KeralaLatest

സമുദ്രോത്പന്ന ലഭ്യതയില്‍ കേരളത്തിന് 3-ാം സ്ഥാനം

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം മത്സ്യലഭ്യത ഉറപ്പാക്കിയ സംസ്ഥാനങ്ങളില്‍ മൂന്നാംസ്ഥാനം നിലനിറുത്തി കേരളം. 15.4 ശതമാനം ഇടിവോടെ 5.44 ലക്ഷം ടണ്ണായിരുന്നു കേരളത്തിന്റെ ഉത്‌പാദനമെങ്കിലും സ്ഥാനചലനം ഉണ്ടായില്ല. മത്തിയുടെയും അയലയുടെയും ലഭ്യത കുറഞ്ഞത് 2019ല്‍ കേരളത്തിന് തിരിച്ചടിയായി.

മത്തിയുടെ ലഭ്യത 2018ലെ 77,093 ടണ്ണില്‍ നിന്ന് 44,320 ടണ്ണായി കുറഞ്ഞുവെന്ന് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ (സി.എം.എഫ്.ആര്‍.ഐ) റിപ്പോര്‍ട്ട് വ്യക്തമാക്കി. 40,554 ടണ്‍ അയലയാണ് 2019ല്‍ കിട്ടിയത്; ഇടിവ് 50 ശതമാനം. 2012ല്‍ കേരളത്തില്‍ 3.9 ലക്ഷം ടണ്‍ മത്തി കിട്ടിയിരുന്നു. തുടര്‍ന്ന്, 2017ലൊഴികെ എല്ലാ വര്‍ഷവും കനത്ത ഇടിവാണ് ഉണ്ടായത്. സമുദ്ര മേഖലയിലെ പാരിസ്ഥിതിക മാറ്റങ്ങളാണ് തിരിച്ചടിയായത്.

ഗുജറാത്തിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി കഴിഞ്ഞവര്‍ഷം മത്സ്യലഭ്യതയില്‍ ഒന്നാംസ്ഥാനം തമിഴ്നാട് നേടി. 7.75 ലക്ഷം ടണ്ണാണ് തമിഴ്‌നാടിന്റെ ലഭ്യത. ഗുജറാത്തിന് 7.49 ലക്ഷം ടണ്‍.

ആഭ്യന്തര വിപണിയില്‍ വലിയ പ്രിയമില്ലാത്ത റെഡ് ടൂത്ത്ഡ് ട്രിഗര്‍ ഫിഷ് ആണ് കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം ലഭിച്ചത്; 2.74 ലക്ഷം ടണ്‍. മലയാളികള്‍ ഇതിനെ ചോപ്പുപല്ലന്‍, വാളന്‍കരട്ടി, ക്ളാത്തി എന്നൊക്കെയാണ് വിളിക്കുന്നത്.

Related Articles

Back to top button