KeralaLatest

കെ.എസ്. ഇ.ബി അമിതബില്‍; പുതിയ ഉത്തരവ്

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്‍ കുത്തനെ ഉയര്‍ത്തി പണം തട്ടിയ കെ.എസ്.ഇ.ബി, പ്രതിഷേധവും സര്‍ക്കാര്‍ നിര്‍ദ്ദേശവും കണക്കിലെടുത്ത് തെറ്റുതിരുത്തി പുതിയ ഉത്തരവിറക്കി.

പത്രമാദ്ധ്യമങ്ങളുടെ കടുത്ത വിമര്‍ശനങ്ങളും, സോഷ്യല്‍ മീഡിയയിലെ അവഹേളനങ്ങളും, ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കെ.എസ്. ഇ.ബി. ജീവനക്കാര്‍ക്കും ഒാഫീസിനും നേരെയുണ്ടായ കൈയേറ്റശ്രമങ്ങളുമെല്ലാം കണക്കിലെടുത്താണ് ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ബില്‍ തുക കുറയ്ക്കാനുള്ള നടപടികളെടുത്തതെന്ന് ഉത്തരവിലുണ്ട്. പുതിയ മാനദണ്ഡങ്ങളനുസരിച്ചുള്ള തിരുത്തിയ ബില്ലുകളാവും ജൂലായ് മുതല്‍ ലഭിക്കുക. ഇതിനകം പണമടച്ചവര്‍ക്ക് കൗണ്ടറില്‍ തന്നെ ബില്‍ തിരുത്തി നല്‍കാനും, ഒാണ്‍ലൈനില്‍ പണമടച്ചവര്‍ക്ക് വരുന്നമാസങ്ങളിലെ ബില്ലില്‍ കുറച്ച്‌ നല്‍കാനും നിര്‍ദ്ദേശമുണ്ട്. മൂന്ന് തവണയായും അഞ്ച് തവണയായും ഒാണ്‍ലൈന്‍ മുഖേന പണമടയ്ക്കുന്നവര്‍ക്ക് സൗകര്യമൊരുക്കാന്‍ സോഫ്റ്റ് വെയറിലും മാറ്റം വരുത്തി.

ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെയുള്ള ബില്ലിലാണ് ഇളവ് . പ്രതിമാസ ഉപഭോഗം 40 യൂണിറ്റ് വരെയുള്ളവര്‍ക്ക് ഉപയോഗിച്ച വൈദ്യുതി മുഴുവന്‍ സൗജന്യമായും 80 യൂണിറ്റ് വരെയുള്ളവര്‍ക്ക് 1.5 രൂപ യൂണിറ്റ് നിരക്കിലും പ്രതിമാസ ഉപഭോഗം 50 യൂണിറ്റ് വരെയുള്ളവര്‍ക്ക് അതിന് മുകളിലുള്ള ഉപയോഗത്തില്‍ 50 ശതമാനവും 100 യൂണിറ്റ് വരെയുള്ളവര്‍ക്ക് അതിനുമുകളിലുളള ഉപഭോഗത്തിന്റെ 30 ശതമാനവും 150 യൂണിറ്റ് വരെയുള്ളവര്‍ക്ക് അതിന് മുകളിലുള്ള ഉപഭോഗത്തിന്റെ 25 ശതമാനവും 150 ന് മുകളില്‍ ഉപഭോഗമുള്ളവര്‍ക്ക് അതിന് മുകളിലുള്ള ഉപഭോഗത്തിന്റെ 20 ശതമാനവുമാണ് ഇളവ്. കൂടുതല്‍ തുക അടച്ചിട്ടുണ്ടെങ്കില്‍ അടുത്ത ബില്ലില്‍ കുറച്ച്‌ നല്‍കും. അല്ലാത്തവരില്‍ നിന്ന് തിരുത്തിയ ബില്ലനുസരിച്ചുള്ള തുക സ്വീകരിക്കും.

നാല് മാസത്തെ റീഡിംഗെടുത്തപ്പോള്‍ സ്ളാബ് മാറ്റേണ്ടി വന്നതും, സര്‍ക്കാര്‍ സബ്സിഡി ഒഴിവായതുമാണ് ബില്‍തുക കൂടാനിടയാക്കിയതെന്ന് ബോര്‍ഡ് യോഗം വിലയിരുത്തി. ചില കേസുകളില്‍ ബില്‍ കണക്കാക്കിയതില്‍ പിശകും സംഭവിച്ചു.

Related Articles

Back to top button