KeralaLatest

കളക്‌ട്രേറ്റില്‍ ഉദ്യോഗസ്ഥരുടെ അഴിമതി നടക്കുന്നതായി പരാതി

“Manju”

ശ്രീജ.എസ്

 

കൊല്ലം: കൊല്ലം കളക്‌ട്രേറ്റില്‍ ജോയിന്റ് കൗണ്‍സില്‍ ഉദ്യോഗസ്ഥരുടെ അഴിമതിക്കൂട്ടായ്മയെന്ന് പരാതി. മാനദണ്ഡങ്ങള്‍ മറികടന്ന് നിയമവിരുദ്ധമായി പെട്രോള്‍ പമ്പുകള്‍ നിര്‍മിക്കാനുള്ള അനുമതിപത്രം നല്‍കുന്നതിലാണ് ഉദ്യോഗസ്ഥരുടെ അഴിമതി നടക്കുന്നതെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനാണ് മാസങ്ങള്‍ക്കു മുന്‍പേ പരാതി നല്‍കിയത്.

കളക്‌ട്രേറ്റില്‍ നിന്നും നല്‍കിയ പെട്രോള്‍ പമ്പുകള്‍ക്കുള്ള എന്‍ഒസികള്‍ എല്ലാം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്‍ മാസങ്ങള്‍ക്ക് മുന്‍പേ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് പരാതി നല്‍കിയിരുന്നത്. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റവന്യൂ കമ്മീഷണറോട് എന്‍ഒസി നല്‍കിയതിലെ ക്രമക്കേട് അടിയന്തരമായി അന്വേഷിക്കാനും റിപ്പോര്‍ട്ട് കിട്ടുന്നതുവരെ ആക്ഷേപമുയരുന്ന പമ്പുകളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാനും ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഈ പരാതികളും നിര്‍ദ്ദേശങ്ങളും എല്ലാം അവഗണിച്ചാണ് കളക്‌ട്രേറ്റില്‍ നിന്നും പമ്പുകളുടെ നിര്‍മ്മാണം നിര്‍ബാധം തുടരാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.

ലോക്ഡൗണ്‍ തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പാണ് പരാതി നല്‍കിയതും റവന്യുമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതും. എന്നാല്‍ മന്ത്രിയുടെ റിപ്പോര്‍ട്ടും റവന്യൂ കമ്മീഷണറുടെ നിര്‍ദേശവും അവഗണിച്ച്‌ ലോക് ഡൗണിന്റെ മറവില്‍ അപേക്ഷ നല്‍കിയ പുതിയ പമ്പുകള്‍ക്കെല്ലാം നിര്‍മാണത്തിന് അനുവാദം നല്‍കുകയായിരുന്നു. ഈ സാഹചര്യം മുതലാക്കി ലോക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച്‌ ജില്ലയിലെ പല പമ്പുകളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങളും വേഗത്തിലാക്കി.

ജില്ലയില്‍ ഇത്തരത്തില്‍ പത്തൊമ്പത് പമ്പുകള്‍ നിര്‍മിക്കാനുള്ള എന്‍ഒസി നല്‍കിയതായാണറിയുന്നത്. സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിലെ ഒരുസംഘം ഉദ്യോഗസ്ഥരാണ് കളക്‌ട്രേറ്റിലെ ഈ അനീതിക്ക് നേതൃത്വം കൊടുക്കുന്നതെന്നും അസോസിയേഷന്‍ നേതാക്കള്‍ ആരോപിക്കുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പെട്രോളിയം കമ്പനി പ്രതിനിധികള്‍ക്കും എതിരെ ഡീലേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Related Articles

Back to top button