IndiaLatest

സബ്സിഡിയോടു കൂടിയുള്ള സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ ജൂണ്‍ 30ന് അവസാനിക്കും

“Manju”

ശ്രീജ.എസ്

 

കോട്ടയം: സബ് സിഡിയോടുകൂടിയുള്ള സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ എടുത്തവര്‍ക്ക് ജൂണ്‍ 30 നിര്‍ണായകം. അന്നാണ് അത്തരം വായ്പ തിരിച്ചടച്ച്‌ സ്വര്‍ണം തിരിച്ചെടുക്കാനുള്ള അവസരം. പണയം എടുത്തില്ലെങ്കില്‍ നാല് ശതമാനം പലിശ എന്ന ആനുകൂല്യം കിട്ടില്ല. വായ്പ കൂടിയ പലിശനിരക്കിലേക്ക് പോകുന്നതാണ്. സര്‍ക്കാര്‍ നിശ്ചയിച്ച താഴെ പറയുന്ന മൂന്നിനം കാര്‍ഷിക വായ്പകളിലേക്ക് പോയവര്‍ക്ക് ജൂണ്‍ 30-ന്റെ മാനദണ്ഡം ബാധകമല്ല.

നിലവില്‍ കാര്‍ഷിക വായ്പകള്‍ മൂന്ന് തരമാണ്. അത് ഇങ്ങനെ:

• 1.60 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ കിട്ടാന്‍ കെ.സി.സി. മാത്രം മതിയാകും. ഈ വായ്പയ്ക്ക് നാല് ശതമാനം പലിശയേയുള്ളൂ.
• 1.60 ലക്ഷത്തിനു മുകളില്‍ മൂന്ന് ലക്ഷം വരെ വായ്പ കിട്ടാന്‍ സ്വര്‍ണം പണയം വെക്കുകയും കരമടച്ച രസീത് കാണിക്കുകയും വേണം. ഇതിന് കെ.സി.സി. നിര്‍ബന്ധമല്ല. നാല് ശതമാനം പലിശ.

• മൂന്ന് ലക്ഷത്തിനു മുകളില്‍ 25 ലക്ഷം വരെ ഏഴ് ശതമാനം പലിശനിരക്കില്‍ വായ്പ. സ്വര്‍ണം പണയം വെക്കുകയും കരമടച്ച രസീത് കൊടുക്കുകയും വേണം.

സ്വര്‍ണവായ്പയില്‍ വന്ന വ്യത്യാസം

മുന്‍പ് സ്വര്‍ണവും സ്വന്തമായി ഭൂമിയും ഉള്ളവര്‍ക്ക് കരമടച്ച രസീത് ഹാജരാക്കി പണയസ്വര്‍ണവും നല്‍കി വായ്പയെടുക്കാമായിരുന്നു. 2019 ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ രീതി മാറ്റാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. എല്ലാ സ്വര്‍ണപ്പണയവായ്പകളും പൂര്‍ണമായും കൃഷിക്ക് മാത്രമാക്കി.

കെ.സി.സി. നിര്‍ബന്ധമാക്കി. 1.60 ലക്ഷം രൂപ വരെ ഈടില്ലാതെ നല്‍കാനുള്ള തീരുമാനമായിരുന്നു പ്രധാനം. കെ.സി.സി. മാത്രം ഇതിന് മതിയാകും. ചെറുകിട കൃഷിക്കാര്‍ക്ക് പണമില്ലാത്തതുമൂലം പണികള്‍ മുടങ്ങാതിരിക്കാനായിരുന്നു ഇത്. ഇതില്‍ കൂടിയ തുക വേണ്ടവര്‍ക്ക് സ്വര്‍ണം ഈടോടെ രണ്ടു തരം വായ്പകളും നല്‍കാന്‍ നിര്‍ദേശിച്ചു.

ഈ മൂന്നിനം വായ്പയും നിലവില്‍ വന്ന സ്ഥിതിക്ക് ഇതിനു മുന്‍പ് പരമ്പരാഗത രീതിയില്‍ സ്വര്‍ണപ്പണയവായ്പയെടുത്തവരുടെ ഇടപാട് ക്രമവല്‍ക്കരിക്കുക എന്നതാണ് റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നത്. പരമ്പരാഗത സ്വര്‍ണവായ്പകള്‍ അടച്ച്‌ അവസാനിപ്പിക്കുന്നവര്‍ക്ക് പണത്തിന്റെ ആവശ്യം അനുസരിച്ച്‌ മേല്‍പ്പറഞ്ഞ മൂന്നിലൊരു രീതിയിലുള്ള വായ്പ തിരഞ്ഞെടുക്കാവുന്നതാണ്.

Related Articles

Back to top button