KeralaLatest

ജൂലൈ അഞ്ചിനു മുമ്പ് പാഠപുസ്തകങ്ങള്‍ എത്തും; പാഠപുസ്തകവിതരണത്തിന് കുടുംബശ്രീയും

“Manju”

സിന്ധുമോള്‍ ആര്‍

 

കൊല്ലം: ജില്ലയിലെ പാഠപുസ്തക വിതരണത്തിലും ശ്രദ്ധേയസാന്നിധ്യമായി കുടുംബശ്രീ വനിതകള്‍. ഒന്നാംക്ലാസ് മുതല്‍ ഹൈസ്‌കൂള്‍ തലംവരെയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള പാഠപുസ്തകങ്ങള്‍ തരംതിരിച്ച്‌ സ്‌കൂള്‍ സൊസൈറ്റികളില്‍ എത്തിക്കുന്നതിന്റെ തിരക്കിലാണ് പെണ്‍കൂട്ടായ്മ.

ജില്ലയില്‍ 21 ലക്ഷം പാഠപുസ്തകങ്ങളാണ് വിതരണത്തിനൊരുങ്ങുന്നത്. കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയില്‍(കെബിപിഎസ്) അച്ചടിക്കുന്ന പുസ്തകങ്ങളാണ് എല്ലാ ജില്ലകളിലുമുള്ള ടെക്സ്റ്റ് ബുക്ക് ഡിപ്പോകളിലേക്കും എത്തുന്നത്. ഇത്തരത്തില്‍ എത്തുന്ന പുസ്തകങ്ങള്‍ സ്‌കൂള്‍സൊസൈറ്റികള്‍ക്ക് തരംതിരിച്ചു നല്‍കുന്ന ജോലിയാണ് കുടുംബശ്രീ വനിതകള്‍ ഏറ്റെടുത്തത്. പാഠപുസ്തകവിതരണം നിശ്ചിതസമയത്ത് തന്നെ പൂര്‍ത്തീകരിക്കുന്നതിനാണ് കെബിപിഎസ് കുടുംബശ്രീയെ സമീപിച്ചത്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതിനാല്‍ എത്രയുംവേഗം പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിക്കുന്നതിനായി കൊല്ലം സെന്റ് അലോഷ്യസ് സ്‌കൂളില്‍ മറ്റൊരു വിതരണകേന്ദ്രം കൂടി ആരംഭിച്ചിട്ടുണ്ട്. ഒന്നുമുതല്‍ ഏഴുവരെയുള്ള പാഠപുസ്തകങ്ങള്‍ ടെക്സ്റ്റ് ബുക്ക് ഡിപ്പോയിലും ഹൈസ്‌കൂള്‍ തലത്തിലെ പുസ്തകങ്ങള്‍ സെന്റ് അലോഷ്യസ് സ്‌കൂളിലുമാണ് തരംതിരിക്കുന്നത്. 12 എഇഒമാരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 292 സൊസൈറ്റികളിലേക്കാണ് പാഠപുസ്തകങ്ങള്‍ എത്തിക്കേണ്ടത്. രണ്ട് സൂപ്പര്‍വൈസര്‍ അടക്കം 30 പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായാണ് പുസ്തകം തരംതിരിക്കുന്നതും വാഹനങ്ങളില്‍ കയറ്റി ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതും. ഈ ഗ്രൂപ്പില്‍ വനിതകളുടെ സഹായത്തിനായി എട്ട് പുരുഷന്മാരുമുണ്ട്.
പാഠപുസ്തകങ്ങള്‍ തരംതിരിക്കുന്നതിന് ജില്ലയില്‍ രണ്ട് കേന്ദ്രം തുടങ്ങിയതോടെ ജൂലൈ 5ന് മുമ്പുതന്നെ ജില്ലയിലെ എല്ലാ സ്‌കൂള്‍ സൊസൈറ്റികളിലേക്കും പാഠപുസ്തകങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്ന് കൊല്ലം ഡിഡിഇ സുബിന്‍പോള്‍ പറഞ്ഞു. അവധിദിവസങ്ങളിലും വിശ്രമം ഇല്ലാതെ തരംതിരിക്കല്‍ ജോലി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കൃത്യതയോടെയും കാര്യക്ഷമതയോടും കൂടി ജോലി തീര്‍ക്കുമെന്ന ഉറപ്പിലും വിശ്വാസത്തിലുമാണ് തരംതിരിക്കല്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിച്ചതെന്നും അതിനാല്‍ പറഞ്ഞ സമയത്ത് തന്നെ ജോലി തീര്‍ക്കുമെന്നും കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.ജി. സന്തോഷ് പറഞ്ഞു.

Related Articles

Back to top button