AlappuzhaKeralaLatest

കോവിഡ് പ്രതിരോധം; സുരക്ഷാ സംവിധാനമില്ലാതെ പോലീസുകാര്‍

“Manju”

സിന്ധുമോള്‍ ആര്‍

 

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും രംഗത്തിറക്കിയ സര്‍ക്കാര്‍ അവര്‍ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നില്ല. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ എല്ലാ തലങ്ങളിലും പോലീസുകാരുടെ സേവനം ആവശ്യമാണെന്നാണ് നിര്‍ദ്ദേശം. സമൂഹ വ്യാപനം ഏത് നിമിഷവും ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് ആരോഗ്യ മന്ത്രി വരെ നല്‍കിയ സാഹചര്യത്തില്‍ പോലീസ് സേനാംഗങ്ങളും, കുടുംബങ്ങളും ആശങ്കയിലാണ്.
സേനയിലെ 90 ശതമാനം പേരോടും പ്രതിരോധ പ്രവര്‍ത്തനത്തിന് സജ്ജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ സേനയ്ക്ക് നല്‍കിയ പിപിഇ കിറ്റുകള്‍ തീരെ അപര്യാപ്തമാണ്. നിലവില്‍ ആശുപത്രികളില്‍ സുരക്ഷാ ജോലികളില്‍ ഉള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും ഉപയോഗിക്കാനുള്ള പിപിഇ കിറ്റുകള്‍ ലഭ്യമായിട്ടില്ല. മൂപ്പതും നാല്‍പ്പതും പോലീസുകാരുള്ള സ്റ്റേഷനില്‍ അഞ്ച് പിപിഇ കിറ്റാണ് ആകെ ലഭിച്ചത്.

ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് ഉപയോഗിക്കാന്‍ മാസ്‌ക്കുകളോ ഗ്ലൗസുകളോ പോലും ആവശ്യത്തിനില്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വകുപ്പില്‍ നിന്ന് മാസ്‌ക്കുകളും ഗ്ലൗസുകളും നല്‍കിയിരുന്നു. എന്നാല്‍ ഇതും അപര്യാപ്തമായിരുന്നു. പിന്നീട് സന്നദ്ധ സംഘടനകള്‍ നല്‍കിയ മാസ്‌കുകളും ഗ്ലൗസുകളുമായിരുന്നു പോലീസുകാര്‍ക്ക് ആശ്രയം. ഉപയോഗിക്കുന്ന മാസ്‌ക് മൂന്നു മണിക്കൂര്‍ ഇടവിട്ട് മാറ്റണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. അതിനനുസരിച്ച്‌ മാസ്‌ക്കുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
വിദേശത്ത് നിന്ന് എത്തുന്നവരെ ക്വാറന്റൈനില്‍ ആക്കുന്നത് വരെ എസ്‌കോര്‍ട്ട് പോവണമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ചിലപ്പോള്‍ ഇവരുടെ ലഗേജുകള്‍ ഉള്‍പ്പെടെ പോലീസുകാര്‍ എടുക്കേണ്ടി വരാറുണ്ട്. ഗ്ലൗസ് പോലും ഉപയോഗിക്കാതെയാണ് ഇത് ചെയ്യുക. രോഗബാധ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ടെക്‌നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പോലീസ് ഉദ്യോഗസ്ഥരും സേവനസജ്ജരായിരിക്കാനാണ് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്.
നേരത്തെ ലോക്ഡൗണ്‍ തുടങ്ങിയ സമയത്ത് അമ്പത് ശതമാനം പോലീസ് ഉദ്യോഗസ്ഥര്‍ ജോലിക്കുണ്ടാവണമെന്നായിരുന്നു നിര്‍ദ്ദേശം. ഏഴ് ദിവസം ജോലി ചെയ്യുന്നവര്‍ക്ക് അടുത്ത ഏഴ് ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കാമായിരുന്നു. ഇപ്പോള്‍ 90 ശതമാനം ഉദ്യോഗസ്ഥരും ഒരേ സമയം ജോലി ചെയ്യുന്ന സാഹചര്യമാണുള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് പോലെ പിപിഇ കിറ്റുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ തങ്ങള്‍ക്ക് ലഭ്യമാക്കണമെന്നതാണ് പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം.

Related Articles

Back to top button