ArticleBlog

ഫാദേഴ്സ് ഡേയിൽ ഹൃദയം തൊടുന്ന കുറിപ്പുമായി ഷിൽന സുധാകർ.

“Manju”

 

നിനച്ചിരിക്കാത്ത നേരത്താണ് ഷിൽനയുടെ പ്രിയപ്പെട്ടവൻ സുധാകരനെ മരണം കൊണ്ടു പോയത്. പക്ഷേ, ഷിൽനയെ ഇന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് സുധാകരന്റേയും ഷിൽനയുടേയും ഒാമന മക്കളാണ്.
എപ്പോഴുമെന്ന പോലെ സുധാകരന്റെ ഓർമകളെ തിരികെ വിളിക്കുകയാണ് ഷിൽന. ഫാദേഴ്സ് ഡേയിലാണ് സുധാകരൻ മാഷിനെക്കുറിച്ചുള്ള ഹൃദ്യമായ ഓർമ ഷിൽന പങ്കുവച്ചത്.

ജീവിതത്തില്‍ എടുത്ത ഏറ്റവും വലിയ ആർജവമുള്ള തീരുമാനം മാഷ്ടെ കുട്ടികളെ പ്രസവിക്കണം എന്നുള്ളതായിരുന്നു എന്ന് ഷിൽന കുറിക്കുന്നു.

മാഷ് പോയതിനുശേഷം ചിന്തിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനുമുള്ള ആർജ്ജവം കൈവന്ന ശേഷം ഞാനെടുത്ത ഏറ്റവും ആദ്യത്തെ തീരുമാനം മാഷ്ടെ കുട്ടികളെ പ്രസവിക്കണം എന്നുള്ളതായിരുന്നു.എന്‍റെ ജീവിതത്തിൽ ഇന്നോളമുള്ളതിൽ ഏറ്റവും ഉചിതവും ശരിയുമായിരുന്നു അതെന്നു ഇന്നും ഞാൻ ഉറച്ചുറച്ചു വിശ്വസിക്കുന്നു..ചികിത്സ തുടരാൻ തീരുമാനിച്ചപ്പോൾ എന്‍റെ ഏറ്റവും എടുത്തവർ എന്നോട് ചോദിച്ച ഒരേ ഒരു ചോദ്യം ,അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ അറിഞ്ഞുകൊണ്ട് തീരുമാനിക്കുന്നത് അവരോടു ജീവിതകാലം മുഴുവൻ ചെയ്യുന്ന പാപമല്ലേ എന്നാണ്.. ആഴത്തിൽ ചിന്തിക്കുമ്പോൾ പ്രിയപ്പെട്ടവർ അങ്ങനെ ചോദിച്ചതിൽ തെല്ലും അതിശയപ്പെടാനില്ല..
പക്ഷെ മാഷെ വീണ്ടും ഭൂമിയിലേക്ക് കൊണ്ടുവരാൻ അതല്ലാതെ മറ്റു മാർഗങ്ങൾ എന്‍റെ മുന്നിലില്ലായിരുന്നു.. കുഞ്ഞുങ്ങളെ കിട്ടുമോ എന്നുള്ളത് പോലും അത്രയേറെ അനിശ്ചിതത്വം നിറഞ്ഞതായിരുന്നു.അതിനായി ഞാൻ തുഴഞ്ഞ സങ്കടക്കടലുകൾ വിവരിക്കുക തന്നെ അസാധ്യമാണ്.. സിസേറിയനുവേണ്ടി തീയേറ്ററിൽ കയറ്റും മുൻപ് മാഷ് അവിടുണ്ടെന്നു ഞാൻ മനസുകൊണ്ട് സങ്കൽപ്പിച്ചു ,കുഞ്ഞുങ്ങളെ ആദ്യമായി വാരിയെടുക്കുമ്പോൾ മാഷ്ടെ മുഖത്തു വിരിയുന്ന സന്തോഷവും ഞാൻ മനക്കണ്ണിൽ കണ്ടു.
അച്ഛൻ എന്നൊരു ബിംബം ഇല്ലാത്തൊരു ലോകത്തേക്കാണ് എന്‍റെ കുട്ടികൾ ജനിച്ചു വീണത്. വളർച്ചയുടെ ഓരോ ഘട്ടങ്ങൾ പിന്നിടുമ്പോൾ സന്തോഷിക്കാനോ ,വാവിട്ടു കരയുമ്പോൾ ഒന്ന് കൈ മാറി എടുക്കാനോ അങ്ങനെ ഒരാളേ അവരുടെ ജീവിതത്തിലില്ല.
ഇന്നിപ്പോൾ എന്‍റെ പ്രവൃത്തികൾ കണ്ടു അവര് വളരുന്നു..ഞാൻ എന്‍റെ അച്ഛനെ ,അച്ഛാ എന്ന് വിളിക്കുന്നത് കേട്ട് അവരും അത് തന്നെ, ആവർത്തിക്കുന്നു.. ആ അച്ഛാ വിളി കേൾക്കുമ്പോൾ തന്നെ ഹൃദയം പലതായി നുറുങ്ങി പോവുന്നു.അത് തിരുത്താൻ പോലും ഞാൻ അശക്തയാണ്.
ഇല്ലാത്തവർക്ക് ,അച്ഛാ എന്നുള്ള വിളി തന്നെ അത്രയേറെ ഭാരവും സാന്ദ്രതയും ഉള്ളതാണ്. അച്ഛൻ എന്ന വാക്കിന്റെ ആഴം അളക്കുക അവരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. അച്ഛൻ എന്നത് വിങ്ങൽ തന്നെയാണ്..
അച്ഛനും അമ്മയുമായി ഒരേസമയം ജീവിക്കേണ്ടി വരുന്നവരെ ഒരിക്കലെങ്കിലും ഓർക്കുക. അവർ അത് അർഹിക്കുന്നുണ്ട്.

Related Articles

Back to top button