ArticleIndiaLatest

ഒരു ഇന്ത്യ, ഒരു പെൻഷൻ’… എന്ത്…? എന്തിന്…?

“Manju”

പ്രജീഷ് വള്ള്യായി

ഒരു ഇന്ത്യ, ഒരു പെൻഷൻ”… അഥവാ എല്ലാവർക്കും തുല്യപെൻഷൻ എന്ന ആശയം ജനങ്ങൾക്കിടയിൽ കാട്ടുതീ പോലെ പടർന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ സാർവത്രിക പെൻഷന്റെ ആവശ്യകതയെക്കുറിച്ച് പൊതു സമൂഹം ബോധവാൻമാരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…
ഇടയ്ക്കിടെ ഉണ്ടാകുന്ന സാമ്പത്തിക മാന്ദ്യത്തിന് ഏക പരിഹാരം സാർവ്വത്രിക പെൻഷൻ മാത്രമാണ്….. അതായത് എല്ലാവർക്കും ഒരേ പെൻഷൻ.
60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തുല്യപെൻഷൻ നൽകുന്ന സംവിധാനമാണ് സാർവ്വത്രിക പെൻഷൻ. ഇതിൽ സർക്കാർ ജീവനക്കാരനെന്നോ കർഷകൻ എന്നോ കർഷക തൊഴിലാളി എന്നോ മത്സ്യ തൊഴിലാളി എന്നോ കച്ചവടക്കാരനെന്നോ മുൻ ജനപ്രതിനിധി എന്നോ മന്ത്രിമാരുടെ മുൻ പേഴ്സണൽ സ്റ്റാഫ് എന്നോ മുൻ മന്ത്രി എന്നോ ഉള്ള വേർതിരിവ് ആവശ്യമില്ല…… 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ജീവിക്കാൻ ആവശ്യമായ പെൻഷൻ ഉറപ്പാക്കേണ്ടത് ഏതൊരു പുരോഗമന സർക്കാറിന്റെയും ഉത്തരവാദിത്വമാണ്.

സർവ്വീസിൽ ഇരിക്കുമ്പോൾ ഓരോ ജീവനക്കാരും ചെയ്യുന്ന ജോലികൾ വ്യത്യസ്തമായതിനാലാണ് വ്യത്യസ്ത സ്ക്കെയിലിൽ ശമ്പളം നൽകിയത്. ഒരു ജീവനക്കാരൻ ഒരു പബ്ലിക് സർവ്വന്റ് ആയതുകൊണ്ടാണ്, ജനങ്ങളുടെ നികുതി പണമുപയോഗിച്ച് ജോലി ചെയ്യുന്ന കാലത്ത് അദ്ദേഹത്തിന് ശബളം നൽകുന്നത്. എന്നാൽ അദ്ദേഹം ജോലിയിൽ നിന്നും വിരമിക്കുന്നതോടെ പബ്ലിക് സർവ്വന്റ് അല്ലാതാവുന്നു…. പിന്നീട് പൊതുജനത്തിന് വേണ്ടി പ്രത്യേകിച്ച് അദ്ദേഹം ഒരു ജോലിയും ഒരു സേവനവും ചെയ്യുന്നില്ല. അതുകൊണ്ട് വ്യത്യസ്ത സ്കെയിലിലുള്ള പെൻഷനും നൽകേണ്ട അവശ്യമില്ല. ഒരാൾ സർക്കാർ ജോലിയിൽ നിന്നും വിരമിക്കുന്നതിന് മുമ്പെ തന്നെ അദ്ദേഹത്തിന്റെ മക്കൾക്ക് പ്രായപൂർത്തിയാവുകയും ജോലി നേടുകയും ഒക്കെ ചെയ്തിട്ടുണ്ടാവും… അതുകൊണ്ട് പെൻഷൻകാരനെയല്ലാതെ, അദ്ദേഹത്തിന്റെ കുടുംബത്തെയും കൂടി പുലർത്താനുള്ള പെൻഷൻ ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് നൽകുന്ന നിലവിലെ വ്യവസ്ഥിതി മാറിയേ തീരൂ.

സർക്കാർ നൽകുന്ന കണക്കനുസരിച്ച് 34,93,684 പേരാണ് കേരളത്തിൽ 60 വയസ്സ് കഴിഞ്ഞവരായിട്ടുള്ളത്. സർക്കാർ നിലവിൽ നൽകുന്ന ക്ഷേമപെൻഷൻ കേന്ദ്ര വിഹിതം ഉൾപ്പെടെ പ്രതിമാസം 1,200 രൂപയാണ്. നിലവിലുള്ള എല്ലാ ക്ഷേമപെൻഷൻകാർക്കും കൂടി പ്രതിമാസം സർക്കാർ ചിലവഴിക്കുന്നത്, 419 കോടി രൂപയാണെങ്കിൽ 3,97,448 സർവ്വീസ് പെൻഷൻകാർക്ക് മാത്രം ഒരു മാസം പെൻഷൻ നൽകാൻ ചിലവഴിക്കുന്നത് 2,018 കോടി രൂപയാണ്. അതായത് ഒരാൾക്ക് പ്രതിമാസം ശരാശരി 50,733 രൂപ !60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പ്രതിമാസം 10,000 രൂപ വീതം പെൻഷൻ നൽകാൻ ആകെ വേണ്ടത് പ്രതിമാസം 3,891 കോടി രൂപയാണ്. നിലവിൽ സർവ്വീസ് പെൻഷനും ക്ഷേമ പെൻഷനും മുൻജനപ്രതിനിധികൾക്കും മന്ത്രിമാരുടെ മുൻ പേഴ്സണൽ സ്റ്റാഫിനും പെൻഷൻ നൽകാൻ ചിലവഴിക്കുന്ന തുകയും, അതിന്റെ കൂടെ സർക്കാർ അനാവശ്യമായി ചിലവഴിക്കുന്ന തുകയും കൂടി ഉൾപ്പെടുത്തി 60 വയസ്സ് കഴിഞ്ഞ 38,91,132 പേർക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പ്രതിമാസം 10,000 രൂപവീതം പെൻഷൻ നൽകാൻ സാധിക്കും.
സ്റ്റാറ്റ്യൂട്ടറി പെൻഷൻ അവസാനിപ്പിച്ചതോടെ പെൻഷൻ പോലും ഉറപ്പില്ലാതായ ഉദ്യോഗസ്ഥരിൽ മഹാഭൂരിപക്ഷത്തിനും സാർവ്വത്രിക പെൻഷൻ ഒരു അനുഗ്രഹമായി മാറുകയും ചെയ്യും.

നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി സർവീസ് പെൻഷൻ പ്രകാരം വൻ തുക പെൻഷൻ വാങ്ങുന്നവരുടെ പെൻഷൻ തുകയിൽ, വലിയൊരു ശതമാനം കമ്പോളത്തിൽ ഇറങ്ങാതെ നിഷ്ക്രിയമാക്കപ്പെടുകയാണ്. ആവറേജ് 50,000 രൂപ പെൻഷൻ വാങ്ങുന്നവരിൽ ഭൂരിഭാഗവും ആ പണത്തിന്റെ സിംഹഭാഗവും ബാങ്കിലും മറ്റും നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ആ പണം പൊതു വിപണിയിലേക്ക് തിരിച്ചു വരാതെ നിഷ്ക്രിയമാവുന്നു. പണം വിനിമയം ചെയ്യപ്പെടാത്തത് കൊണ്ട് സമ്പദ് വ്യവസ്ഥയിൽ വീണ്ടും വീണ്ടും തകർച്ച ഉണ്ടാകുന്നു.എന്നാൽ 10,000 രൂപ നിരക്കിൽ 60 കഴിഞ്ഞ എല്ലാവർക്കും പെൻഷൻ ആയി നൽകുമ്പോൾ ആ തുക മുഴുവനായും കമ്പോളത്തിൽ വിനിമയം ചെയ്യപ്പെടുകയും കമ്പോളത്തെ ചലിപ്പിക്കുകയും ചെയ്യുമ്പോൾ അതുവഴി വ്യാപാരമാന്ദ്യത്തെ മറികടക്കാൻ കഴിയും. ഒരു സാധാരണക്കാരന് മാസം 10,000 രൂപ കൈയ്യിൽ കിട്ടിയാൽ ഉടനെ വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങളും മാർക്കറ്റിൽ നിന്ന് മത്സ്യവും നാട്ടിലെ ജൗളിക്കടയിൽ നിന്നും തുണിയും വാങ്ങി ഓട്ടോറിക്ഷ വിളിച്ചാണ് വീട്ടിലേക്ക് പോകുക. അങ്ങനെ കിട്ടിയ പണം മുഴുവൻ ഒരാഴ്ച കൊണ്ട് മാർക്കറ്റിൽ ചിലവഴിക്കുമ്പോൾ കമ്പോളം ചലനാത്മകമാവും.

അതോടൊപ്പം ചിലവഴിക്കുന്ന തുകയുടെ ഏകദേശം 30% നികുതിയായി വീണ്ടും ഗവണ്മെന്റിന് തന്നെ തിരിച്ചുചെല്ലും. ഗവണ്മെന്റ് വരുമാനം വീണ്ടും വർധിക്കും. സാർവത്രിക പെൻഷൻ നൽകാൻ തുടക്കത്തിൽ അനുഭവപ്പെടാവുന്ന ബുദ്ധിമുട്ടിന്, എത്രയും പെട്ടെന്ന് പരിഹാരം കാണാൻ സർക്കാരിന് കഴിയുകയും ചെയ്യും.
ഇപ്പോൾ, വരവും ചിലവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത സാധാരണക്കാരന്റെ കുടുംബങ്ങളിൽ പ്രായമായവർ ഒരു ബാധ്യതയായി മാറുകയാണ്. അതു കൊണ്ട് പ്രായമായവരെ പെരുവഴിയിലും വൃദ്ധസദനങ്ങളിലും നടതള്ളുന്ന പ്രവണതയും കേരളത്തിൽ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ പ്രായമായ രക്ഷിതാക്കൾക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ ലഭിക്കാൻ തുടങ്ങിയാൽ രക്ഷിതാക്കളെ സംരക്ഷിക്കാൻ മക്കൾ തയ്യാറാവുക തന്നെ ചെയ്യും. ഇത് കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ മേഖലയിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല. അധിക ബാധ്യതയില്ലാതെ സമീപ ഭാവിയിൽ തന്നെ സാർവ്വത്രിക പെൻഷൻ നടപ്പിലാക്കാൻ നമുക്ക് കഴിയും. അതിന് ഇച്ഛാശക്തിയുള്ള ഒരു പ്രസ്ഥാനവും ഒരു ഭരണകൂടമാണ് നമുക്ക് വേണ്ടത്.

അതിന് വേണ്ടി മാറണം കേരളം, മാറ്റണം കേരളത്തെ.

 

Related Articles

Back to top button