KeralaLatest

കൊവിഡ് സമ്പർക്കഭീതി: കണ്ണൂരിൽ ആശങ്ക കനക്കുന്നു, നഗരം പൂർണമായും അടയ്ക്കും

“Manju”

പ്രജീഷ് വള്ള്യായി

കണ്ണൂർ: കണ്ണൂർ നഗരം ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര. രോഗബാധിതരുടെ ബന്ധുക്കൾ നഗരത്തിലെ പല കടകളിലും എത്തിയതിനെ തുടര്‍ന്നാണ് നടപടി. ആളുകൾ ഇപ്പോഴും നഗരത്തിലേക്ക് വരുന്നത് പൊലീസിന് വെല്ലുവിളിയാണ്. സമ്പർക്ക രോഗബാധ കൂടുന്നതിനാൽ ജില്ല മുഴുവൻ ജാഗ്രതയിലെന്നും കണ്ണൂർ എസ്പി യതീഷ് ചന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊവിഡ് ബാധിച്ച് 28 വയസുകാരനായ എക്സൈസ് ഡ്രൈവർ മരിച്ചതോടെയാണ് കണ്ണൂരിൽ അതീവ ജാഗ്രത ഏര്‍പ്പെടുത്തിയത്. ബ്ലാത്തൂർ സ്വദേശിയായ കെ പി സുനിലിന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക ഉയർത്തുകയാണ്. സമ്പർക്കത്തിലൂടെ കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ കണ്ണൂ‍ർ നഗരം പൂ‍ർണമായി അടച്ചു. ഇതിനിടെ ദില്ലിയിൽ നിന്ന് എത്തി ക്വാറന്റീനിലായിരുന്ന ജവാനും സുഹൃത്തും ബൈക്ക് അപകടത്തിൽ മരിച്ചു.

ചൊവ്വാഴ്ച സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മട്ടന്നൂർ റെയ്ഞ്ചിലെ എക്സൈസ് ഡ്രൈവർ കെപി സുനിലിന് ഇന്ന് രാവിലെ ഏഴ് മുപ്പതോടെയാണ് ഹൃദയസ്തംഭനം ഉണ്ടായത്. കടുത്ത ന്യുമോണിയ ബാധിച്ച് ഇരു ശ്വസകോശത്തിന്റെയും പ്രവർത്തനം തകരാറിലായതിനാൽ മൂന്ന് ദിവസമായി വെന്റിലേറ്ററിലായിരുന്നു. യാതൊരു ആരോഗ്യ പ്രശ്നങ്ങളുമില്ലാതിരുന്ന 28 കാരൻ കൊവിഡ് ബാധിച്ച് ദിവസങ്ങൾക്കകം മരിച്ചത് ആശങ്ക വർധിപ്പിക്കുന്നു.

Also Read: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് എക്സൈസ് ഉദ്യോഗസ്ഥന്‍

പടിയൂർ ബ്ലാത്തുർ കക്കട്ടുംപാറ സ്വദേശിയായ സുനിൽ എക്സൈസ് മട്ടന്നൂ‍ർ റെയിഞ്ചിലെ ഡ്രൈവറാണ്. സുനിലിന്റെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ജൂൺ മൂന്നാംതീയതി കർണാടകത്തിൽ നിന്നും ലഹരി വസ്തുക്കൾ കടത്തിയ രണ്ടുപേരെ സുനിൽ ഉൾപ്പെടെയുള്ള എക്സൈസ് സംഘംപിടികൂടിയിരുന്നു. ഇതിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. ഈ രക്ഷപ്പെട്ടയാളുടെ കൊവിഡ് പരിശോധന നടത്താൻ കഴിയാത്തതിനാൽ ഇയാൾ വഴിയാണോ കൊവിഡ് പകർന്നത് എന്നൊരു സംശയം മാത്രമാണ് ആരോഗ്യ വകുപ്പിന് ഉള്ളത്.

മട്ടന്നൂർ എക്സൈസ് ഓഫീസ് അടച്ചു. 18 ഉദ്യോഗസ്ഥരെ ക്വാറന്റീനിലാക്കി. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള 160 പേരുണ്ട്. ഇതിനിടെ ഇന്ന് പുലർച്ചെ രണ്ടരയ്ക്ക് കായലോട് രണ്ട് യുവാക്കളെ ബൈക്ക് അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ദില്ലിയിൽ നിന്ന് ജൂൺ ഒൻപതിനെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മാവിലായി സ്വദേശിയായ സൈനികൻ വൈശാഖ് സുഹൃത്ത് അഭിഷേക് ബാബൂ എന്നിവരാണ് മരിച്ചത്. കൊവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും സസ്കാരം. സമ്പർക്കത്തിലൂടെ രോഗബാധ കൂടുന്ന കണ്ണൂർ നഗരവും പടിയൂർ തില്ലങ്കേരി മുഴക്കുന്ന് പഞ്ചായത്തുകളും അടച്ചിട്ടു.

 

Related Articles

Back to top button