ArticleKeralaLatest

ഇന്ന് ക്ഷുദ്രഗ്രഹ ദിനം

“Manju”

ജൂണ്‍ 30 അന്താരാഷ്ട്ര ക്ഷുദ്രഗ്രഹ( Asteroid)ദിനമാണ്… ക്ഷുദ്ര ഗ്രഹങ്ങള്‍ ഭൂമിയ്ക്ക് എത്രമാത്രം ഭീഷണി ഉയര്‍ത്തുന്നു എന്ന ബോധവല്‍ക്കരണം നടത്താനാണ് ഈ ദിനം ആചരിക്കുന്നത്. അപകടം ഭാവിയില്‍ എങ്ങനെ ചെറുക്കാമെന്ന ആലോചനയും നടക്കുന്നുണ്ട്. 2015 ജൂൺ 30 നായിരുന്നു ആദ്യ ക്ഷുദ്രഗ്രഹ ദിനം.

1908 ജൂണ്‍ 30 ന് സൈബീരിയയിലെ തുംഗുഷ്കാ നദിക്കരയില്‍ നടന്ന മഹാസ്ഫോടനം ഒരു ക്ഷുദ്രഗ്രഹം ഭൂമിയില്‍പ്പതിച്ചതിന്‍റെ ഭാഗമായിട്ടായിരുന്നു. സൈബീരിയന്‍ കാടുകളെ വിഴുങ്ങിയ ആ പൊട്ടിത്തെറിയുടെ ഓർമ്മയ്ക്കായാണ് ജൂണ്‍ 30 അന്താരാഷ്‌ട്ര ക്ഷുദ്രഗ്രഹദിനമായി ( Asteroid day ) ആചരിക്കുന്നത്.

254 മുതല്‍ 568 മീറ്റര്‍വരെ വ്യാസമുള്ള 2006 QQ 23 എന്നുപേരു ള്ള ക്ഷുദ്രഗ്രഹം 2019 ആഗസ്ത് 10 ന് ഭൂമിയില്‍ വന്നിടിക്കാനുള്ള സാദ്ധ്യത ഉണ്ടായിരുന്നു. സാദ്ധ്യത 7000 ല്‍ ഒന്ന് എന്ന നിലയിലായിരുന്നു. അങ്ങനെ സംഭവിച്ചിരു ന്നെങ്കിൽ അതുവലിയ ദുരന്തങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കുo വഴിയൊരുക്കിയേനെ .

2015 ൽ കേരളത്തിൽ ചെറിയൊരു ഉൽക്ക പതനവും സ്ഫോടനവും ഉണ്ടായിരുന്നു.അ തുപോലുള്ള നിരവധി സ്ഫോടനങ്ങൾ ഓരോ വർഷവും, ലോകത്ത് നടക്കാറുണ്ട്. ഒരിക്കൽ ഭൂമിയിൽ വെള്ളവും ജീവനും കൊണ്ടുവന്നു എന്ന് പറയപ്പെടുന്ന ക്ഷുദ്രഗ്രഹങ്ങൾ ഭൂമിയിലെ ജീവനെത്തന്നെ ഇല്ലാതാക്കാൻ കെല്പുള്ളവയാണ്.

സൗരയൂഥത്തില്‍ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍ ലക്ഷക്കണക്കിന് പാറക്കൂട്ടങ്ങളുണ്ട്. ഇവയില്‍ ചിലതിന് 500 കിലോമീറ്ററിലധികം വലുപ്പമുണ്ടെങ്കിലും മിക്കതും ഒരുകിലോമീറ്ററില്‍ താഴെ മാത്രം വലുപ്പമുള്ളവയാണ്. അസ്റ്ററോയ്ഡ് ബെല്‍റ്റ് (ക്ഷുദ്രഗ്രഹ വലയം) എന്നൊരു മേഖലയിലാണ് ഇവയിലധികവും കാണപ്പെടുന്നത്. കൂട്ടത്തോടെ സൂര്യനെ ചുറ്റുന്ന ഇവ മിക്കപ്പോഴും ഗ്രഹപര്യവേക്ഷണ വാഹനങ്ങള്‍ക്ക് പേടിസ്വപ്നമാണ്.

