ArticleKeralaLatest

കളവംകോട്ടെ കണ്ണാടി പ്രതിഷ്ഠയുടെ 97 ആം വാർഷികം ഇന്ന്

“Manju”

കേരളത്തില്‍ ആദ്ധ്യാത്മിക,സാമൂഹിക നവോത്ഥാനത്തില്‍ പ്രധാന പങ്ക്‌ വഹിച്ച മഹായോഗിയും, മഹാഗുരുവും, സാമൂഹ്യ പരിഷ്കര്‍ത്താവുമാണ്‌ ശ്രീ നാരായണ ഗുരു .പ്രധാന ദേവാലയം വിദ്യാലയമാണെന്ന്‌ പ്രഖ്യാപിച്ച്‌ ആത്മീയ തേജസ്സായിരുന്നു ഗുരു.കേരളത്തിലെ ഒട്ടേറെ സ്ഥലങ്ങളില്‍ ശ്രീനാരായണ ഗുരു പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രങ്ങള്‍ ഉണ്ട്.

ദൈവിക ബിംബങ്ങള്‍ മാത്രമല്ല കണ്ണാടി ദീപം എന്നിവയും ഗുരു ക്ഷേത്രപ്രതിഷ്ഠ ചെയ്തിരുന്നു കൊല്ലവര്‍ഷം 1102 ഇടവം 31നു-1927 ജൂൺ നു- -കളവംകോട്‌ അര്‍ധനാരീശ്വരക്ഷേത്രത്തിൽ “ഓം’ എന്ന്‌ മത്സ്യത്തില്‍ ആലേഖനം ചെയ്ത നീലക്കണ്ണാടിയാണ് പ്രതിഷ്ഠ ചെയ്തത് .ആ വിപ്ലവകർമ്മത്തിന്‍റെ 97 ആം വാർഷിക ദിനമാണ് ഇന്ന്.

കളവങ്കോടത്തെ കണ്ണാടി പ്രതിഷ്ഠ ‘തത്ത്വമസി’ ‘അഹം ബ്രഹ്മാസ്മി’ ‘സര്‍വം ഖലിദം ബ്രഹ്മ’ തുടങ്ങിയ ആര്‍ഷമഹാതത്വങ്ങളുടെ, മനുഷ്യന്‍ ബ്രഹ്മം തന്നെയാണ് എന്ന അനശ്വര വിപ്ലവാശയത്തിന്റെ പ്രതിരൂപമായിരുന്നു. അതുകൊണ്ടാണ് എറണാകുളം അങ്ങാടിയില്‍ ചെന്ന് കണ്ണാടിവാങ്ങിച്ച് അതിന് പിന്നിലെ രസം ‘ഓം’ കാരാകൃതിയില്‍ ചുരണ്ടിമാറ്റി കൊണ്ടുവരാനായി പറഞ്ഞു വിട്ട ആള്‍ ‘ഓ’മിനു പകരം ‘ഒം’ എന്നുമാത്രം എഴുതിപ്പിച്ചു തിരിച്ചുവന്നപ്പോള്‍ നാരായണഗുരു ചെറു പുഞ്ചിരിയോടെ ‘അതുമതി, അതിനും അര്‍ഥമുണ്ട്’ എന്നു പറഞ്ഞത്.

ഗുരുവിന്‍റെ മനോവിലാസത്തിലെ ‘ഓം’ കാരമെന്നത് സാമൂഹ്യാര്‍ഥത്തിലെ ‘നാം’ കാരമായിരുന്നു. ‘നമ്മുടെ ശിവന്‍’ എന്ന് ശിവനെ സര്‍വത്ര മനുഷ്യരുടെയും ശിവനാക്കിമാറ്റിയ അവര്‍ണ വിമോചനദൈവശാസ്ത്രമാണ് അരുവിപ്പുറം പ്രതിഷ്ഠയുടെ എന്നപോലെ ശ്രീനാരായണ ദര്‍ശനത്തിന്റെ തന്നെയും ആകത്തുക.
വെച്ചല്ലൂര്‍ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രത്തിലും ഗുരു കണ്ണാടിപ്രതിഷ്‌ഠ നടത്തി ( കൊല്ലവര്‍ഷം 1102 )എല്ലാത്തരം ഉച്ചനീചത്വങ്ങള്‍ക്കുമെതിരായി മാനവികതയുടെ ഒരു ദീപനാളം ജ്വലിപ്പിച്ചെടുക്കാനാണ് ദീപപ്രതിഷ്ഠ നടത്തിയ ഗുരു ഉദ്യമിച്ചത്.

“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌’ എന്ന നാരായണഗുരു വാക്യമാണ്‌ പ്രസിദ്ധമെങ്കിലും, അദ്ധ്യാത്മിക സത്യത്തിന്‍റെ താക്കോലുകളായ അനേകം മൊഴികള്‍ അദ്ദേഹത്തിന്‍റെതായിട്ടുണ്ട്‌. സാമൂഹ്യപരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ ശ്രീനാരായണ ഗുരു വളരെ ഉയര്‍ന്ന നിലയില്‍ പ്രതിഷ്‌ഠിതനാണ്‌. എന്നാല്‍ വളരെ ഉയര്‍ന്ന ആദ്ധ്യാത്മികാവസ്ഥയിലുള്ള ഒരു മഹായോഗി, ദീപ്തമായി കാവ്യാനുഭവം തരുവാന്‍ കെല്പുള്ള സര്‍വലക്ഷണയുക്തനായ കവി, എന്ന നിലയില്‍ അദ്ദേഹത്തെ ഇനിയും അറിയാന്‍ ബാക്കിയുണ്ട്‌. ..ആഗസ്ത് ‌20ന്‌ തിരുവനന്തപുരത്ത്‌ ചെമ്പഴന്തിയില്‍ ആണ്‌ ചിങ്ങത്തിലെ ചതയം നാളില്‍ ആണ് ഗുരു ജനിച്ചത്‌.

ഗുരുവിനെ അഭിനവ ഹിന്ദുത്വത്തിന്‍റെ ഒരാചാര്യനാക്കി മാറ്റുവാനുള്ള ശ്രങ്ങള്‍ അന്നത്തേക്കാള്‍ ഇന്ന് വ്യാപകമാണ്. എന്നാല്‍ അരുവിപ്പുറം മുതല്‍ക്കിങ്ങോട്ട് ആലുവാ അദ്വൈതാശ്രമം വഴി സഞ്ചരിച്ച്, കളവങ്കോടം കണ്ണാടി പ്രതിഷ്ഠപോലുള്ള പ്രതീകാധിഷ്ഠിത ഇടങ്ങളിലൂടെ കടന്നുവന്ന് ചരിത്രയുക്തിയുടെ വെളിച്ചത്തില്‍ നിലയുറപ്പിച്ചുകൊണ്ട് നാം നാരായണഗുരുവിനെ വിലയിരുത്തുമ്പോള്‍ നമുക്ക് കാണുവാന്‍ കഴിയുന്നത് വളരെ വിപ്ലവകരമായ അര്‍ഥത്തില്‍ അദ്ദേഹം ഹിന്ദുത്വത്തെ പുനര്‍നിര്‍വചിക്കുകയും ‘പരമ്പരാഗത’മെന്ന് വ്യാഖ്യാനിക്കപ്പെടുന്ന സനാതന സംസ്‌കാരത്തെ അഴിച്ചുപണിയുകയും ചെയ്തിട്ടുണ്ട് എന്നാണ്.

Related Articles

Back to top button