KeralaLatest

രോഗസ്രോതസ്സ് തിരിച്ചറിയാത്ത 33 പേർ:എവിടെ നിന്നെന്ന് കണ്ടെത്താൻ എപിഡിമിയളോജിക്കൽ ഇൻവെസ്റ്റിഗേഷൻ

“Manju”

 

തിരുവനന്തപുരം • സംസ്ഥാനത്ത് 33 പേർക്ക് സ്രോതസ്സ് അറിയാത്ത കോവിഡ് പിടിപെട്ടത് എങ്ങനെയെന്നു കണ്ടെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യ വകുപ്പിനു നിർദേശം നൽകി. ഇതിനായി എപിഡിമിയളോജിക്കൽ ഇൻവെസ്റ്റിഗേഷൻ നടത്തും.
കഴിഞ്ഞ ദിവസത്തെ അവലോകന യോഗത്തിൽ ആരോഗ്യ സെക്രട്ടറിയുടെ അവതരണത്തിനു ശേഷം 10 രോഗികളുടെ പേരു വായിച്ച മുഖ്യമന്ത്രി, ഇവരുടെ രോഗസ്രോതസ്സ് അറിയുമോ എന്നു ചോദിച്ചു. വിവിധ ജില്ലകളിൽ സ്രോതസ്സ് അറിയാത്ത രോഗികളുണ്ടെന്നും ഇതു സമൂഹവ്യാപനത്തിന്റെ സൂചനയാണെന്നുമുള്ള റിപ്പോർട്ടുകളെത്തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ.
തുടർന്നാണ് എപിഡിമിയളോജിക്കൽ ഇൻവെസ്റ്റിഗേഷൻ നടത്താൻ തീരുമാനമായത്. നേരത്തെ കൊല്ലത്ത് ഈ രീതി അവലംബിച്ചിരുന്നു.
രോഗസ്രോതസ്സ് തിരിച്ചറിയാത്ത 33 പേരുടെയും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു വിശദമായ സമ്പർക്ക പട്ടിക തയാറാക്കും. ലക്ഷണങ്ങളില്ലാത്ത രോഗികൾ ഒട്ടേറെ ഉണ്ടാകാമെന്നതിനാൽ ഇതു വലിയ വെല്ലുവിളിയായാണ് ആരോഗ്യ വകുപ്പ് കാണുന്നത്.
സ്രോതസ്സ് തിരിച്ചറിയാത്ത കൂടുതൽ പേരുള്ളതു വയനാട്ടിലും (6 പേർ) മലപ്പുറത്തുമാണ് (5). കാസർകോട്–2, കണ്ണൂർ–4, പാലക്കാട്–4, ഇടുക്കി–4, കോട്ടയം–2, കൊല്ലം–2, തിരുവനന്തപുരം–4 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ എണ്ണം.

Related Articles

Back to top button