KeralaLatestThrissur

തൃശൂർ ജില്ലയിൽ ആറ് കണ്ടൈന്‍മെന്‍റ് സോണുകൾ, 144 പ്രഖ്യാപിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ അഞ്ച് പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നു മുതൽ പത്ത് വരെയും 32 മുതൽ 41 വരെയുളള വാർഡുകളും കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. വടക്കേകാട്, അടാട്ട്, അവണൂർ, ചേർപ്പ്, തൃക്കൂർ എന്നീ പഞ്ചായത്തുകളാണ് കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ ദുരന്തനിവാരണ നിയമപ്രകാരവും ക്രിമിനൽ നടപടി നിയമസംഹിതയിലെ വകുപ്പ് 144 പ്രകാരവും കോവിഡ് 19 അധിക പ്രതിരോധ പ്രതികരണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് 19 രോഗ വ്യാപന സാധ്യത കണക്കിലെടുത്താണിത്.

കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെടുന്ന കോടതികൾ, സിവിൽ സ്റ്റേഷൻ ഓഫീസുകൾ ഉൾപ്പെടെയുളള സർക്കാർ, അർദ്ധ സർക്കാർ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ എന്നിവ സർക്കാർ നിർദ്ദേശമനുസരിച്ചുളള ഏറ്റവും കുറവ് ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കണം. അവശ്യ സർവ്വീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങി നടക്കരുത്. വ്യാപാര സ്ഥാപനങ്ങളിൽ ഒരേസമയം മൂന്ന് ഉപഭോക്താക്കളിൽ കൂടുതൽ പ്രവേശിക്കാൻ പാടില്ല. പൊതു സ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ കുറഞ്ഞത് ഒരുമീറ്ററെങ്കിലും അകലം പാലിക്കണം. വഴിയോരകച്ചവടം, ചായക്കടകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവയൊഴികെയുള്ള അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് മണി വരെ മാത്രം പ്രവർത്തിക്കാം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതും വീടുകൾ കയറിയിറങ്ങി കച്ചവടം നടത്തുന്നതും കർശനമായി നിരോധിച്ചതായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

Related Articles

Back to top button