KeralaLatestThiruvananthapuram

പൊതു വിദ്യാലയങ്ങളിലേക്ക് ഒരു മടങ്ങിവരവ്..

“Manju”

സിന്ധുമോള്‍ ആര്‍

കിളിമാനൂര്‍: ഉപജില്ലയില്‍ സ്വകാര്യ സ്കൂളുകളില്‍ നിന്നും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നും പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്ക് വര്‍ദ്ധിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളില്‍ ഉണ്ടായ അക്കാഡമിക- ഭൗതിക വളര്‍ച്ചയാണ് അടിസ്ഥാന കാരണം.’

പൊതുവിദ്യാലയങ്ങളില്‍ പാഠപുസ്തകം, യൂണിഫോം, ഉച്ചഭക്ഷണമടക്കം സൗജന്യമായി ലഭിക്കുമ്പോള്‍ അണ്‍ എയ്ഡഡ് സ്കൂളുകളിലെ ഭീമമായ ട്യൂഷന്‍ ഫീസും, വാഹന ഫീസും, മറ്റു ഫീസുകളും അടക്കം ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് 25000 മുതല്‍ 60,000 രൂപ വരെ ഒരു വര്‍ഷം ചെലവ് വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷാവസാനം തന്നെ അടുത്ത വര്‍ഷത്തേക്കുള്ള ഫീസുകളുടെ ആദ്യഘഡു അടച്ച പല രക്ഷാകര്‍ത്താക്കളും ചെലവു കുറയ്ക്കലിന്റെ ഭാഗമായി കുട്ടികളെ പൊതു വിദ്യാലയത്തിലേക്ക് മാറ്റി ചേര്‍ത്തതായി പ്രധാനാദ്ധ്യാപകര്‍ പറയുന്നു. ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ആരംഭിച്ച ഇ-ലേണിംഗ് സമ്പ്രദായം ഒരുപാട് കുട്ടികളെ പൊതു വിദ്യാലയത്തിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്.

പൊതു വിദ്യാലയത്തിലെ അദ്ധ്യാപകരുടെ മേന്മകളും, മികച്ച പാഠ്യപദ്ധതിയും, വിനിമയ രീതിയും പൊതുസമൂഹത്തില്‍ ആകെ ചര്‍ച്ച ചെയ്യപ്പെട്ടു. പൊതുവിദ്യാലയങ്ങളില്‍ ഏകീകൃത പാഠ്യപദ്ധതി ആയതുകൊണ്ട് മാത്രമാണ് കേരളത്തില്‍ ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാനായത്. അസാമിലെ വീട്ടിലിരുന്ന് അബ്സാനയും സബ്ദാം മാലിക്കും വിക്ടേഴ്സിന്റെ ഫസ്റ്റ് ബെല്‍ പാഠങ്ങള്‍ പഠിക്കുന്നതും അദ്ധ്യാപിക ടിന്റുവിന്റെ ഇടപെടലും ഇതിനോടകം തന്നെ സമൂഹ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ സി.ബി.എസ്.ഇ സിലബസാണെങ്കിലും മാനേജ്മെന്റിന്റെ ഇഷ്ടാനുസരണം ഓരോ സ്കൂളിലും വ്യത്യസ്ത പബ്ലിക്കേഷന്റെ പാഠപുസ്തകങ്ങള്‍ പഠനത്തിനായി ഉപയോഗിക്കുന്നതുകൊണ്ടും ഏകീകൃത സ്വഭാവം ഇല്ലാത്തതിനാലും ഏകീകൃത ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇതുവരെ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് രക്ഷാകര്‍ത്താക്കള്‍ക്കിടയില്‍ സംശയങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ കണ്ടശേഷം ക്ലാസ് ഇഷ്ടപ്പെട്ട് പൊതുവിദ്യാലയത്തില്‍ അഡ്മിഷന്‍ നേടിയ നൂറിലധികം വിദ്യാര്‍ത്ഥികള്‍ ഉപജില്ലയില്‍ ഉണ്ടെന്ന് സമഗ്ര ശിക്ഷാ കേരളം ബ്ലോക്ക് പോജക്‌ട് കോ ഓര്‍ഡിനേറ്റര്‍ വൈശാഖ് .കെ.എസ് പറഞ്ഞു.

Related Articles

Back to top button