IndiaLatest

തൂത്തുക്കുടി കസ്റ്റഡിമരണം എസ്.ഐ അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ ആര്‍

നാഗര്‍കോവില്‍: തൂത്തുക്കുടി കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് സാത്താന്‍കുളം എസ്.ഐ രഘുഗണേഷ് അറസ്റ്റില്‍. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേസന്വേഷിക്കുന്ന സി.ബി.സി.ഐ.ഡിയാണ് രഘുഗണേഷിനെ അറസ്റ്റ് ചെയ്തത്. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ബാലകൃഷ്ണന്‍, മുരുകന്‍, മുത്തുരാജ്, എന്നിവരെയടക്കം മറ്റ് ആറ് പൊലീസുകാരയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, തൂത്തുക്കുടി കസ്റ്റഡിമരണത്തില്‍ തമിഴ്നാട് ഡി.ജി.പിക്കും ജയില്‍ മേധാവിക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചു. അന്വേഷണ റിപ്പോര്‍ട്ട്,​ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്,​ ചികിത്സാ രേഖകള്‍, റിമാന്‍ഡ് റിപ്പോര്‍ട്ട് തുടങ്ങിയവ ഹാജരാക്കാനാണ് നിര്‍ദേശം. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തെക്കുറിച്ച്‌ പറയുന്നുണ്ടെന്നും ഹൈക്കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ തിരുനെല്‍വേലി ഐജിയോ സിബിസിഐഡിയോ അന്വേഷണം ഏറ്റെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച്‌ സി.ബി.സി.ഐ.ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം,​ കേസിലെ സുപ്രധാന തെളിവുകള്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്.സാത്താന്‍കുളം സ്വദേശിയായ തടി വ്യാപാരി പി. ജയരാജും മകന്‍ മൊബൈല്‍ കടയുടമ ഫെനിക്സും കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങി ഇക്കഴിഞ്ഞ 23നാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്.

തൂത്തുക്കുടി കസ്റ്റഡിമരണത്തില്‍ പൊലീസുകാര്‍ക്കെതിരെ നടന്‍ രജനീകാന്ത് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്നും രജനീകാന്ത് പറഞ്ഞു. ”അച്ഛനെയും മകനെയും ക്രൂരമായി കൊലപ്പെടുത്തിയതിനെ മനുഷ്യരാശി മുഴുവന്‍ അപലപിച്ചതിന് ശേഷവും, ചില പൊലീസുകാര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്ത രീതിയെക്കുറിച്ചറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. പ്രതികള്‍ക്ക് കഠിന ശിക്ഷ നല്‍കണം. അവര്‍ ഒരിക്കലും രക്ഷപ്പെടരുത്” അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

Related Articles

Back to top button