ക്ഷുദ്രഗ്രഹങ്ങള്‍ പലതും ഭൂമിയുടെ പ്രദക്ഷിണപഥം (സൂര്യനെ ചുറ്റിയുള്ള സഞ്ചാരപാത) മുറിച്ചുകടക്കുന്നവയാണ്. ഇരുണ്ട രാത്രികളില്‍ വജ്രസൂചിപോലെ മാനത്ത് ചീറിപ്പായുന്ന ഉല്‍ക്കകളും വല്ലപ്പോഴും പൊട്ടിത്തെറിച്ച് കടന്നുപോവുന്ന തീക്കുടുക്കകളും (ബൊളൈഡുകള്‍) ക്ഷുദ്രഗ്രഹങ്ങളുടെയോ വാല്‍നക്ഷത്രങ്ങളുടെയോ ഭാഗമായിരിക്കും. ഇവയില്‍ ഏറെയും മണല്‍തരികളോളം മാത്രം വലിപ്പമുള്ളവയാണ്. എന്നാല്‍ കിലോമീറ്ററുകളോളം വലുപ്പമുള്ള ചിലത് ഭൂമിയിലെ ജീവിവര്‍ഗങ്ങളെ ഭാഗികമായോ മൊത്തമായോതന്നെ നശിപ്പിക്കാന്‍ കെല്‍പ്പുള്ളവയായിരിക്കും.

ഏതാണ്ട് ആറര കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമി അടക്കിവാണിരുന്ന ദിനോസറുകളെ കൂട്ടത്തോടെ നശിപ്പിച്ചത് ഇത്തരമൊരു ഉല്‍ക്കാപതനമാണെന്ന് കരുതപ്പെടുന്നു. അന്നുണ്ടായ പൊടിപടലങ്ങളാല്‍ ഭൂമിയിലേക്കുള്ള സൂര്യപ്രകാശം മറയു കയും പ്രകാശസംശ്ലേഷണം നടക്കാതെ ചെടികള്‍ നശിച്ചുപോവുകയും ചെയ്തു. അങ്ങനെ സസ്യഭുക്കുകളായ ദിനോസറുകളും തുടര്‍ന്ന് മാംസഭുക്കുകളായ ദിനോസറുകളും വംശനാശമടഞ്ഞു എന്നാണ് കരുതപ്പെടുന്നത്.

ഭൂമി നിരവധി തവണ ക്ഷുദ്രഗ്രഹങ്ങളുടെയൊ ഉൽക്കകളുടെയൊ ഇത്തരം ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട്.

1908 ജൂൺ 30 ന് സൈബീരിയയിലെ തുംഗുഷ്കാ നദിക്കരയിലെ കാടുകളെ ആകാശത്തുനിന്നും വൻശബ്ദത്തോടെ എത്തിയ തീഗോളം വിഴുങ്ങി. മരങ്ങൾ കത്തിച്ചാമ്പലായി. വന്യജീവികൾ കൊല്ലപ്പെട്ടു. പ്രദേശത്ത് ആൾപ്പാർപ്പ് കുറവായതിനാൽ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല. അന്തരീക്ഷത്തിൽ എട്ടുമുതൽ പത്തുവരെ കിലോമീറ്റർ ഉയരത്തിൽ നടന്നതായി കരുതപ്പെടുന്ന സ്ഫോടനത്തിന് ഒരു സാധാരണ അണുബോംബിന്റെ ആയിരം മടങ്ങ് പ്രഹരശേഷിയുണ്ടായിരുന്നു.

ഒരുനൂറ്റാണ്ടു മുഴുവൻ നീണ്ടുനിന്ന പഠനം നടത്തിയിട്ടും ആ പൊട്ടിത്തെറി ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു. സോവിയറ്റ് ശാസ്ത്ര അക്കാദമിയിലെ മിനറോളജിസ്റ്റ് ആയ ലിയോണിഡ് കുലിക്കും സംഘവും നടത്തിയ നിരീക്ഷണത്തിൽ സ്ഫോടനം ഉൽക്കാപതനംകൊണ്ടാണെന്ന് നിഗമനം ഉണ്ടായി. എന്നാൽ അത്തരം സംഭവങ്ങളുടെ ഫലമായി ഉണ്ടാകാനിടയുള്ള ഗർത്തത്തിന്റെ അഭാവം സംഘത്തെ കുഴക്കി.

