IndiaInternationalLatest

മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ നിലപാട് മയപ്പെടുത്തി ചൈന

“Manju”

ശ്രീജ.എസ്

 

ബെയ്ജിംഗ്: അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വഷളാക്കിയേക്കാവുന്ന ഒരു പ്രവര്‍ത്തനത്തിലും ഒരു കക്ഷിയും ഏര്‍പ്പെടരുതെന്ന നിലപാടുമായി ചൈന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെയാണ് മറുപടിയുമായി ചൈനീസ് വിദേശകാര്യമന്ത്രാലയം രംഗത്ത് വന്നിരിക്കുന്നത്.
ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ സ്ഥിതിഗതികള്‍ തണുപ്പിക്കുന്നതിനുള്ള ആശയവിനിമയത്തിലും ചര്‍ച്ചകളിലുമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനം എടുത്ത് പറയാതെ ആയിരുന്നു ചൈനീസ് വക്താവിന്റെ പ്രതികരണം.

ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ലഡാക്കിലെത്തിയത്. ഉന്നത ഉദ്യോഗസ്ഥര്‍ മേഖലയിലെ സൈനിക വിന്യാസവും ചൈനയുമായുള്ള സൈനികതല ചര്‍ച്ചയുടെ പുരോഗതിയും പ്രധാനമന്ത്രിയെ അറിയിച്ചു. അതിര്‍ത്തി സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരേയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

ഇന്ത്യന്‍ സൈന്യത്തിന്റെ ദൃഢനിശ്ചയത്തെ ലോകത്താര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നായിരുന്നു അതിര്‍ത്തിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. രാജ്യത്തിന് മുഴുവന്‍ സൈന്യത്തിന്റെ കഴിവില്‍ പൂര്‍ണവിശ്വാസമുണ്ട്. രാജ്യം വീരജവാന്മാരുടെ കരങ്ങളില്‍ സുരക്ഷിതമാണ്. സ്വയംപര്യാപ്തമാകാനുള്ള രാജ്യത്തിന്റെ പരിശ്രമത്തിന് സൈന്യം മാതൃകയാണെന്നും പ്രധാനമന്ത്രി ലഡാക്കില്‍ സൈനികരെ അഭിസംബോധന ചെയ്‌തു കൊണ്ട് പറഞ്ഞു.

Related Articles

Back to top button