യു, കെ. പ്രജികുമാര്‍ എന്നിവരാണു കൊലപാതക പരമ്പരക്കേസിലെ രണ്ടും മൂന്നും പ്രതികള്‍.

2019 ഒക്ടോബര്‍ അഞ്ചിനാണ് ജോളിയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ്‌തോമസ്, റോയിയുടെ മാതാപിതാക്കളയായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണു കേസ്. ആറു കേസുകളിലും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വടകര റൂറല്‍ എസ്.പി സൈമണിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നത്.

Related Articles

Back to top button