ബ്രിട്ടീഷ് ജ്യോതിശ്ശാസ്ത്രജ്ഞനായ എഫ്.ജെ. വിപ്പിൾ സ്ഫോടനത്തിനു കാരണം ഒരു കൊച്ചു വാൽനക്ഷത്രമാണെന്ന് അഭിപ്രായപ്പെട്ടു. 1978 ൽ സ്ലോവാക്യൻ ശാസ്ത്രജ്ഞനായ ലുബോർ ക്രെസാക്ക് സ്ഫോടനത്തിന്റെ കാരണം ‘എൻകെ’യുടെ ധൂമകേതുവാണെന്ന് വാദിച്ചു.

1950 കളിലും 60 കളിലും സ്ഥലത്തുനിന്ന് ഗവേഷകർക്ക് സൂക്ഷ്മ ഗ്ലാസ്ഗോളംപോലുള്ള വസ്തുക്കൾ കണ്ടെത്താൻ കഴിഞ്ഞു. അവയിലെ നിക്കലിന്റെയും ഇറിഡിയത്തിന്റെയും സാന്നിധ്യം സ്ഫോടനം ഭൗമേതരമാണെന്ന നിഗമനത്തിന് വഴിതെളിയിച്ചു. എന്നാൽ 1983 ലും 2001 ലും നടത്തിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് സ്ഫോടനം ഉൽക്കയുമായി ബന്ധപ്പെട്ടതുതന്നെയാണെന്നാണ്.

1990 കളിൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ ലുക്കാ ഗാസ്പിരിനിയും സംഘവും പ്രദേശത്തെ മരത്തിന്റെ കറകളിൽനിന്ന് ഉൽക്കകളിൽ കാണുന്ന ചില പദാർഥങ്ങൾ വേർതിരിച്ചെടുത്തു. ഇത്തരം പദാർഥങ്ങൾ വാൽനക്ഷത്രങ്ങളിൽ അപൂർവമാണുതാനും. സ്ഫോടനംമൂലം ഉണ്ടായതാണെന്ന് കരുതപ്പെടുന്ന ‘ചെക്കോ’ തടാകം പഠനത്തിനു വിധേയമാക്കി. ഉൽക്കാപതനംമൂലമുണ്ടായ തടാകങ്ങളുമായി ചെക്കോവിന് ഏറെ സാമ്യമുണ്ട്.

2013 ഫിബ്രവരി 15 ന് റഷ്യയിലെ ചില്ല്യാബിൻസ്കിയിൽ കെട്ടിടങ്ങളെ വിറപ്പിച്ചുകൊണ്ട് ആകാശത്തുകൂടെ എന്തോ ഒന്ന് കുതിച്ചുപാഞ്ഞുപോയി. കെട്ടിടങ്ങൾ പലതും ഇടിഞ്ഞുപൊളിഞ്ഞു. ഹിരോഷിമയിൽ പൊട്ടിച്ച അണുബോംബിന്റെ 30 മടങ്ങ് സ്ഫോടകശക്തിയോടെ പൊട്ടിത്തെറിച്ചത് സൂപ്പർ ബൊളൈഡുകൾ എന്നു വിളിക്കുന്ന ഉൽക്കയായിരുന്നു. ഇവ ക്ഷുദ്രഗ്രഹങ്ങളുടെ കൊച്ചനുജൻമാർതന്നെ.

മണിക്കൂറിൽ ഏതാണ്ട് 69000 കിലോമീറ്റർ വേഗത്തിൽ 13000 മെട്രിക് ടൺ ഭാരമുള്ള (2600 ആനയുടെ ഭാരം) ഒരു വസ്തുവാണ് അന്ന് അന്തരീക്ഷത്തിൽ ഏതാണ്ട് 29 കിലോമീറ്റർ ഉയരത്തിൽവെച്ച് പൊട്ടിത്തെറിച്ചത്. 1500 പേർക്ക് അന്ന് പരിക്ക് പറ്റി.

