KeralaLatest

സംസ്ഥാനത്ത് നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി റിലേ സര്‍വീസുകള്‍ ആരംഭിക്കും

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കൊവിഡ് നിബന്ധനകള്‍ പാലിച്ച്‌ ദീര്‍ഘദൂര യാത്രക്കാരുടെ ആവശ്യാര്‍ത്ഥം തിരുവനന്തപുരത്ത് നിന്ന് തൃശൂര്‍ വരെ കെ.എസ്.ആര്‍.ടി.സി നാളെ മുതല്‍ “റിലേ സര്‍വീസുകള്‍’ ആരംഭിക്കും. അന്തര്‍ ജില്ലാ യാത്രക്കാരുടെ ആവശ്യപ്രകാരമാണ്‌ പുതിയ സര്‍വീസ്‌. ഓരോ മണിക്കൂര്‍ ഇടവിട്ട് തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്കും തിരിച്ചുമാണ് സര്‍വീസ്. കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ബസ് സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് മാറിക്കയറി യാത്ര തുടരാവുന്ന വിധത്തിലാണ് സര്‍വീസുകളുടെ ക്രമീകരണം.

തൃശൂരിലേക്ക്‌ നേരിട്ട്‌ ബസില്ല. തിരുവനന്തപുരത്ത് നിന്ന്‌ പുറപ്പെടുന്ന ബസ്‌ കൊല്ലത്ത്‌ എത്തിയാല്‍ ആലപ്പുഴയിലേക്ക്‌ മറ്റൊരു ബസ്‌ തയ്യാറായി നില്‍ക്കുന്നുണ്ടാകും. ആദ്യ ബസിലെ അതേ നമ്പരിലുള്ള
സീറ്റും ഉറപ്പായിരിക്കും. ഇപ്രകാരം കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ബസ് സ്റ്റേഷനുകളില്‍നിന്ന് യാത്രക്കാര്‍ മാറിക്കയറി യാത്ര തുടരുന്ന വിധത്തിലാണ് സര്‍വീസ്‌. രാത്രി ഒമ്പതോടെ സര്‍വീസ് അവസാനിപ്പിക്കണം എന്ന നിബന്ധന ഉള്ളതിനാല്‍ ഉച്ചവരെയുള്ള സര്‍വീസുകള്‍ തൃശൂര്‍വരെയും തുടര്‍ന്നുള്ള ട്രിപ്പുകള്‍ എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ അവസാനിപ്പിക്കുന്ന വിധത്തിലുമായിരിക്കും.

തലസ്ഥാന നഗരിയില്‍ സ്ഥിരം യാത്രക്കാരെ ലക്ഷ്യമാക്കിയുളള നോണ്‍സ്റ്റോപ്പ് സര്‍വീസുകള്‍ക്ക് വരുന്ന ആഴ്ച തുടക്കമാകും. സെക്രട്ടേറിയറ്റ്, പബ്ലിക് ഓഫീസ്, ജലഭവന്‍, എജീസ് ഓഫീസ്, പി.എസ്‌.സി ഓഫീസ്, വികാസ് ഭവന്‍, നിയമസഭാ മന്ദിരം, മെഡിക്കല്‍ കോളേജ്, ശ്രീചിത്ര, എസ്‌.എ.ടി ആശുപത്രി, ആര്‍.സി.സി എന്നിവിടങ്ങളിലേക്ക് സ്ഥിരമായി യാത്രചെയ്യുന്ന ജീവനക്കാരായ ഇരുചക്രവാഹനക്കാരെ ലക്ഷ്യമിട്ടാണ്‌ നോണ്‍ സ്റ്റോപ്‌ സര്‍വീസുകള്‍.

യാത്രക്കാരുടെ വാഹനങ്ങള്‍ സൂക്ഷിക്കാന്‍ ബസ് സ്റ്റേഷനുകളില്‍ പ്രത്യേക സൗകര്യമുണ്ടാകും. അവരവരുടെ ഓഫീസിന് മുന്നില്‍ ഇറക്കുകയും കയറ്റുകയും ചെയ്യും. സീറ്റും മുന്‍കൂട്ടി ഉറപ്പാക്കാം. രാവിലെയും വൈകിട്ടുമുള്ള രണ്ട്‌ യാത്രക്ക്‌ 100 രൂപയാണ്. 5, 10, 15, 20, 25 ദിവസങ്ങളിലേക്ക്‌ സീസണ്‍ ടിക്കറ്റുകളുമുണ്ട്‌. അഞ്ച്‌ ദിവസം -500 രൂപയാണ്. ദിവസങ്ങള്‍ വര്‍ദ്ധിക്കുന്നതനുസരിച്ചുള്ള നിരക്ക് ദിവസം, നിരക്ക് എന്ന ക്രമത്തില്‍. 10 – 950 രൂപ, 15 – 1400 രൂപ, 20 – 1800 രൂപ, 25 – 2200 രൂപ. യാത്രക്കാര്‍ക്ക്‌ അപകട സമൂഹ ഇന്‍ഷുറന്‍സും ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8129562972, – 9447071021,- 0471 2463799 നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button