KannurKeralaLatest

ഉടമകള്‍ക്ക് നോട്ടീസ് നല്‍കാതെ ഫ്‌ളാറ്റ് സമുച്ഛയം ക്വാറന്‍റൈന്‍ കേന്ദ്രമാക്കി; പ്രതിഷേധവുമായി ഉടമകളും പ്രദേശവാസികളും

“Manju”

സിന്ധുമോള്‍ ആര്‍

കണ്ണൂര്‍: ഉടമകള്‍ക്ക് നോട്ടീസ് നല്‍കാതെ ഫ്‌ളാറ്റ് സമുച്ഛയം ക്വാറന്റെന്‍ കേന്ദ്രമാക്കിയെറ്റെടുത്തു. പ്രതിഷേധവുമായി ഉടമകളും പ്രദേശവാസികളും. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് വാരകള്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന സി പ്ലസ് എന്ന അപാര്‍ട്ട്‌മെന്റാണ് ഇന്നലെ ഉച്ചയോടെ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലെത്തി ക്വാറന്റെന്‍ കേന്ദ്രമാക്കിയെറ്റെടുത്തത്.

47 ഫ്‌ളാറ്റുകളുളള ഫ്‌ളാറ്റ് സമുച്ഛയത്തിലെ 42 ഫ്‌ളാറ്റുകള്‍ ബില്‍ഡേഴ്‌സ് ഗ്രൂപ്പ് നിര്‍മ്മിച്ച്‌ വില്‍പ്പനയും രജിസ്‌ട്രേഷനും കഴിഞ്ഞതാണ്. കോര്‍പ്പറേഷന്‍ കംപ്ലീഷന്‍ പ്ലാന്‍ സ്വീകരിച്ച്‌ നമ്പര്‍ നല്‍കാനിരിക്കുകയാണ്. പ്രായമായ സ്ത്രീകളുള്‍പ്പെടെയുളള പലരും നിലവില്‍ ഫ്‌ളാറ്റില്‍ താമസിക്കുന്നുണ്ട്. കൂടാതെ വന്‍തുക കൊടുത്ത് ഫ്‌ളാറ്റെടുത്ത പല കുടുംബങ്ങളും പല സമയങ്ങളിലായി ഇവിടെ വന്ന് താമസിക്കാറുണ്ട്. ഒട്ടുമിക്ക വീടുകളിലും സ്ഥിര താമസമാക്കിയില്ലെങ്കിലും ഫര്‍ണിഷിംഗ് നടത്തിയതാണെന്നും ഫ്‌ളാറ്റുടമകള്‍ പറഞ്ഞു.

ഉടമകള്‍ക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ നോട്ടീസ് പോലും നല്‍കാതെ ഫ്‌ളാറ്റ് സമുച്ഛയം ഏറ്റെടുക്കാനുളള ശ്രമത്തെ അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഏതാനും ഫ്‌ളാറ്റുടമകളും പ്രദേശവാസികളും സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഫ്‌ളാറ്റിന് മുന്നിലായി സ്ഥിതി ചെയ്യുന്ന ലൈന്‍ മുറികളില്‍ താമസിക്കുന്ന കുടുംബങ്ങളും ഫ്‌ളാറ്റ് ക്വാറന്റൈന്‍ കേന്ദ്രമാക്കിയാല്‍ തങ്ങള്‍ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നു. എന്നാല്‍ ബില്‍ഡര്‍ക്ക് നോട്ടീസ് നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ഫ്‌ളാറ്റിന്റെ സ്വീകരണമുറിയില്‍ നോട്ടീസ് പതിച്ച്‌ ക്വാറന്റൈന്‍ കേന്ദ്രമായി പ്രഖ്യാപിക്കുകയും അടുത്ത ദിവസം ഫ്‌ളാറ്റിലെ ആള്‍ത്താമസമില്ലാത്ത വീടുകള്‍ ഏറ്റെടുത്ത് ക്വാറന്റെന്‍ സൗകര്യമേര്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് എഡിഎം, ഡിവൈഎസ്പി എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. മുന്നറിയിപ്പില്ലാതെ ക്വാറന്റയിന്‍ കേന്ദ്രങ്ങളായി സ്വകാര്യ കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Related Articles

Back to top button