കേരളത്തിലും നടന്നു സമാനമായൊരു സ്ഫോടനം. ഇത്രത്തോളം വലുതല്ലെങ്കിലും 2015 ഫിബ്രവരി 27 ന് രാത്രി 10 മണിയോടെ എറണാകുളവും പരിസരപ്രദേശവും ആ അത്യുഗ്രസ്ഫോടനം കേട്ട് തരിച്ചുപോയി. ദക്ഷിണകേരളത്തിലെ മിക്കഭാഗങ്ങളും ആ സ്ഫോടനത്തിന്റെ പ്രകമ്പനം ഏറ്റുവാങ്ങി. വാർത്താപ്രാധാന്യം നേടിയ ഈ സംഭവത്തെപ്പറ്റി എത്രമാത്രം പഠനങ്ങൾ നടന്നുവെന്ന് വ്യക്തമല്ല.

ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ് ഭാവിയിൽ മനുഷ്യർ നേരിടേണ്ട ഏറ്റവും വലിയ ഭീഷണികളിലൊന്നായി ക്ഷുദ്രഗ്രഹങ്ങളെ കണക്കാക്കിയിട്ടുണ്ട്.

ഭൂമിക്ക് ഏറ്റവും ഭീഷണിയായിട്ടുള്ള ക്ഷുദ്രഗ്രഹങ്ങളെ പറയുന്ന പേരാണ് PHO (പൊട്ടെൻഷ്യലി ഹസാഡസ് ഒബ്ജെക്ട്സ്). ഭൂമിക്ക് ഏതാണ്ട് 75 ലക്ഷംകിലോമീറ്ററിൽ 330 മുതൽ 490 അടിവരെ വ്യാസത്തിൽ കാണപ്പെടുന്നവയാണ് ഇവ. അടുത്തകാലംവരെ 1550 ഓളം PHO കളെ തിരിച്ചറിയാൻകഴിഞ്ഞിട്ടുണ്ട്.

ക്ഷുദ്രഭീകരത മറികടക്കാൻ ലോകസഹകരണവും അണിചേരലുമാണ് ക്ഷുദ്രഗ്രഹദിനാചരണം ലക്ഷ്യമാക്കുന്നത്. നൂറോളം ശാസ്ത്രജ്ഞരും ഗഗനചാരികളും കലാകാരന്മാരുമായിരുന്നു ഈ ദിനാചരണത്തിന്‍റെ അണിയറശില്പികൾ.

പ്രധാന ലക്ഷ്യങ്ങൾ –
1. ഭീഷണിയുമായി ഭൂമിക്കരികിലെത്തുന്ന ക്ഷുദ്രഗ്രഹങ്ങളെ അല്ലെങ്കിൽ ഉൽക്കകളെ കണ്ടെത്താൻ ഗവൺമെന്‍റ് -സ്വകാര്യ ഏജൻസികളെ ഉപയോഗപ്പെടുത്തുക.
2. പ്രതിവർഷം ഒരുലക്ഷം എന്ന കണക്കിൽ അടുത്ത പത്തുവർഷം ഭൂമിക്കരികിലെത്തുന്ന ക്ഷുദ്രഗ്രഹങ്ങളെ കണ്ടെത്തി അവയുടെ പാത നിർണയിക്കുക.
3. ക്ഷുദ്രഗ്രഹഭീഷണിയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുക. തടയാനുള്ള നടപടികൾ ആരംഭിക്കുക.

നടത്താം ദിനാചരണം: നിങ്ങളുടെ വിദ്യാലയത്തിനും ഈ ആഗോളദിനാചരണത്തിൽ പങ്കാളികളാവാം. ആകാശകൗതുകങ്ങളെ കൂടുതൽ അറിയാനും പറയാനുമുള്ള ഒരവസരമാക്കി ഇത് മാറ്റാം. അന്നേദിവസം ദേശീയ കൊള്ളിമീൻനിരീക്ഷണദിനംകൂടിയാണെന്ന് (ജൂൺ 30) ഓർക്കുക. ഉൽക്കകളുടെ മറ്റൊരു പേരാണ് കൊള്ളിമീൻ. ഉൽക്കാനിരീക്ഷണം രസകരമായ ഒരു ഹോബിയാണ്. അതും സംഘടിപ്പിക്കാവുന്നതേയുള്ളൂ.

Related Articles

Back to top button