IndiaLatest

സൈന്യത്തിന് തീരുമാനിക്കാം, അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇനിയും ചൈന പ്രകോപനം തുടര്‍ന്നാല്‍ എന്തുംചെയ്യാനുള്ള അധികാരം സൈന്യത്തിനു കേന്ദ്രസര്‍ക്കാര്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ചൈന അതിര്‍ത്തിയിലേക്ക് ആയുധ സന്നാഹങ്ങള്‍ എത്തിക്കാനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇതേത്തുടര്‍ന്ന് ആയുധസംഭരണ ശാലകളില്‍ നിന്നു ഇതിനുള്ള നീക്കം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ചൈനീസ് പട്ടാളത്തിന്റെ കമാന്‍ഡിങ് ഓഫിസര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തിയിലെ സ്ഥിതി വിലയിരുത്താന്‍ ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍, കരസേന മേധാവി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഈ യോഗമാണ് ചൈന അതിര്‍ത്തിയില്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കാന്‍ തീരുമാനിച്ചത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനാകും ഏകോപനചുമതല.

അതേസമയം ചൈനീസ് അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കാനുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഇന്ന് നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന മന്ത്രിമാരുമായി ഇന്ന് വീണ്ടും സ്ഥിതി ഗതികള്‍ വിലയിരുത്തും. സംഘര്‍ഷം നടന്ന ഗാല്‍വന്‍ താഴ് വരയില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍മാറിയതായി കരസേന ഇന്നലെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു. ചൈനയുടെ പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ചൈനക്ക് വന്‍ നാശമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button