KeralaLatest

പോക്‌സോ: ശിക്ഷ ഉറപ്പാക്കാന്‍ പുതിയ നടപടിക്രമം

“Manju”

സിന്ധുമോള്‍ ആര്‍

 

പോക്സോ കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ നടപടി. അന്വേഷണവും വിചാരണയും പഴുതടച്ച്‌ കുറ്റമറ്റതാക്കാന്‍ നടപടി ക്രമങ്ങള്‍ ഏകീകരിച്ച്‌ കേരള പൊലീസ് പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജ്യര്‍ (എസ്‌ഒപി) തയ്യാറാക്കും. യൂണിസെഫ് സഹായത്തോടെയാണ് പദ്ധതി. വിവിധ ഘട്ടങ്ങളില്‍ കോടതി വെറുതെവിട്ട 200 പോക്സോ കേസ് പഠിച്ചാണ് എസ്‌ഒപി തയ്യാറാക്കുക. കേസുകളില്‍ നിയമവിദഗ്ധര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തുടങ്ങിയവര്‍ സഹായം ഉറപ്പാക്കും. ബിഹാര്‍ മുന്‍ ഡിജിപിയും നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് ഡയറക്ടര്‍ ജനറലുമായിരുന്ന പി എം നായരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്, ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ സമിതി അംഗങ്ങളാണ്.
പോക്സോ കേസുകളില്‍ ശിക്ഷാനിരക്ക് കുറയുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. കേസുകളില്‍ അടുത്ത ബന്ധുക്കള്‍ക്കു പുറമെ മറ്റുള്ളവരെയും സാക്ഷികളാക്കുന്നതടക്കം പരിഗണിക്കും. പഠനത്തിനായി 200 കേസിന്റെ പട്ടിക തയ്യാറാക്കിയതായി പോക്സോ കേസുകളുടെ മേല്‍നോട്ടം വഹിക്കുന്ന ഐജി എസ് ശ്രീജിത് പറഞ്ഞു. ആഗസ്തോടെ എസ്‌ഒപി തയ്യാറാക്കും.
സംസ്ഥാനത്ത് നിലവില്‍ 11,954 പോക്സോ കേസാണുള്ളത്. ഇതില്‍ 9457 എണ്ണം വിചാരണയിലും 2497എണ്ണം അന്വേഷണഘട്ടത്തിലുമാണ്. നേരത്തെ 17 ശതമാനമായിരുന്നു പോക്സോ കേസുകളുടെ ശിക്ഷാനിരക്ക്. സര്‍ക്കാര്‍ ഇടപെടല്‍ കാരണം 2018ല്‍ ഇത് 24 ശതമാനമായി ഉയര്‍ന്നു.
18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുവേണ്ടി 2012ല്‍ കൊണ്ടുവന്ന നിയമമാണ് ‘പോക്സോ (ദി പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ്). ലൈംഗികാക്രമണം, ലൈംഗികപീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളില്‍നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കുവേണ്ടി പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കുംവേണ്ടിയാണ് ഈ നിയമം.
എന്താണ് എസ്‌ഒപി പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള വിശദമായ മാര്‍ഗനിര്‍ദേശമാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജ്യര്‍–-എസ്‌ഒപി. നിയമത്തില്‍ പറഞ്ഞ ഒരുകാര്യം നടപ്പാക്കാന്‍ നിയമവിധേയമായി എന്തെല്ലാം ചെയ്യാമെന്നതാണ് ഇതില്‍ വിവരിക്കുക. അന്വേഷണത്തിന്റെ തുടക്കംമുതല്‍ വിചാരണ ഘട്ടംവരെയുള്ള പ്രക്രിയ എസ്‌ഒപിയില്‍ ഉണ്ടാകും.

Related Articles

Back to top button