IndiaLatest

പുല്‍വാമ ഭീകരാക്രമണക്കേസിലെ ഒരു പ്രതി കൂടി പിടിയില്‍

“Manju”

ശ്രീജ.എസ്

പുല്‍വാമ ഭീകരാക്രമണത്തിലെ ഒരു പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. നാല്‍പ്പത് സി ആര്‍ പി എഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാന പങ്കുവഹിച്ച മുഹമ്മദ് ഉമര്‍ ഫറൂഖ് എന്ന പാകിസ്ഥാനിയായ ജയ്ഷ് എ മൊഹമ്മദ് ഭീകരനെ ഗതാഗതസൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്ത് സഹായിച്ചയാളാണ് അറസ്റ്റിലായത്. ജമ്മു കാശ്മീരിലെ ബുദ്‌ഗാമിലുള്ള മുഹമ്മദ് ഇഖ് ബാല്‍ റാഥര്‍ ആണ് അറസ്റ്റിലായത്.

തെക്കന്‍ കാശ്മീരില്‍ ജമ്മു വഴി നുഴഞ്ഞുകയറിയ മുഹമ്മദ് ഒമര്‍ ഫറൂഖിനെ ദേശീയപാത വഴി പുല്‍വാമയിലെത്തിച്ചത് മുഹമ്മദ് ഇഖ്ബാല്‍ റാഥര്‍ ആണ്. ഇയാള്‍ പുല്‍വാമ ഭീകരാക്രമണത്തിനു മുന്‍പും അതിനു ശേഷവും പാകിസ്ഥാനിലുള്ള ജയിഷ് എ മൊഹമ്മുദ് ആസ്ഥാനവുമായി സ്ഥിരമായി ബന്ധപ്പെട്ടിരിയ്ക്കുന്നുണ്ടായിരുന്നു എന്ന് എന്‍ ഐ എ അറിയിച്ചു.

ഇയാള്‍ മറ്റൊരു കേസില്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. പോലീസ് കസ്റ്റഡിയില്‍ നിന്ന് ഇയാളെ എന്‍ ഐ എ യ്ക്ക് ചോദ്യം ചെയ്യാനായി വിട്ടുനല്‍കിയിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് വയര്‍ലെസ്സ് വാര്‍ത്താവിനിമയ സംവിധാനങ്ങളും കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതുവരെ ആറുപേരെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ ഐ എ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2019 മാര്‍ച്ച്‌ 29നു സുരക്ഷാസൈനികരുമായി നടന്ന ഏറ്റുമുട്ടലില്‍ പ്രധാന പ്രതിയായ മുഹമ്മദ് ഉമര്‍ ഫറൂഖും കൂട്ടുപ്രതിയായ കം‌റാനും സുരക്ഷാസൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

Related Articles

Back to top button