KeralaLatest

പിടികിട്ടാപ്പുള്ളികളെ കോവിഡ് ‘പിടിക്കുന്നു’ , കീഴടങ്ങുന്നവരുടെ എണ്ണംകൂടി

“Manju”

അഭിമന്യു വധക്കേസിലെ പിടികിട്ടാപ്പുള്ളി സഹൽ കീഴടങ്ങാനുള്ള കാരണം കോവിഡ് തന്നെയാണെന്ന് പോലീസ് സമ്മതിക്കുന്നു. രണ്ടുവർഷത്തോളം കേരളത്തിനകത്തും പുറത്തും തിരച്ചിൽ നടത്തിയിട്ടും സഹലിനെ കണ്ടെത്താനായിരുന്നില്ല. അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം കർണാടകയിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.

അവിടെ ഒളിവിൽ കഴിയുമ്പോൾ കോവിഡ് പരിശോധന നടത്താനാകില്ല. അതേസമയം, കേരളത്തിലെത്തി കോടതിയിൽ ഹാജരായാൽ ചികിത്സ കിട്ടും. ഇതു മുൻകൂട്ടിക്കണ്ടാണ് സഹൽ കീഴടങ്ങിയതെന്നാണ് പറയുന്നത്.

ഇത്തരത്തിൽ പിടികിട്ടാപ്പുള്ളികൾ എത്തുന്നതിനു പിന്നിൽ പല കാരണങ്ങളുമുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് കാലമായതിനാൽ ജയിലിലേക്കു പോകേണ്ടിവരില്ലെന്ന സാധ്യതയാണ് ഇതിൽ പ്രധാനം. സാധാരണഗതിയിൽ അറസ്റ്റിലാകുന്ന പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നത് ജയിലിലേക്കാണ്.

നേരിട്ട് കോടതിയിൽ ഹാജരാകുന്ന പ്രതികൾക്ക് അവിടെനിന്നു ജാമ്യം കിട്ടാൻ സാധ്യത ഏറെയാണ്. കോവിഡ് കാലമായതിനാൽ ജാമ്യസാധ്യത വർധിച്ചതായും പറയുന്നു. അഭിമന്യു കേസിലെയും സ്വർണക്കടത്ത് കേസിലെയും പ്രതികളെ പോലീസ് ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കാണു മാറ്റിയത്. ലോക്ഡൗൺ വന്നതോടെ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സാഹചര്യങ്ങൾ കുറഞ്ഞതും പ്രതികളെ കീഴടങ്ങാനുള്ള മാനസികാവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ട്.

 

നിയമംതന്നെ രക്ഷയാക്കുന്നതാണ് പിടികിട്ടാപ്പുള്ളികളുടെ കീഴടങ്ങൽ തെളിയുന്ന പ്രധാന കാര്യം. കോവിഡ് പശ്ചാത്തലത്തിൽ പ്രതികളെ ജയിലിലേക്ക് അയക്കുന്നതിലും പല തടസ്സങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ പോലീസ് ഓഫീസർക്കുതന്നെ പ്രതികൾക്കു ജാമ്യം നൽകാമെന്നു സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ജയിലിൽ പോകാതെ ജാമ്യം ലഭിക്കുന്ന പ്രതികൾക്ക് പുറത്തുനിന്ന് നിയമനടപടികളുമായി മുന്നോട്ടുപോകാനും സാധിക്കും.

Related Articles

Back to top button