IndiaLatest

വിശക്കുന്നവരെ തേടി ഡല്‍ഹിയില്‍ മലയാളി യുവാക്കളുടെ കൂട്ടായ്മ

“Manju”

ന്യൂഡല്‍ഹി : ‘കൊറോണക്കാലം ആരും വിശന്നു മരിക്കാന്‍ പാടില്ല വലിയ തോതിലല്ലെങ്കിലും ഒരു കുടുംബത്തിന്റെ വിശപ്പടക്കാനായാല്‍ അത് നമ്മളാല്‍ കഴിയുന്ന സഹായമാകും ‘. മലയാളി സന്നദ്ധ പ്രവര്‍ത്തകന്‍ ഷിജോ മത്തായി മുകുളേല്‍ പറയുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍, സോണിയ ഷിജോ എന്നിവരാണ് വിശപ്പിനെതിരെയുള്ള കൂട്ടായ്മയുടെ സംഘാടകര്‍.

‘സോഷ്യല്‍ വിഷന്‍’ എന്ന സന്നദ്ധ സംഘടനയുടെ മുഖ്യ വിവര്‍ത്തനങ്ങളിലൊന്നാണ് കൊറോണക്കാലത്തെ ഭക്ഷ്യവിതരണം. ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുന്നതിനു മുന്നേതന്നെ ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളില്‍ സജീവമായിരുന്നു ഷിജോയും ഭാര്യ സോണിയയും സംഘാഗളും. ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ യുവാക്കളുടെ സംഘമാണ് ഈ പദ്ധതിയുടെ ശക്തി. മുന്‍ കേന്ദ്രമന്ത്രി എ. കെ ആന്റണിയുടെ മകന്‍ അനിലും പല കാര്യങ്ങളിലും സഹായിക്കാറുണ്ട്.

ഡല്‍ഹിയില്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിയമ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റില്‍ ക്ലാസെടുക്കുന്നതിനിടെ സമയം കണ്ടെത്തിയാണ് ചാണ്ടി ഉമ്മന്‍ ഈ സംരംഭങ്ങളില്‍ സഹായിക്കുന്നത്. ഒപ്പം നാട്ടിലും വിദേശത്തുമുള്ള സുഹൃത്തുക്കള്‍ വഴി സഹായങ്ങളെത്തിക്കാനും മുന്‍കൈയെടുക്കുന്നു. വയനാട് സ്വദേശിയായ ഷിജോ മത്തായിക്ക് സന്നദ്ധ പ്രവര്‍ത്തനരംഗത്ത് എട്ട് വര്‍ഷത്തെ പരിചയമുണ്ട്.

ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ നജഫ്ഘട്ടിലാണ് ഓഫീസ്. ഡല്‍ഹി നഗരത്തിലെ പിന്നോക്ക പ്രദേശങ്ങളിലൊന്നാണ് നജഫ്ഘട്ട്. ധാരാളം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമാണിത്. അരി, ഗോതമ്പ് പൊടി, പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, എണ്ണ തുടങ്ങിയവ കിറ്റുകളായിട്ടാണ് വിതരണം ചെയ്യുന്നത്. ഡല്‍ഹിയിലെ ഏതാനം സന്നദ്ധ സംഘടനകള്‍, സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട്, വിദേശ മലയാളികള്‍, പള്ളികള്‍, ശാന്തിഗിരി ആശ്രമം, ഏതാനം ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഭക്ഷ്യ വസ്തുക്കളും, വസ്ത്രങ്ങളും എത്തിക്കുന്നത്. സ്ത്രീകള്‍ക്കും വികലാംഗര്‍ക്കുമുള്ള തൊഴില്‍ സംരംഭങ്ങളും സോഷ്യല്‍ വിഷന്‍ പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. ‍ഡല്‍ഹിയുടെ സമീപ നഗരമായ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും സമാനമായ രീതിയിലുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഷിജോയും സഹപ്രവര്‍ത്തകരും നടത്തുന്നു. 250 കുടുംബങ്ങളെ ദത്തെടുത്ത് അവരുടെ ജീവിത പ്രശ്നങ്ങളില്‍ സഹായിക്കുവാനും ഇവര്‍ക്ക് കഴിയുന്നു.

ഹോമിയോ പ്രതിരോധ മരുന്നുകളും ഇവര്‍ വിതരണം ചെയ്യുന്നു. തൊഴില്‍ നഷ്ടപ്പെട്ട മലയാളികള്‍ അടക്കമുള്ള ഡല്‍ഹി നിവാസികള്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ യുവാക്കളുടെ സേവനം.

Related Articles

Back to top button